ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോല്‍സവം 11ന് ആരംഭിക്കും

January 5, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഭാരതീയ വിദ്യാനികേതന്റെ ഒമ്പതാമത് സംസ്ഥാനകലോത്സവം ജനുവരി 11,12,13 തീയതികളില്‍ പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ നടക്കും. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 500ല്‍പരം വിദ്യാലയങ്ങളില്‍നിന്നായി ജില്ലാതല മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 3500ല്‍പരം വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തില്‍ മാറ്റുരയ്ക്കുമെന്ന് സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍, ഡോ.സി.സുരേഷ്‌കുമാര്‍, ഉപദേശകസമിതി കണ്‍വീനര്‍ ടി.ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മത്സരത്തിനു മുന്നോടിയായി 11ന് ഉച്ചയ്ക്കുശേഷം 2.30ന് കുറുംകുട്ടിയില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയില്‍ 50000 വിദ്യാര്‍ത്ഥികളടക്കം 10,000ത്തോളം പേര്‍ പങ്കെടുക്കും. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷിക പരിപാടികളുടെ തുടക്കംകൂടിയാകുന്ന ഈ സാംസ്‌കാരിക ഘോഷയാത്ര സ്വാമിവിവേകാനന്ദന്റെ വേഷംധരിച്ച 150 കുട്ടികള്‍ നയിക്കും. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നിശ്ചല ദൃശ്യങ്ങള്‍, കേരളീയ കലാരൂപങ്ങള്‍, താളമേളങ്ങള്‍, ബാന്റ്, വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന കലാപ്രകടനങ്ങള്‍ എന്നിവ അകമ്പടി സേവിക്കും.

കലോത്സവത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കും. എ.ടി.ജോര്‍ജ്ജ് എം.എല്‍.എ അദ്ധ്യക്ഷതവഹിക്കും. സിനിമാനടന്‍ മധു, ആര്‍.സെല്‍വരാജ്, എം.എല്‍.എ മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, ആര്‍.എസ്.എസ്.ദക്ഷിണക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കരമന ജയന്‍, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുക്കുട്ടന്‍നായര്‍, വട്ടവിള വിജയന്‍, കൊല്ലിയോട് സത്യനേശന്‍, സ്ഥാണുപ്രസാദ് എന്നിവര്‍ പങ്കെടുക്കും.

പത്തുവേദികളിലായാണ് മത്സരം നടക്കുക. തനതുകലാരൂപങ്ങളായ അക്ഷരശ്ലോകം, കാവ്യകേളി, അഷ്ടപദി, തായമ്പക, കോല്‍കളി, യോഗ്ചാപ്, സമസ്യാപൂരണം തുടങ്ങിയവ കലോത്സവത്തിന്റെ പ്രത്യേകതയാണ്. 12ന് രാവിലെ നടക്കുന്ന വിവേകാനന്ദജയന്തി സമ്മേളനത്തില്‍ ഗ്രമാവികസന കമ്മിഷണര്‍ എം നന്ദകുമാര്‍, ആര്‍.എസ്.എസ്.അഖിലഭാരതീയ സഹപ്രമുഖ് ജെ.നന്ദകുമാര്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനസെക്രട്ടറി എന്‍.സി.ടി രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും.

പതിമൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ആര്‍ രവീന്ദ്രന്‍പിള്ള അദ്ധ്യക്ഷതവഹിക്കും. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. കേരള സാംസ്‌കാരികബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍ വിശിഷ്ടാതിഥിയായിരിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനസഹകാര്യദര്‍ശി കെ.മോഹന്‍കുമാര്‍, പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സരോജിനി, വി.അരുണ്‍, ഡി.വിജയകുമാര്‍ എന്നിവര്‍ സംസാരിക്കും. ഉപദേശ സമിതി കണ്‍വീനര്‍ ടി.ജയചന്ദ്രന്‍ സ്വാഗതംപറയും. കലോല്‍സവത്തിനായി എത്തിച്ചേരുന്ന ആറായിരത്തോളംപേരെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു. കലോത്സവത്തെ ഒരു നാടിന്റെ ആഘോഷമാക്കിമാറ്റാനുള്ള തീവ്രശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം