തിരുവാഭരണ ഘോഷയാത്ര 12ന്

January 6, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്ക് 1 മണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ സന്നിധിയില്‍ നിന്ന് പുറപ്പെടും. എരുമേലി പേട്ടതുള്ളല്‍ 11ന് നടക്കും. വഴിനീളെ വിവിധ സ്ഥലങ്ങളിലെ ഭക്തിനിര്‍ഭരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 14ന് വൈകിട്ട് 5 മണിക്ക് ശരംകുത്തിയിലെത്തുന്ന ഘോഷയാത്ര ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. കൊടിമരച്ചുവട്ടിലെത്തുന്ന തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, ദേവസ്വം മെമ്പര്‍, ശബരിമല ചീഫ് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍, ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തെത്തിക്കും. തുടര്‍ന്ന് തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി സന്ധ്യാദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ജനുവരി 18ന് രാവിലെ 10 മണിവരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19ന് രാത്രി 10 മണി വരെ മാത്രമേ ദര്‍ശനം ഉണ്ടായിരിക്കൂ. 20ന് രാവിലെ ഏഴ് മണിക്ക് തിരുനട അടയ്ക്കുന്നതോടെ രണ്ടുമാസം നീണ്ടുനിന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാവും. 16 മുതല്‍ 19 വരെ പടിപൂജ ഉണ്ടായിരിക്കും. ഉദയാസ്തമന പൂജ ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം