ശബരിമല മകരവിളക്ക് ഇന്ന് ; മകരവിളക്കിനായി സന്നിധാനം ഒരുങ്ങി

January 14, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ശബരിമല: ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനായി സന്നിധാനം ഒരുങ്ങി. മകരവിളക്കിലെ തിരക്ക് നിയന്ത്രിക്കാന്‍ പുല്ലുമേട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ 1600 ഓളം പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചു.

2011ല്‍ 102 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ശേഷം കഴിഞ്ഞ വര്‍ഷം പുല്ലുമേട്ടല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി പിഴവില്ലാത്ത സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍. പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വിഭാഗം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ദുരന്തമുണ്ടായ പുല്ലുമേട്ടിലേക്ക് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ കടത്തി വിടില്ല.

കുമളിയില്‍ കോഴിക്കാനത്തേക്ക് കെഎസ്ആര്‍ടിസിയുടെ 43 ബസ്സുകള്‍ സര്‍വ്വീസ് നടത്തും. പുല്ലുമേട്ടല്‍ മകരവിളക്ക് ദര്‍ശിക്കുന്നതിനായി ബാരിക്കേഡുകളും ഒരുക്കിയിട്ടുണ്ട്. വെളിച്ചക്കുറവായിരുന്നു 2011ലെ ദുരന്തത്തിന് ആക്കം കൂട്ടിയത്. ഇത് പരിഗണിച്ച് കോഴിക്കാനം മുതല്‍ പുല്ലുപാറ വരെയും ഉപ്പുപാറ റോഡിയും വെളിച്ചത്തിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 45 അസ്‌കാ ലൈറ്റുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ദുരന്തമുണ്ടായ 2011ല്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ പുല്ലുമേട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 5000 ഓളം ഭക്തര്‍ മാത്രമാണ് മകരവിളക്ക് ദര്‍ശിക്കാന്‍ ഇവിടെയെത്തിയത്. ഈ വര്‍ഷം കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇതുകൂടാതെ മകരവിളക്ക് ദൃശ്യമാകുന്ന പരുന്തും പാറ, പമ്പാടി മേട് എന്നിവിടങ്ങളിലും കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് കരുതുന്നത്. ഇവിടങ്ങളിലും മകരവിളക്ക് ദര്‍ശിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1600 ഓളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം