റോഡ്‌ അറ്റകുറ്റപ്പണി: പെര്‍ഫോമന്‍സ്‌ ഗാരന്റി നിര്‍ബന്ധമാക്കാന്‍ നടപടിയെന്തെന്ന്‌ കോടതി

November 3, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സംസ്‌ഥാനത്തെ റോഡുകളുടെ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കു ഗുണനിലവാരമുറപ്പാക്കാന്‍ കരാറുകാരില്‍ നിന്നു പെര്‍ഫോമന്‍സ്‌ ഗാരന്റി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നു ഹൈക്കോടതി റിപ്പോര്‍ട്ട്‌ തേടി. ഇക്കാര്യത്തില്‍ നയതീരുമാനമെടുത്ത്‌ മൂന്നുമാസത്തിനകം അറിയിക്കണമെന്നു 2008 ജനുവരി എട്ടിനു ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്‌തില്ലെന്നതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ഇതിനകം എടുത്ത നടപടികളെക്കുറിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ നല്‍കണം.
സബര്‍ബന്‍ ട്രാവല്‍സ്‌ ഉടമ സി. പി. അജിത്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്‌. റോഡുകളുടെ തരംതിരിവനുസരിച്ച്‌ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ കരാറുകാര്‍ റോഡ്‌ നിലവാരം ഉറപ്പാക്കാനും അറ്റകുറ്റപ്പണി ഏറ്റെടുക്കാനും ഗാരന്റി നല്‍കുന്ന തരത്തില്‍ വ്യവസ്‌ഥ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചു തീരുമാനമെടുക്കാനാണു നേരത്തെ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചത്‌.
ഓണത്തിനു ശേഷം അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ പോലും താറുമാറായി ഗതാഗത യോഗ്യമല്ലാത്ത സ്‌ഥിതിയിലാണെന്നു ഹര്‍ജിഭാഗത്ത്‌ അഡ്വ. ജെയ്‌ജു ബാബു ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണു പെര്‍ഫോമന്‍സ്‌ ഗാരന്റി വ്യവസ്‌ഥയെക്കുറിച്ചു പരാമര്‍ശമുണ്ടായത്‌. മൂന്നു വര്‍ഷത്തോളം കഴിഞ്ഞിട്ടും തീരുമാനം കോടതിയെ അറിയിക്കാത്ത സര്‍ക്കാര്‍ നിലപാടിനു ന്യായീകരണമില്ലെന്നു കോടതി കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം