ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 8

January 11, 2013 സനാതനം

പണ്ഡിതരത്നം ഡോ. ചന്ദ്രശേഖരന്‍ നായര്‍

ഒരുവന്‍ മുതലയെ ചങ്ങാടത്തടിയാണെന്ന് കരുതി അതില്‍പ്പിടിച്ച് നദിയുടെ അക്കരെ എത്താന്‍ ശ്രമിക്കുന്നു.

ഗ്രാഹം ദാരുധീയ ധൃത്വാനദിം
തര്‍ത്ത സ ഇച്ഛതി

(വിവേകചൂഡാമണി .84)

ലൗകീക സുഖവും ആത്മജ്ഞാനവും ഒരുമിച്ചു അനുഭവിക്കാന്‍ ശ്രമിക്കുന്നവരുടെ ജീവിതത്തില്‍ പതിയിരിക്കുന്ന ആപത്താണ് ശ്രീശങ്കരന്‍ ഈ ദൃഷ്ടാന്തത്തിലൂടെ നമ്മെ ധരിപ്പിച്ചുതരുന്നത്. വേദാന്ത തത്ത്വം അനുസരിച്ച് വൈരാഗ്യത്തിനും (ഭോഗവസ്തുക്കളോടുള്ള വെറുപ്പ്) വിഷയവാസനയ്ക്കും (ഉപഭോഗവസ്തുക്കളോടുള്ള അധര്‍മ്മ്യമായ ആഗ്രഹം) ഒരേ കാലത്ത് ഒരു വ്യക്തിയില്‍ നിലനില്‍ക്കുകയില്ല. അതു തികച്ചും അസംഭാവ്യമാണ്. ഈ അപ്രായോഗികതയാണ് പ്രകൃതത്തിലുള്ള ദൃഷ്ടാന്തത്തിലൂടെ ശ്രീ ശങ്കരന്‍ വെളിവാക്കുന്നത്.

നശ്വരമായ ശരീരത്തെ പോഷിപ്പിച്ചുകൊണ്ട് ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുന്നത് ചങ്ങാടം എന്ന് കരുതി മുതലയെ ചുറ്റിപ്പിടിച്ചുകൊണ്ട് നദി കടക്കുന്നതുപോലെ എന്നാണ് അദ്ദേഹം പറയുന്നത്. യാദൃശ്ചികമായി തന്റെ പരിസരത്തെത്തുന്ന ഏതു ജീവിയെയും മുതല വായ്ക്കുള്ളില്‍ ആക്കും. അല്ലെങ്കില്‍ തന്ത്രപൂര്‍വ്വം ഇരയുടെ അടുത്തുചെന്ന് അതിനെ ഭക്ഷിക്കും. കാര്യം ഇപ്രകാരമാണ്. എന്നിരിക്കെ ആരെങ്കിലും സ്വയം ഒരു മുതലയുടെ അടുത്തുചെന്ന് അതിനെ കൈകൊണ്ട് ചുറ്റിപ്പിടിക്കുന്നു എന്നു കരുതുക. ശേഷം ഊഹിക്കാവുന്നതേയുള്ളൂ. മുതല പിടിച്ചുകഴിഞ്ഞാല്‍ മരണം സുനിശ്ചിതം. മുതലയുടെ ദംഷ്ട്രങ്ങള്‍ കൂര്‍ത്തതും ഉള്ളിലേക്ക് വളഞ്ഞതുമാണ്. ആ ദംഷ്ട്രങ്ങളില്‍ ഒരിക്കല്‍ കോര്‍ക്കപ്പെട്ടുപോയാല്‍ പിന്നെ രക്ഷയില്ലതന്നെ. രക്ഷപ്പെട്ടു പുറത്തേക്കുവരാനുള്ള ഇരയുടെ ശ്രമം മുതലയുടെ കൂര്‍ത്തുവളഞ്ഞ പല്ലുകളില്‍ കൂടുതല്‍ തറയ്ക്കാന്‍ ഇടവരുത്തുകയേ ഉള്ളൂ. ആ ദംഷ്ട്രങ്ങളില്‍ തറച്ചിരിക്കുന്നതില്‍നിന്നും മോചനത്തിനുള്ള ഏകമാര്‍ഗ്ഗം വിഴുങ്ങപ്പെടുന്നതിന് വഴങ്ങുകമാത്രമാണ്. എത്രമാത്രം ഭയനാകമാണ് ആ അവസ്ഥ. ഇതുപോലെ ലൗകീക സുഖത്തിലെ സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുന്ന ഒരുവന്‍ സംസാരസാഗരത്തില്‍ മുങ്ങിപ്പോകുകതന്നെ ചെയ്യും. ലൗകീകബന്ധങ്ങളില്‍ അയാളെ കാമക്രോധാദികള്‍ക്ക് ഇരയാക്കുകയും ചെയ്യും. ഈ തരത്തില്‍പ്പെട്ട ഒരു ലൗകീകകന് എങ്ങനെയാണ് ആത്യന്തികമായി ദുഃഖത്തില്‍നിന്നും മോചനമുണ്ടാകുക? അയാള്‍ എങ്ങനെയാണ് മറ്റുള്ളവരെ അതിലേക്ക് നയിക്കുക? അതിനുള്ള അയാളുടെ ശ്രമം മുതലയെ കെട്ടിപ്പിടിച്ചുകൊണ്ട് നദികടക്കാന്‍ ശ്രമിക്കുന്നതുപോലെതന്നെ. അതുകൊണ്ട് സംസാരസാഗരം കടക്കാന്‍ (അല്ലെങ്കില്‍ ലൗകീകസുഖം ഇല്ലാതാക്കാന്‍) ആഗ്രഹിക്കുന്ന ഒരുവന്‍ ഇവിടെ മുതലയ്ക്ക് സമാനമായ കാമം, ക്രോധം, മദം, മത്സരം തുടങ്ങിയവയുടെ വലയത്തില്‍പ്പെടരുത്. മുതല അതിന്റെ കരവലയത്തില്‍ കിട്ടിയതിനെ വിഴുങ്ങിക്കളയുന്നതുപോലെ (ഈ കാമമോഹമദാദികള്‍) ഒരു ലൗകീകകനെ വിഴുങ്ങിക്കളയുകതന്നെ ചെയ്യും. ആകയാല്‍ ലൗകീക സുഖഭോഗങ്ങളിലുള്ള അന്തമായ അഭിനിവേശം അത്യാപത്തുതന്നെയാണ്. എന്നാണ് ശ്രീശങ്കരന്‍ ഇവിടെ വ്യക്തമാക്കുന്നത്.

ഈ ഉദാഹരണത്തില്‍ മോക്ഷത്തിനുവേണ്ടിയുള്ള ആഗ്രഹവും ലോകത്തിലുള്ള സുഖഭോഗങ്ങളോടുള്ള ആര്‍ത്തിയും വിരുദ്ധസ്വഭാവമുള്ളവയാണെന്ന് എടുത്തുകാട്ടുന്നുണ്ട്. അവയുടെ ഫലവും മാങ്ങയും ചാട്ടങ്ങയും കടിച്ചതുപോലെ തികച്ചും ഭിന്നംതന്നെ. മാങ്ങ ഭക്ഷ്യവും അതുപോലെ ഇരിക്കുന്ന ചാട്ടങ്ങ (ഒതളങ്ങ) വിഷവുമാണ്. അതുകൊണ്ട് സംസാരസാഗരത്തില്‍നിന്നും മോചനം ആഗ്രഹിക്കുന്നവന്‍ തികഞ്ഞ വൈരാഗ്യത്തോടുകൂടി (സുഖഭോഗങ്ങളോടുള്ള വെറുപ്പോടുകൂടി) ബ്രഹ്മജ്ഞാനത്തിന് ശ്രമിക്കുകതന്നെ വേണം. പുറമേ സന്യാസിഭാവവും ഉള്ളില്‍ കാമമോഹാദികളും വച്ചുപുലര്‍ത്തുന്നവരെ പതിയിരിക്കുന്ന അത്യാപത്തുകൂടി ശ്രീശങ്കരന്‍ ഈ ദൃഷ്ടാന്തത്തിലൂടെ വെളിവാക്കുന്നു. കാമം, ക്രോധം, മദം, മോഹം തുടങ്ങിയവകൊണ്ട് ബന്ധുമിത്രാദികള്‍ക്കും നാട്ടുകാര്‍ക്കും അനവരദം ഉപദ്രവങ്ങള്‍ ചെയ്യുകയും ആശ്രമങ്ങളിലോ അമ്പലങ്ങളിലോ പള്ളികളിലോ പോയി സാത്വികഭാവം കാണിക്കുകയും ചെയ്യുന്നവരുടെ കള്ളത്തരം ഈ ദൃഷ്ടാന്തത്തില്‍ പ്രതിബിംബിക്കുന്നുണ്ട്.

സാമൂഹ്യനന്മയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരെന്ന് ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിച്ചിട്ട് ലൗകീകമായ കാമദിമോഹങ്ങള്‍ വച്ചുപുലര്‍ത്തുന്ന കപടപുരോഹിതന്മാര്‍ അപൂര്‍വ്വമാണെങ്കിലും ഇതിലുള്ളതുപോലെ ശ്രീശങ്കരന്റെ കാലത്തും ഉണ്ടായിരുന്നിരിക്കാം. അവരെ വൈകാതെ ജനം തിരിച്ചറിയുമെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്ന കാമം, മോഹം തുടങ്ങിയവതന്നെ അവരെ ഹനിച്ചുകൊള്ളുമെന്നുമാണ് ശ്രീശങ്കരന്‍ ഈ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം