സ്ത്രീ സംരക്ഷണത്തിന് പുതിയ നിയമത്തിന്‍റെ കരട് തയാറായി

January 8, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സ്ത്രീകളെ ശല്യംചെയ്താല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരട് നിയമവകുപ്പ് വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ശല്യപ്പെടുത്തല്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയാല്‍ അതിനുത്തരവാദിക്ക് വധശിക്ഷ നല്‍കും. സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം തടവ് ശിക്ഷ നല്‍കാനുള്ള വ്യവസ്ഥയും ഈ നിയമത്തിലുണ്ട്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നതും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതും സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണക്കാക്കും. ഇത്തരത്തിലുള്ള ഏതെങ്കിലും സംഭവങ്ങളെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്താല്‍ സംഭവത്തില്‍ പങ്കാളികളായവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വാകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ബില്‍ 2013 എന്നു പേരിട്ടിരിക്കുന്ന നയമത്തില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ഏത് സ്ഥാപനത്തില്‍ വെച്ചാണോ ആ സ്ഥാപനത്തിന്റെ മേധാവിയാണ് പരാതി നല്‍കേണ്ടത്.

അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാനും വ്യവസ്ഥയുണ്ട്. കുറ്റകൃത്യം നടക്കുന്നത് വാഹനത്തിലാണെങ്കില്‍ വാഹനത്തിന്റെ അപ്പോഴത്തെ ചുമതലക്കാരന്‍ സ്ത്രീയെ ശല്യപ്പെടുത്തുന്നത് തടയണമെന്നും അല്ലാത്ത പക്ഷം പ്രേരണകുറ്റമായി കണക്കാക്കി ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ശല്യപ്പെടുത്തലിന് ഇരയാകുന്ന സ്ത്രിക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ എസ്എംഎസ് വഴിയോ പോലീസില്‍ പരാതി നല്‍കാം. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, സുഹൃത്തുക്കള്‍ എന്നിവര്‍ മുഖാന്തിരവും പരാതി നല്‍കാം. ഒരു സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയാല്‍ പരാതി എഴുതിയെടുക്കേണ്ടത് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. ഇ-മെയില്‍ എസ്എംഎസ് വഴി പരാതി ലഭിച്ചാല്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി പരാതി എഴുതിയെടുക്കണം. പരാതിക്കാരിയുടെ തിരിച്ചറിയല്‍ രേഖകള്‍ വെളിപ്പെടുത്താന്‍ പാടില്ല. പരാതിക്കാരിയെ കേസിന്റെ ആവശ്യത്തിനായി സ്റ്റേഷനില്‍ വിളിച്ചു വരുത്താന്‍ പാടില്ല. ഇങ്ങനെയുള്ള കേസുകളില്‍ രഹസ്യ വിചാരണയാകും നടത്തുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ മൊബൈല്‍ ഫോണും ക്യാമറയും ഉപയോഗിക്കുന്നത് തടയേണ്ടത് സ്ഥാപന നേതാവാണ്. അങ്ങനെ ചെയ്യാത്ത പക്ഷം സ്ഥാപന മേധാവിക്ക് ഒരു മാസം തടവ് ശിക്ഷ ലഭിക്കും. നിയന്ത്രണം വകവയ്ക്കാതെ ആരെങ്കിലും ക്യാമറയോ മൊബൈല്‍ ഫോണോ ഉപയോഗിച്ചാല്‍ മൂന്നു മാസം തടവ് ലഭിക്കും. സംസ്ഥാന നിയമ വകുപ്പ് തയ്യാറാക്കിയ ഈ കരട് ബില്ലിലെ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഉടന്‍ നിയമസഭ ചേരാത്തതിനാല്‍ ഇത് ഓര്‍ഡിനന്‍സ് വഴി നടപ്പാക്കാനാണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍