ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നു

January 6, 2013 ദേശീയം

അഹമ്മദാബാദ്: ഇന്ത്യയില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും സേവനത്തിനും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മേഖലയില്‍ ഗുണനിലവാരം ശക്തിപ്പെടുത്താനാണ് പുതിയ സംവിധാനം ആവിഷ്കരിക്കാന്‍ തീരുമാനിച്ചതെന്നും അത് ഏപ്രിലില്‍ നടപ്പില്‍വരുമെന്നും വാര്‍ത്താവിനിമയ വിവര സാങ്കേതിക വകുപ്പ് ജോയിന്റ് സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 15 ഇലക്ട്രോണിക് ഉത്പന്നങ്ങളായിരിക്കും പരിശോധനയ്ക്കു വിധേയമാക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡാര്‍ഡ്സില്‍ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിലായിരിക്കും പരിശോധന. ഏതൊക്കെ ഉത്പന്നങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നതെന്നു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ഇലക്ട്രോണിക് നയത്തിന്റെ അടിസ്ഥാനത്തിലാണ് നിലവാരവും സുരക്ഷിതത്വവും കുറഞ്ഞ ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നിലവാരം ആവിഷ്കരിക്കുന്നതിനും തീരുമാനിച്ചത്. ഇതിനായുള്ള ലാബോറട്ടറികള്‍ ഏപ്രില്‍ മാസത്തോടെ സ്ഥാപിക്കപ്പെടും. ഈ ലാബുകളില്‍ പരിശോധന കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉത്പന്നങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡാര്‍ഡ്സിന്റെ സ്റിക്കര്‍ പതിപ്പിക്കും. പിന്നീടായിരിക്കും വിപണിയിലിറക്കുക. ഇറക്കുമതിക്കാരും ഉത്പാദകരും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇപ്രകാരം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ബ്രാന്‍ഡില്ലാത്ത, വ്യാജ ഉത്പന്നങ്ങളെ ഇതിലൂടെ തടയാമെന്നു പ്രതീക്ഷിക്കുന്നതായി വകുപ്പു സെക്രട്ടറി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം