സാന്ത്വന പരിചരണ യൂണിറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലും – മന്ത്രി വി.എസ്. ശിവകുമാര്‍

January 15, 2013 കേരളം

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും സാന്ത്വന പരിചരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കേരള പാലിയേറ്റീവ് കെയര്‍ ദിനാചരണ സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സാന്ത്വന പരിചരണ മേഖലയില്‍ നടത്തിവരുന്നത് ഇതോടൊപ്പം താലൂക്ക് ആശുപത്രികളിലും പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദീര്‍ഘകാലമായി മാരകരോഗങ്ങള്‍ക്കടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും, ദീര്‍ഘകാല പരിചരണം നല്‍കുന്നതിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്.

സാന്ത്വന പരിചരണമേഖലയില്‍ ആരോഗ്യ കേരളത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സന്നദ്ധസംഘടനകളും സാന്ത്വന പരിചരണമേഖലയില്‍ ശ്രദ്ധചെലുത്തി മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗികളെ ചികിത്സിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും അവരുടെ സേവനം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗീസഹായ കൈപ്പുസ്തക പ്രകാശനവും രോഗികള്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ അധ്യക്ഷയായ ചടങ്ങില്‍ എന്‍.ആര്‍.എച്ച്.എം. ഡി.പി.എം ഡോ. ബി. ഉണ്ണികൃഷ്ണന്‍, ഡി.എം.ഒ. ഡോ. റ്റി. പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം