മികച്ച ഹോട്ടലുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും

January 15, 2013 കേരളം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമായി പാലിക്കുകയും പൂര്‍ണ ശുചിത്വത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഹോട്ടലുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഭക്ഷ്യോത്പാദകര്‍ക്കും വില്‍പ്പനക്കാര്‍ക്കുമുള്ള ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരി- വ്യവസായി സമൂഹം നേരിടുന്ന ഏതു പ്രശ്നവും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യോത്പാദകര്‍ക്കും വിതരണക്കാര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടൊപ്പം കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും ലൈസന്‍സ് നല്‍കും. സംസ്ഥാനത്ത് പുതുതായി അനലറ്റിക്കല്‍ ലാബ് തുടങ്ങുന്നതിന് രണ്ടരലക്ഷം രൂപ നീക്കിവച്ചതായും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം പുതുതായി 57 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

12 ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് 2000 രൂപ മുതലാണ് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് നല്‍കും. ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട് ഓഫീസ് പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നീക്കുന്നതിനും ഫെബ്രുവരി നാലിന് മുമ്പ് പൂര്‍ത്തീകരിക്കാനുമാണ് ലൈസന്‍സ് മേളയും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സ്ഥാപന ഉടമകള്‍ക്കുള്ള ലൈസന്‍സ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ അധ്യക്ഷനായിരുന്നു. ഭക്ഷ്യോത്പാദകര്‍ക്കും വിതരണക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമുള്ള സെമിനാര്‍ അവബോധന ക്ളാസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം