യോഗാഭ്യാസ പാഠങ്ങള്‍ – 8

January 13, 2013 സനാതനം

യോഗാചാര്യന്‍ എന്‍.വിജയരാഘവന്‍

ചികിത്സാരംഗത്തെ യോഗ

യോഗയുടെ രോഗനിവാരണ ശക്തിയെക്കുറിച്ച് മനസ്സിലാക്കിയ പല രാജ്യങ്ങളിലും ഔഷധസേവയോടൊപ്പമോ അല്ലാതെയോ രോഗികള്‍ക്ക് യോഗപരിശീലനം നല്‍കിവരുന്നുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് വിദേശരാജ്യങ്ങളാണ്. ഭാരതീയരെക്കാളും യോഗയുടെ മഹത്വം മനസ്സിലാക്കിയത് അവരാണല്ലോ. യോഗ പഠിക്കുക എന്നുപറഞ്ഞാല്‍ മഹാഭാഗ്യമായി കരുതുന്നവരാണ് വിദേശീയര്‍. അതേസമയം യോഗയുടെ ജന്മനാടായ ഭാരതീയര്‍ക്ക് ഒരു വ്യായാമം എന്നതില്‍കവിഞ്ഞ പ്രാധാന്യം യോഗയില്‍ ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടില്‍ യോഗ പഠിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും കുടവയറ് കുറയ്ക്കാനോ തടികുറയ്ക്കാനോ വേണ്ടിയായിരിക്കും. ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കാനുതകുന്ന മഹത്തായ ജീവിതരീതിക്കു കൂടിയാണിതെന്ന് മനസ്സിലാക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. കാരണം അത്തരമൊരു ബോധവത്കരണ പരിപാടി ഇതുവരെ നമ്മുടെ നാട്ടില്‍ ആരോഗ്യരംഗത്തുണ്ടായിട്ടില്ല. യോഗ ചികിത്സിക്കാനെത്തുന്നവരില്‍ ഭൂരിഭാഗംപേരും മാനസികമായി ക്ലേശിക്കുന്നവരാണ് രോഗത്തെക്കുറിച്ച് അനാവശ്യമായ ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവരും ഇതിലുള്‍പ്പെടും. ഇവരിലെല്ലാം യോഗ പരിശീലിക്കുന്നതോടെ മനസ്സ് ശുദ്ധീകരിക്കപ്പെടുന്നു. തല്‍ഫലമായി രോഗഭീതിയില്‍നിന്ന് മോചനം ലഭിക്കുന്നതോടൊപ്പം ആത്മവിശ്വാസം വളര്‍ത്താനും ഇതുമൂലം സാധിക്കുന്നു. ഇതിന്റെഫലമായി രോഗത്തെ ചെറുത്തുനിര്‍ത്താനുള്ള ശക്തിയും മനസ്സിന് ലഭിക്കുന്നു. ഇതാണ് രോഗം ഭേദപ്പെടുന്നതിനിനുള്ള ഘടകങ്ങളില്‍ പ്രധാനമായുള്ളത്. പലതരത്തിലുള്ള ചികിത്സകളും ചെയ്ത് ഫലം കാണാതെ വരുന്ന രോഗികളെ യോഗാസനം പഠിപ്പിക്കാന്‍ അയക്കുന്ന പതിവ് പല ആശുപത്രികളിലും സ്വീകരിച്ചുവരുന്നത്. വൈദ്യ ശാസ്ത്ര രംഗത്തുള്ളവര്‍ വിശദമായ പഠനത്തിനുശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

പണ്ടുകാലത്ത് രോഗത്തെ രണ്ടുതരമായി തിരിച്ചിരുന്നു. ആധിയും, വ്യാധിയും. ബാഹ്യകാരണങ്ങളാല്‍ ഉണ്ടാകുന്നത് വ്യാധി ആധി എന്നാല്‍ മനസ്സുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇത്തരം അസുഖങ്ങള്‍ക്ക് യോഗ വളരെ ഫലവത്തായി കാണുന്നു. പക്ഷെ നമ്മുടെ നാട്ടില്‍ ഇത് വിശ്വസിക്കുന്നത് ചുരുക്കം.

ഓരോ വ്യാധിയും ഓരോ വിധമായിട്ടാണ് മനുഷ്യരില്‍ കാണുന്നത്. ഒരു വ്യാധിക്ക് തന്നെ പല കാരണങ്ങളും കാണും. അങ്ങനെ വരുമ്പോള്‍ അവയെ ശരിക്കും മനസ്സിലാക്കണം. പ്രായവ്യത്യാസവും കണക്കിലെടുക്കണം. അതിനനുസരിച്ചുള്ള യോഗാസനങ്ങള്‍ കണ്ടെത്തുകയും വേണം. കുട്ടികള്‍ ചെയ്യുന്ന പല ആസനങ്ങളും മുതിര്‍ന്നവര്‍ക്ക് ചെയ്യാന്‍ സാധിക്കുകയില്ല. യോഗ പരിശീലിപ്പിക്കുന്ന ഗുരുനാഥന്‍മാര്‍ രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴേ രോഗത്തെ പരിപൂര്‍ണമായി ഭേദപ്പെടുത്താനാവൂ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം