കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

January 10, 2013 കേരളം

തിരുവനന്തപുരം:  2012- ലെ ധീരതയ്ക്കുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്‍റെ ദേശീയ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ അര്‍ഹരായി. ആലപ്പുഴ കൈനകരിയിലെ മെബിന്‍ സിറിയക്ക്, കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ. രമിത്ത്,  തൃശ്ശൂര്‍ അവന്തൂര്‍ സ്വദേശി എം.വി. വിഷ്ണു എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്.

വള്ളത്തില്‍നിന്ന് പുഴയിലെ കയത്തില്‍ വീണ സ്വന്തം അധ്യാപകന്‍ ബൈജു തോമസിനെയാണ് മെബിന്‍ രക്ഷിച്ചത്. ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബോട്ടണി അധ്യാപകനാണ് ബൈജു. കൈനകരി കുന്നുതറ വീട്ടില്‍ സിറിയക്ക് തോമസിന്റെയും എലിസബത്തിന്റെയും മകനാണ് മെബിന്‍.
മട്ടന്നൂര്‍ കങ്ങിലാരി അപ്പോതപ്പാല്‍ വീട്ടില്‍ കെ. രഘൂത്തമന്റെയും രമാദേവിയുടെയും മകനാണ് തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ രമിത്ത്.
മാലൂര്‍ ഇടപ്പഴശ്ശി കക്കാട്ടുപറമ്പിലെ പഞ്ചായത്ത് കുളത്തില്‍ വീണ എം.വി. പദ്മിനി (55), രാജന്‍ (48), എന്നിവരെയാണ് രമിത്ത് രക്ഷപ്പെടുത്തിയത്.

തൃശൂര്‍ റെയില്‍വെസ്റ്റേഷനില്‍ റെയില്‍ പാളത്തില്‍ വീണ ചാലക്കുടി നിര്‍മ്മലാ കോളേജ് വിദ്യാര്‍ഥിനിയെയാണ് വിഷ്ണു രക്ഷിച്ചത്.

കേരള സംസ്ഥാന ശിശുക്ഷേമസമിതിയാണ് ഈ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ശുപാര്‍ശ ചെയ്തത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം