വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി ഐസ്ആര്‍ഒയില്‍ അതിക്രമിച്ചു കയറിയ ആള്‍ പിടിയില്‍

January 17, 2013 പ്രധാന വാര്‍ത്തകള്‍

തിരുനല്‍വേലി(തമിഴ്നാട്): വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി ഐസ്ആര്‍ഒയിലെ അതീവ സുരക്ഷ മേഖലയില്‍ പ്രവേശിച്ച ആള്‍ പിടിയിലായി. ക്രയോജനിക് എഞ്ചിനുകള്‍ പരിശോധിക്കുന്ന കേന്ദ്രത്തിലാണ് ഇയാള്‍ എത്തിയത്. സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒയിലെ പ്രത്യേക സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് അകത്തുകടക്കുന്നതിന് സഹായം നല്‍കിയ രണ്ടുപേരേയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. തിരുന്നല്‍വേലിക്ക് സമീപമുള്ള മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലാണ് സംഭവം. ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനായ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവ് ജയസിംഗ് (52) ആണ് അതീവസുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നതെന്ന് പോലീസ് പറഞ്ഞു.

ഐഎസ്ആര്‍ഒയിലെ കോണ്‍ട്രാക്റ്ററായ ദിരവിയമാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കൃഷ്ണകുമാറിന് കൈമാറിയത്. ഇരുവരേയും പോലീസ് കസ്റഡിയിലെടുത്തു. ഒമാന്‍ സര്‍ക്കാര്‍ ജീവനക്കാരനായ പ്രതി ക്രയോജനിക് എഞ്ചിനുകളുടെ പ്രവര്‍ത്തനം കാണുന്നതിനാണ് അകത്തു കടന്നതെന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു. ലിക്വഡ് പ്രൊപ്പല്‍ഷന്‍ പരിശോധന കേന്ദ്രത്തിലും ജയസിംഗ് എത്തിയിരുന്നു. അതിക്രമിച്ചു കടക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അറസ്റ് ഇവരെ ചെയ്തിരിക്കുന്നത്. നാലുമാസങ്ങള്‍ക്ക് മുന്‍പ് സമാന രീതിയിലുള്ള സംഭവം ഐസ്ആര്‍ഒയുടെ ബാംഗളൂര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍