കോഴിക്കോട് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ പിടികൂടി

January 17, 2013 കേരളം

കൊച്ചി: കോഴിക്കോട് ചാലിയത്ത് മത്സ്യബന്ധനത്തിനു പോയ ചെറുവള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ പിടികൂടി. കൊച്ചി തുറമുഖത്തു നിന്നും ആറു നോട്ടിക്കല്‍ മൈല്‍ ദൂരത്തു നിന്നുമാണ് കപ്പല്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള എം.വി ഇസുമോ എന്ന ചരക്കു കപ്പലാണ് പിടികൂടിയത്. അപകടത്തില്‍ ചെറുവള്ളം പൂര്‍ണ്ണമായും തകരുകയും മൂന്നു പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളത്തില്‍ കപ്പല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. തോണിയിലുണ്ടായിരുന്ന ചാലിയം സ്വദേശികളായ റഫീഖ്, റാഫി, മുനിസ് എന്നിവര്‍ കടലില്‍ച്ചാടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

തീരത്തു നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. പരുക്കേറ്റവരെ രക്ഷിച്ച മറ്റ് മത്സ്യത്തൊഴിലാളികളെടുത്ത ഫോട്ടോ പരിശോധിച്ചാണ് ഇടിച്ച കപ്പല്‍ സ്ഥിരീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം