സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

January 14, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അഞ്ച് ദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മന്ത്രി കെ എം മാണിയുമായും സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമ്പോള്‍ മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കുറഞ്ഞസേവന കാലയളവും കുറഞ്ഞ വേതനവുമുള്ള ജീവനക്കാരെ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. പങ്കാളിത്ത പദ്ധതി നടപ്പാക്കിയ ശേഷം എന്തെങ്കിലും പരാതി ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സമിതി രൂപീകരിക്കും. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്നും പെന്‍ഷന്‍ ഫണ്ട് ട്രെഷറിയില്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സമരത്തിന്റെ ഭാഗമായി എടുത്ത കേസുകളില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ പിന്‍വലിക്കില്ലെന്നും ഡയസ്‌നോണിന്റെ ഭാഗമായി പിടിച്ച ശമ്പളം തിരികെ നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതേസമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കരുതെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും എന്നാല്‍ എട്ടാം തീയതി ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

സമരം പിന്‍വലിച്ചതോടെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവുമായി സംബന്ധിച്ച ആശങ്കകള്‍ ഒഴിവായി. പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും ഉള്‍പ്പെടെ ഉണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കുപുറമെ മന്ത്രി കെ എം മാണി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള വഴി തുറന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം