നിയന്ത്രണരേഖയിലെ സംഘര്‍ഷം: ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളെ കണ്ടു

January 15, 2013 ദേശീയം

ന്യൂഡല്‍ഹി: കാശ്മീരില്‍ നിയന്ത്രണരേഖയിലെ സംഘര്‍ഷ സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയുമായാണ് ശിവശങ്കര്‍ മേനോന്‍ കൂടിക്കാഴ്ച നടത്തിയത്. രാവിലെ സുഷമാ സ്വരാജിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിയും ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ശിവശങ്കര്‍ മേനോന്‍ ഇരുവരോടും വിശദീകരിച്ചു. ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച 60 മിനിറ്റോളം നീണ്ടുനിന്നു. സംഘര്‍ഷസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനിക കമാന്‍ഡര്‍മാര്‍ ഫ്ളാഗ് മീറ്റിംഗ് ചേര്‍ന്നെങ്കിലും ഇതില്‍ പൂര്‍ണതൃപ്തിയില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം