സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നാലാം ദിവസത്തില്‍

January 11, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം നാലാം ദിവസത്തില്‍. തിരുവനന്തപുരം പേരൂര്‍ക്കട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉപരോധിക്കാനെത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. സമരം ചെയ്യുന്ന ജീവനക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തുകയാണ്.

ജീവനക്കാരുമായി ധനമന്ത്രി കെ എം മാണി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കെ എം മാണി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ജീവനക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ നടപ്പാക്കുമെന്നും ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാല്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ചര്‍ച്ചക്കു ശേഷം കെ എം മാണി പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.

അതേസമയം സമരത്തില്‍ നിന്ന് പിന്മാറാന്‍ ബിജെപി അനുകൂല സംഘടനയായ ഫെറ്റോ തീരുമാനിച്ചു. ഫെറ്റോയുടെ കീഴിലുള്ള 15 സര്‍വ്വീസ് സംഘടനകളാണ് സമരത്തില്‍ നിന്നും പിന്മാറിയത്. മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുത്ത 65 പ്രധാന അധ്യാപകരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം സമരം ഏറ്റെടുക്കാനും വിജയിപ്പിക്കാന്‍ ഇടപെടാനും എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്‌ഐ അനിശ്ചിതകാല പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം