കേരളം സമരങ്ങളുടെ കൊടും വേനലിലേക്ക്

January 7, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

കേരളത്തിന് ഇനി സമരകാലം. സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്ക് ആരംഭിച്ചതോടെ സമരങ്ങള്‍ക്ക് ഹരിശ്രീകുറിച്ചുകഴിഞ്ഞു. സ്വകാര്യ ബസ് സമരം കാരണംതന്നെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാന്‍തുടങ്ങി. നാളെമുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കാരംഭിക്കും. മാത്രമല്ല നാളെത്തന്നെ വൈദ്യുതിബോര്‍ഡിലെയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെയും ഒരുവിഭാഗം ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. ഇതോടെ കേരളം ഏറെക്കൂറേ സമര ചൂടില്‍ വെന്തെരിയുമെന്ന് ഉറപ്പാണ്. ജനജീവിതം സ്തംഭിച്ച് സര്‍വ്വമേഖലകളും താറുമാറാകാനാണ് സാദ്ധ്യത.

ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടും തങ്ങളുടെ വേതനം വര്‍ദ്ധിപ്പിച്ചില്ല എന്ന ആവശ്യം ഉന്നയിച്ചാണ് ഇന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കാരംഭിച്ചത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടക്കാത്തതാണ് സമരം തുടങ്ങാന്‍ കാരണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെയാണ് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകള്‍ സമരം തുടങ്ങുന്നത്. സര്‍ക്കാരുമായി ചര്‍ച്ചനടത്തിയിട്ടും പ്രശ്‌നപരിഹാരം സാദ്ധ്യമായില്ല. പങ്കാളിത്തപെന്‍ഷന്‍പദ്ധതിയുമായി മുമ്പോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

സി.അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ ഒരുമാസത്തിലേറെ നീണ്ട സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ്. ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോയി. സമരക്കാര്‍ ഏതുവരെ മുന്നോട്ടുപോകുമെന്ന് കാണട്ടെ എന്നഭാവവുമായി മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചു ചര്‍ച്ചയ്ക്കുപോലും ജീവനക്കാരെ ക്ഷണിച്ചില്ല. ഒടുവില്‍ ഒന്നുംനേടാതെ സമരം അവസാനിപ്പിക്കേണ്ടിവന്നു. ഒരുമാസത്തെ ജീവനക്കാരുടെ ശമ്പളയിനത്തിലുംമറ്റുമായുള്ള കോടിക്കണക്കിന് രൂപ ഖജനാവിന് മിച്ചമായതാണ് അന്നത്തെ സമരത്തിന്റെ നേട്ടം. ഈ പാതയിലേക്കാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ സമരത്തെ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടുന്നതെന്നാണ് പുറത്തുവന്നവിവരം. ഇപ്പോഴും ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജോലിക്കു ഹാജരായില്ലെങ്കില്‍ ശമ്പളമില്ലായെന്നര്‍ത്ഥം.

സമരം ജനങ്ങള്‍ക്കെതിരെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ന് ഇറങ്ങിയ പത്രങ്ങളിലെല്ലാം സര്‍ക്കാര്‍ പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുംവേണ്ടി റവന്യൂവിഭാഗത്തിന്റെ 80.6 ശതമാനമാണ് 2011-12 സാമ്പത്തികവര്‍ഷം ചെലവിട്ടതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് 23,536.68കോടി രൂപയാണ്. 10ലക്ഷം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമാണ് ഈ തുക ചെലവിടുന്നത്. അതേസമയം മൂന്നേകാല്‍കോടി വരുന്ന ജനങ്ങള്‍ക്കായി റവന്യൂ വരുമാനത്തിന്റെ 19.39ശതമാനം മാത്രമാണ് ചെലവിടാന്‍ കഴിയുന്നതെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ തുകയാണ് ഉല്പാദന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടുന്നതെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനംപ്രതിസന്ധിയിലേക്കു നീങ്ങുമെന്നും വികസനപ്രവര്‍ത്തനങ്ങളേയും ക്ഷേമപ്രവര്‍ത്തനങ്ങളേയും മാത്രമല്ല നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍പോലും മുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള ഒരൊറ്റ ജീവനക്കാരനെയും പങ്കാളിത്തപെന്‍ഷന്‍ ബാധിക്കുകയില്ലായെന്നും എന്നിട്ടും ജീവനക്കാരുടെമേല്‍ സമരം അടിച്ചേല്‍പ്പിക്കുയാണെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം. ഈവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിയമനം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. അതിനര്‍ത്ഥം ഇനിയും മുപ്പത്തിയേഴ്‌വര്‍ഷത്തോളം ഇപ്പോഴത്തെ നിലയില്‍ പെന്‍ഷന്‍ തുടരുമെന്നാണ്. ഇരുപത്തിയഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇതു നടപ്പാക്കികഴിഞ്ഞു. എന്നിട്ടും കേരളത്തില്‍മാത്രമാണ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്.

സമരത്തിന് ഇറങ്ങുന്നവര്‍ ഇതൊന്നും സമ്മതിച്ചുകൊടുക്കാന്‍ തയ്യാറല്ല. കേരളത്തിന്റെ സാമൂഹ്യഘടനയില്‍ ഇപ്പോഴത്തെ പെന്‍ഷന്‍പദ്ധതി വളരെ പ്രയോജനകരമായ പരിവര്‍ത്തനത്തിന് കാരണമായിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കാനാവില്ല. അതേസമയം വാര്‍ദ്ധക്യത്തില്‍ ഒരുരൂപയുടെപോലും വരുമാനമില്ലാതെ നരകിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തിലുണ്ട്. വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സാമൂഹ്യസുരക്ഷാപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. റവന്യൂവരുമാനത്തിന്റെ 80ശതമാനത്തോളം ശമ്പളത്തിനും പെന്‍ഷനുംവേണ്ടി ചെലവിടുമ്പോള്‍ സര്‍ക്കാരിന് ഇതിനൊന്നും കഴിയില്ല.

എല്ലാ മനുഷ്യര്‍ക്കും ജീവിക്കാന്‍ തുല്യ അവകാശമുള്ള ഒരു സമൂഹത്തില്‍ സര്‍ക്കാര്‍ ജീവനക്കാരാകാന്‍ കഴിഞ്ഞില്ല എന്നതിന്റെ പേരില്‍ വാര്‍ദ്ധക്യത്തിലെത്തുന്ന ഒരാളും പട്ടിണികിടക്കാനോ ചികിത്സയ്ക്ക് പണം ഇല്ലാതെ നട്ടംതിരിയുവാനോ ഇടയാകരുത്. ആ ഒരു അവസ്ഥയില്‍മാത്രമേ കേരളത്തിന്റെ സാമൂഹ്യ സുരക്ഷ പൂര്‍ണ്ണമായെന്ന് പറയാന്‍ കഴിയൂ. അതിന് സഹായകമാണ് പങ്കാളിത്തപെന്‍ഷന്‍പദ്ധതിയെങ്കില്‍ തീര്‍ച്ചയായും അത് അംഗീകരിക്കണം. മറിച്ച് ഇപ്പോഴത്തെ സാമൂഹ്യ സുരക്ഷപോലും അവതാളത്തിലാക്കാന്‍ പോകുന്നതാണ് ഈ പദ്ധതിയെങ്കില്‍ ഇപ്പോഴത്തെ നിലയില്‍ പെന്‍ഷന്‍ സമ്പ്രദായം തുടരുന്നതാണ് ഉത്തമം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍