അമേരിക്കയില്‍ തോക്ക് നിയന്ത്രണം കര്‍ശനമാക്കി

January 17, 2013 രാഷ്ട്രാന്തരീയം

യുഎസ്: തോക്ക് നിയന്ത്രണം കര്‍ശനമാക്കുന്ന നയരേഖ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണത്തില്‍പ്പെടുന്ന തോക്കുകള്‍ക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തും. തോക്ക് വ്യാപാരത്തിന് പിന്നിലെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതടക്കമുള്ള 23 നിര്‍ദ്ദേശങ്ങളില്‍ ബറാക് ഒബാമ ഒപ്പുവെച്ചു.

11_obama_lgനയരേഖ നടപ്പിലാക്കാന്‍ 500 ദശലക്ഷം ഡോളര്‍ വകയിരുത്തിയതായും ഒബാമ അറിയിച്ചു. അതേസമയം ഒബാമയുടെ പ്രഖ്യാപന വേളയിലും അമേരിക്കയില്‍ വെടിവെപ്പ്. കെന്റക്കിയിലെ ഒരു കമ്മ്യൂണിറ്റി കോളേജിലുണ്ടായ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും വെടിവെയ്പ് സംഭവങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് തോക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന 23 നിര്‍ദ്ദേശങ്ങളാണ് ഒബാമ പുതിയ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള അത്യാധുനികമായ തോക്കുകള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് ലൈസന്‍സ് നല്‍കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തോക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 2000ത്തില്‍ പിന്‍വലിച്ചിരുന്നു.

അതോടൊപ്പം തോക്കു വ്യവസായത്തിലെ ക്രിമിനല്‍ പശ്ചാത്തലം ആന്വേഷിക്കാന്‍ നടപടിയുണ്ടാകുമെന്ന് ഒബാമ അറിയിച്ചു. ആയുധം ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണം നടത്തും. സ്‌കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് കൗണ്‍സിലിങ് ക്ലാസുകള്‍ ശക്തമാക്കും. ആയുധക്കടത്ത് തടയാനായി കോണ്‍ഗ്രസ് നിയമം പാസാക്കാന്‍ ആലോചിക്കുന്നതായും ഒബാമ പറഞ്ഞു.

അതേസമയം കെന്റക്കി കോളേജിലുണ്ടായ വെടിവെയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്‍പതുകാരനും യുവതിയുമാണ് കൊല്ലപ്പെട്ടത്. കോളേജിന്റെ പാര്‍ക്കിംഗ് കേന്ദ്രത്തിലാണ് വെടിവെയ്പുണ്ടായത്. വെടിവെയ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ ഒരാളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. സംഭവം പ്രാദേശികമായ പ്രശ്‌നത്തെ ചൊല്ലിയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം