സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക്

January 8, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കി. പലയിടത്തും ജനങ്ങള്‍ പെരുവഴിയിലായി. അതിനിടെ തെക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ വ്യാപക ആക്രമണം ഉണ്ടായി. കരുനാഗപ്പളളിയിലെ ഡിപ്പോയുടെ കീഴിലെ നാല് സ്ഥലങ്ങളിലെ ബസുകളുടെ കാറ്റഴിച്ചു വിട്ടു. ശാസ്താംകോട്ട, പാര്‍ഥസാരഥി ക്ഷേത്രം, തിരുവാറ്റ ക്ഷേത്രം, തെക്കുംഭാഗം എന്നീ സ്റോപ്പുകളില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബസുകളുടെ കാറ്റാണ് സമരാനുകൂലികള്‍ അഴിച്ചുവിട്ടത്. തിരുവനന്തപുരം കാട്ടാക്കട ചാരുപാറയില്‍ സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു. കിഴക്കേക്കോട്ടയില്‍ മൂന്നു ബസുകളുടെ ടയര്‍ കുത്തിക്കീറുകയും ഇരുപതോളം ബസുകളുടെ ബാറ്ററി കണഷനുകള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. വികാസ് ഭവന്‍ ഡിപ്പോയില്‍ ജോലിക്കെത്തിയ ഐഎന്‍ടിയുസി വിഭാഗത്തില്‍പ്പെട്ട കണ്ടക്ടര്‍ എസ്.സന്തോഷ്കുമാറിനെ മറുവിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ശമ്പളത്തിന്റെ അന്‍പത് ശതമാനം ഇടക്കാലാശ്വാസം നല്‍കുക. യാത്രക്കാരുടെ കയ്യേറ്റവും ആര്‍ടിഒ അധികാരികളുടെയും പോലീസിന്റെയും പീഡനം അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരിക, ജോലി സമയം ഏകീകരിക്കുക, ക്ഷേമനിധി അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമാക്കുക, ഡീസല്‍ ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗം തൊഴിലാളികള്‍ സമരം നടത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം