മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഒബാമയുടെ ചടങ്ങില്‍ പങ്കെടുക്കില്ല

November 6, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ മുംബൈ താജ്‌ ഹോട്ടലിലെ ചടങ്ങില്‍ നിന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനും സര്‍ക്കാര്‍ പ്രതിനിധികളും വിട്ടുനില്‍ക്കും. ചടങ്ങിലേക്ക്‌ മുഖ്യമന്ത്രിയടക്കമുള്ളവരെ അപക്വമായ രീതിയില്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ചടങ്ങ്‌ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
ഒബാമ പങ്കെടുക്കുന്ന, താജ്‌ ഹോട്ടലില്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്‌മരിക്കുന്ന ചടങ്ങാണ്‌ വിവാദത്തിന്‌ ആധാരം. ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ക്ഷണിച്ചുകൊണ്ട്‌ അയച്ച കത്തിനൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകള്‍, ജനനതിയതി, പാസ്‌പോര്‍ട്ട്‌ നമ്പര്‍, പാന്‍ നമ്പര്‍ തുടങ്ങിയവയുടെ രേഖകളും കോണ്‍സുലേറ്റില്‍ നല്‍കണമെന്ന അമേരിക്കന്‍ അധികൃതരുടെ നിര്‍ദേശമാണ്‌ വിവാദമായത്‌.
ക്ഷണക്കത്തിലെ അനൗചിത്യം മഹാരാഷ്‌ട്ര സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. ഒബാമയ്‌ക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കത്ത്‌ തയാറാക്കിയതെന്നായിരുന്നു കോണ്‍സുലേറ്റിന്റെ വിശദീകരണം. ഇതേത്തുടര്‍ന്ന്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി തീരുമാനിച്ചു. എങ്കിലും മുഖ്യമന്ത്രിയും മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍തന്നെയാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അതേസമയം, മുംബൈയില്‍ എത്തിച്ചേരുന്ന ഒബാമയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചവാന്‍ എത്തിച്ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം