മകരവിളക്ക് – ശുദ്ധിക്രിയകള്‍ ഇന്ന് ആരംഭിക്കും

January 12, 2013 കേരളം

ശബരിമല: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നാരംഭിക്കും. വൈകിട്ട് പ്രാസാദ ശുദ്ധിക്രിയയും 13ന് ബിംബശുദ്ധിക്രിയയും നടക്കും. ഗണപതിപൂജ, പ്രാസാദശുദ്ധിപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തുബലി, വാസ്തുഹോമം, വാസ്തുപുണ്യാഹം, രക്ഷാകലശം എന്നിവ പ്രാസാദശുദ്ധിപൂജയുടെ ഭാഗമായി നടക്കും. ബിംബശുദ്ധിക്രിയകളുടെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം എന്നിവ നടക്കും. 14-ാം തീയതി രാവിലെ ആറ് മണി അമ്പത്താറ് മിനിട്ടിനാണ് സംക്രമം. ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് രവി സംക്രമിക്കുന്ന സമയമാണ് മകരസംക്രമം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേകദൂതന്‍ വഴി കൊടുത്തുവിടുന്ന നെയ്‌ത്തേങ്ങയിലെ നെയ്യാണ് മകരസംക്രമപൂജയ്ക്ക് അയ്യപ്പസ്വാമിയെ അഭിഷേകം ചെയ്യുന്നത്. അന്ന് വൈകിട്ട് പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ചേരുന്ന തിരുവാഭരണം ചാര്‍ത്തി ദീപാരാധന ഉണ്ടായിരിക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിയും. ഈ ദിവ്യജോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന്  തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.
മകരവിളക്കിന് എത്തുന്ന ഭക്തന്മാര്‍ കഴിയുന്നതും ആത്മസംയമനം പാലിച്ച് തിക്കും തിരക്കും കൂട്ടാതെ മറ്റുള്ളവരുടെ സൗകര്യം കൂടി പരിഗണിച്ച്  അയ്യപ്പചിന്തയോടുകൂടി ദര്‍ശനം നടത്തേണ്ടതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയുടെ പരിപാവനതയും ശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടത് ഓരോ തീര്‍ത്ഥാടകന്റെയും കടമയാണ്. ഇവിടെ മാലിന്യങ്ങളൊന്നും നിക്ഷേപിക്കാതെ തികച്ചും അച്ചടക്കത്തോടുകൂടി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കേണ്ടതാണ്.
മകരവിളക്ക് കഴിഞ്ഞുപോകുമ്പോഴുള്ള തിക്കും തിരക്കും ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മകരവിളക്കിനോടനുബന്ധിച്ച് ഉണ്ടാവുന്ന തീര്‍ത്ഥാടനപ്രവാഹത്തെ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് എത്തുന്ന ഓരോ അയ്യപ്പഭക്തനും തീര്‍ത്ഥാടനം ഭംഗിയാക്കുവാനായി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് തന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം