മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

November 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വ്യാജലോട്ടറി വിറ്റ കേസില്‍ മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ ഉടമ സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഫോര്‍ട്ട്‌ പോലീസിന്‌ നിര്‍ദേശം നല്‍കി. തിരുവനന്തപുരം സ്വദേശി ഇസ്‌ഹാക്ക്‌ എന്നയാള്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ്‌ കോടതിയുടെ നടപടി. മാര്‍ട്ടിന്റെ ഏജന്‍സി വില്‍പ്പന നടത്തിയ വ്യാജലോട്ടറി ടിക്കറ്റുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സംസ്ഥാനത്തുടനീളം ശരിയായ രേഖകളില്ലാതെ ലോട്ടറി വില്‍പ്പന നടത്തുന്ന മേഘ ഏജന്‍സിക്കും മാര്‍ട്ടിനുമെതിരെ ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാജ ലോട്ടറി വിറ്റുവെന്ന പേരില്‍ കേസെടുക്കുന്നത്‌ ആദ്യമായാണ്‌.
വ്യാജലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ മടികാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‌ തിരിച്ചടിയാണ്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവ്‌. അതേസമയം, ധനകാര്യ വകുപ്പിന്റെ നിലപാടിനു വിരുദ്ധമായി ലോട്ടറിക്കേസില്‍ മുഖ്യമന്ത്രി നേരിട്ടു നടത്തുന്ന നിയമ നടപടികള്‍ക്കു ബലം നല്‍കുന്നതുമാണ്‌ കോടതിയുടെ നിര്‍ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം