റെഡ് റിബണ്‍ എക്സ്പ്രസ് പര്യടനം – കേരളത്തിന് അവാര്‍ഡ്

January 16, 2013 കേരളം

തിരുവനന്തപുരം: എച്ച്.ഐ.വി. എയ്ഡ്സ് ബോധവത്ക്കരണാര്‍ത്ഥം സംഘടിപ്പിച്ച ഏറ്റവും ബൃഹത്തായ പരിപാടിയായ റെഡ് റിബണ്‍ എക്സ്പ്രസ് പര്യടനം മികച്ചരീതിയില്‍ സംഘടിപ്പിച്ച സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് ലഭിച്ചു. 2012 ജനുവരി 12-ന് ന്യൂഡല്‍ഹിയില്‍ നിന്നും ആരംഭിച്ച റെഡ് റിബണ്‍ എക്സ്പ്രസ്സിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന പര്യടനം അവസാനിച്ച 2013 ജനുവരി 12-ന് സഫ്ദര്‍ജങ് റെയില്‍വേസ്റേഷനില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഗുലാംനബി ആസാദില്‍ നിന്നും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ജി. സുനില്‍ കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഏപ്രില്‍ 23 മുതല്‍ മെയ് അഞ്ച് വരെ കേരളത്തിലെ എട്ട് റെയില്‍വേ സ്റേഷനുകളില്‍ റെഡ് റിബണ്‍ എക്സ്പ്രസ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. എട്ട് കോച്ചുകളുള്ള റെഡ് റിബണ്‍ എക്സ്പ്രസ് ട്രെയിനില്‍ ഒന്നുമുതല്‍ നാല് വരെയുള്ള കോച്ചുകളില്‍ പ്രദര്‍ശനവും അഞ്ചാമത്തെ കോച്ചില്‍ പരിശീലനവും ആറാമത്തെ കോച്ചില്‍ കൌണ്‍സിലിങ്ങും എച്ച്.ഐ.വി. പരിശോധനയും സജ്ജീകരിച്ചിരുന്നു. കേരളത്തില്‍ 1,37,590 ആളുകള്‍ ഈ പ്രദര്‍ശനം കാണുകയും 70 ബാച്ചുകളിലായി 3932 വ്യുക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. 1665 പേര്‍ക്ക് കൌണ്‍സിലിങ്ങും, 226 പേര്‍ക്ക് ലൈംഗികരോഗ നിര്‍ണ്ണയവും, 1602 എച്ച്.ഐ.വി. പരിശോധനയും റെഡ് റിബണ്‍ എക്സ്പ്രസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം