സൂര്യ തേജസ്

January 21, 2013 സ്വാമിജിയെ അറിയുക

സി.അനില്‍കുമാര്‍ പാപ്പനംകോട്
നമുക്കെല്ലാം ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഉദിച്ചുനില്‍ക്കുന്ന സൂര്യതേജസ്സാണ് സ്വാമിജി. സര്‍വചരാചരങ്ങളെയും സ്വാമിജി സ്‌നേഹിച്ചിരുന്നു. ആശ്രമാങ്കണത്തില്‍ എത്തിയ എല്ലാപേര്‍ക്കും സമാശ്വാസം ലഭിച്ചിരുന്നു. സ്വാമിജിയുടെ സമാധിമണ്ഡപമായ ജ്യോതിക്ഷേത്രാങ്കണത്തിലും ഈ അനുഭൂതി ഭക്തര്‍ക്ക് അനുഭവപ്പെടും. പൂനയില്‍ രണ്ട് ശതകോടി അര്‍ച്ചന അണ്ണാ മഹാരാജന്റെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഞാനും പോയിരുന്നു. അന്ന് സാക്ഷ്യം വഹിച്ച രണ്ട് അനുഭവങ്ങള്‍ പറയാം. സ്വാമിജി സ്വന്തമായിട്ടാണ് ആഹാരം പാചകം ചെയ്തിരുന്നത്. മലയാളികളായ ഞങ്ങള്‍ക്ക് വേറെ മലയാളി ഭക്ഷണം ഏര്‍പ്പാട് ചെയ്തിരുന്നു. ഞങ്ങള്‍ ആശ്രമത്തിനെ പ്രതിനിധീകരിച്ച് 100 പേര്‍ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് സ്വാമിജി ഒരു പാത്രത്തില്‍ കുറച്ച് പുളിശ്ശേരിയുമായി പുറത്തു വന്നു. അതിന് ഉപ്പ് ഉണ്ടോ എന്ന് നോക്കാന്‍ രണ്ട് പേര്‍ക്കു കൊടുത്തു. സ്വാമിജി ഉപ്പു നോക്കാന്‍ കൊടുക്കുന്നതറിഞ്ഞ് റൂമുകളില്‍ ഉണ്ടായിരുന്ന 100 മലയാളികളും ഉപ്പുനോക്കാന്‍ ഓടിയെത്തി. സ്വാമിജി ഉണ്ടാക്കിയ ആ പ്രസാദത്തിന്റെ ഒരംശം എനിക്കും കിട്ടിയെങ്കില്‍ എന്ന ആഗ്രഹത്തോടെയാണ് എല്ലാപേരും ഓടി എത്തിയത്. പക്ഷേ സത്യം പറയട്ടെ സ്വാമിജി ഉണ്ടാക്കിയ കറി എല്ലാപേര്‍ക്കും ഉപ്പു നോക്കാന്‍ കൊടുത്തു. സ്വാമിജി എന്ത് കൊടുത്താലും അത് കൈനിറയെ വാരിക്കോരിയേ കൊടുക്കാറുള്ളൂ എന്ന് എനിക്ക് അറിയാം. പക്ഷേ ഈ നൂറുപേര്‍ ഉപ്പു നോക്കിയിട്ടും സ്വാമിജി കൊണ്ടുവന്ന പുളിശ്ശേരി അതുപോലെ തന്നെ ഉണ്ടായിരുന്നു. അത് ഒരു അനുഭവം.

പൂനയിലെ മാതളം കൃഷിക്കാരന്‍ സ്വാമിജിക്ക് സമര്‍പ്പിക്കാന്‍ രണ്ട് പെട്ടി (48 എണ്ണം) മാതളങ്ങ കൊണ്ടു വന്നു. അപ്പോള്‍ സ്വാമിജി ആ കൃഷിക്കാരനോട് പറഞ്ഞു. സ്വാമിജിയുടെ കൂടെ വന്നവര്‍ക്കും കൊടുക്കണം. സ്വാമിജി അപ്പോള്‍ അവിടെ നിന്നുകൊണ്ട് ഓരോ മാതളങ്ങയായി വന്ന മലയാളികളായ ഞങ്ങള്‍ക്ക് എറിഞ്ഞ് തന്നുകൊണ്ടിരുന്നു. സത്യം പറയട്ടെ ഒരു പെട്ടിയില്‍ 24 എണ്ണം വച്ച് രണ്ട് പെട്ടിയില്‍ 48എണ്ണം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് നൂറുപേര്‍ക്ക് മാതളങ്ങ കിട്ടി. സ്വാമിജിക്ക് കിട്ടിയില്ല.

പൂനയില്‍ പോയ അനുഭവം ഒരിക്കലും മറക്കാനാവില്ല. ശിവന് ശതകോടി കഴിഞ്ഞ് ഹോമം നടക്കുമ്പോള്‍ സ്വാമിജിയാണ് ഹോമം ചെയ്യുന്നത്. സ്വാമിജിയുടെ ജഡ അഴിഞ്ഞ് കഴുത്തില്‍ വീണ് ശിവനെപ്പോലെ തോന്നിച്ചു. ശിവനെ നേരില്‍ കണ്ട അനുഭവം എനിക്കുണ്ടായി.

ആശ്രമത്തിലെ ലളിതാ സഹസ്രനാമ ശതകോടിയുടെ അവസാനം കര്‍മ്മങ്ങള്‍ നടത്താനായി രാമേശ്വരത്ത് പോയപ്പോള്‍ എല്ലാംകൂടി 500പേര്‍ ഉണ്ടായിരുന്നു. രാത്രി 11മണിക്ക് രാമേശ്വരത്ത് എത്തി. വെളുപ്പിന് നാലുമണിക്ക് ചായ കുടിക്കാന്‍ വെളിയില്‍ ഒരു തട്ടുകടയില്‍പ്പോയപ്പോള്‍ ആശ്രമത്തിലെ മേസ്തിരി ആരോടോ ഒറ്റയ്ക്ക് സംസാരിക്കുന്നതു കണ്ടു. ചായ കൈയില്‍ ഉണ്ട്. അത് ആര്‍ക്കോ നീട്ടി കൊടുക്കുന്നത് ഞാന്‍ കുറച്ച് അകലെ മാറി നിന്നുകണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്നു. എന്താ സംഭവിച്ചതെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ദേ പോകുന്നു നമ്മുടെ നീലകണ്ഠഗുരുദേവന്‍, നോക്കുക’ എന്നു പറഞ്ഞു. പക്ഷേ ഞാന്‍ നോക്കിയിട്ട് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം പിന്നെയും പിന്നെയും നടന്നുപോകുന്നു. ഞാന്‍ എന്നിട്ടും വ്യക്തമായി നോക്കി, കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ മേസ്തിരി വിശദീകരിച്ചു. ഗുരുനാഥന്‍ വന്നിരുന്നു. ഞാന്‍ ചായ കുടിക്കാന്‍ പറഞ്ഞു. കുടിച്ചില്ല. എന്റെ കൂടെ പറഞ്ഞു. കടലില്‍ ഇറങ്ങുമ്പോള്‍ നീ കുട്ടികളെയെല്ലാം നോക്കിക്കോണം. ഇതു പറയാനാണ് ഞാന്‍ വന്നത് എന്ന് പറഞ്ഞ് തിരിച്ചുപോയി. അനന്തരം രാമേശ്വരം കടലില്‍ മേസ്തിരിയുടെ നേതൃത്വത്തില്‍ കര്‍മ്മങ്ങള്‍ നടത്തുകയും എല്ലാം മംഗളമായി അവസാനിക്കുകയും ചെയ്തു.

ഞാന്‍ എങ്ങനെ ആശ്രമത്തില്‍ വന്നു സ്വാമിജിയുടെ ഭക്തനായി എന്ന് വിവരിക്കാം. ഒരു ദിവസം ഒരു ഫോണ്‍കാള്‍ കുവൈറ്റില്‍ നിന്നും എന്റെ അനുജന്‍ ആണ് വിളിച്ചത്. ഞാന്‍ നാളെ നാട്ടില്‍ വരും ചേട്ടന്‍ ടാക്‌സി പിടിച്ച് എയര്‍പോര്‍ട്ടില്‍ വരണം. അപ്പോള്‍ ഞാന്‍ ചോദിച്ചു നീ പോയിട്ട് ഇപ്പോള്‍ 9 മാസമല്ലേ ആയുള്ളൂ. ഇത്രയും പെട്ടെന്ന് എന്താ വരാന്‍ കാരണം. അപ്പോള്‍ അനുജന്‍ പറഞ്ഞു. വേറൊന്നും ഇല്ല. അവധി കിട്ടിയതുകൊണ്ട് വരുന്നു. ഞാന്‍ രാവിലെ എയര്‍പോര്‍ട്ടില്‍ ടാക്‌സിയുമായി ചെന്നു. അവന്‍ വന്നു ടാക്‌സിയില്‍ കയറിയിട്ട് അവന്‍ പറഞ്ഞു. എനിക്ക് നേരെ വീട്ടിലോട്ടല്ല പോകേണ്ടത്. ചേങ്കോട്ടുകോണം ആശ്രമത്തിലേക്ക് ആണ്.

പക്ഷേ എനിക്ക് അറിയില്ല. ടാക്‌സി ഡ്രൈവര്‍ പറഞ്ഞു എനിക്ക് അറിയാം എന്ന് പറഞ്ഞ് നേരെ ആശ്രമത്തില്‍ എത്തി. അനുജന്‍ പോയി സ്വാമിജിയെക്കണ്ടു എന്നിട്ട് തിരിച്ച് വീട്ടിലേക്ക് പോയി. അപ്പോള്‍ ഞാന്‍ തിരക്കി എന്താ സ്വാമിജിക്കാണാന്‍ വന്നത്. അപ്പോള്‍ അവന്‍ കാര്യം പറഞ്ഞു. ഞാന്‍ സുഖമില്ലാതെ പനിയായി ഒരു മാസമായി കുവൈറ്റിലെ ആശുപത്രിയില്‍ കിടക്കുകയായിരുന്നു. കുവൈറ്റിലെ വസുധൈവ കുടുംബകത്തിലെ മെമ്പറായ ഭക്തന്‍മാര്‍ എല്ലാപേരും കൂടി സ്വാമിജിയെ വിളിച്ച് വിവരം പറഞ്ഞു. അതുവരെയും അനുജന്‍ സ്വാമിയെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഭസ്മം കൊടുക്കുകയും അവന്റെ കിഡ്‌നിക്ക് തകരാറുണ്ടോ എന്ന് നോക്കാന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കിഡിനിക്ക് എന്താണ് പ്രശ്‌നമെന്ന് കണ്ടുപിടിക്കുകുയം ചെയ്തു. അങ്ങനെ സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം നാട്ടില്‍ വന്നതാണ്. ഒരു ഇംഗ്ലീഷ് മരുന്നും കഴിയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ചാണ് ഇവിടെ വരുത്തിയത്. സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം പച്ചിലമരുന്നുകള്‍ കഴിച്ച് അസുഖം കുറയുകയും ചെയ്തു. ഞാന്‍ ഇത് എഴുതുമ്പോള്‍ അവന്‍ കുവൈറ്റിലാണ്. സ്വാമിജിയുടെ ഭസ്മം മുടങ്ങാതെ ഞാന്‍ കുവൈറ്റില്‍ എത്തിക്കാറുണ്ട്. അതാണ് ഇന്നും അവന്റെ ദുവ്യ ഔഷധം.

ഒരു അനുഭൂവം കൂടി പറയാം. ഒരു അമ്മൂമ്മ എന്നും രാവിലെ ശതകോടി അര്‍ച്ചനയ്ക്ക് പങ്കെടുക്കാനായി കുറച്ച് അകലെ നിന്നും എത്താറുണ്ടായിരുന്നു. പവര്‍ ഗ്ലാസ് വച്ചാലെ ലളിതാസഹസ്രനാമം വായിക്കാന്‍ കഴിയുകയുള്ളൂ. ഒരു ദിവസം വന്നപ്പോള്‍ കണ്ണാടി എടുക്കാന്‍ മറന്നുപോയി. എന്നും അര്‍ച്ചനയ്ക്ക് പങ്കെടുത്തുകൊണ്ടിരുന്ന അമ്മൂമ്മയ്ക്ക് അന്ന് കണ്ണാടി ഇല്ലാത്ത കാരണം പങ്കെടുക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമത്തില്‍. സ്വാമിജി കണ്ടു. സ്വാമിജി പറഞ്ഞു. അര്‍ച്ചനയ്ക്ക് പങ്കെടുക്കുന്നവരുടെ കൂടെ ഇരുന്നാല്‍ മതി. എന്ന് നിര്‍ദ്ദേശിച്ചു. പക്ഷേ സംഭവിച്ചതെന്തായിരുന്നു. ആ അമ്മൂമ്മയ്ക്ക് ലളിതാസഹസ്രനാമം വായിക്കാന്‍ ആരോ ടോര്‍ച്ച് അടിച്ച് കൊടുക്കുന്നതുപോലെ ഒരു വെളിച്ചം ആ പുസ്തകത്തില്‍ പ്രകാശിച്ചു നിന്നു. അങ്ങനെ അര്‍ച്ചനയില്‍ ലളിതാസഹസ്രനാമം വായിക്കാന്‍ കഴിഞ്ഞു.

ഒരിക്കല്‍ ശതകോടി അര്‍ച്ചന നടക്കുമ്പോള്‍ ജ്യോതിക്ഷേത്രത്തിലെ ചുറ്റമ്പലത്തില്‍ ആയിരത്തലധികം ആള്‍ക്കാര്‍ അര്‍ച്ചനക്ക് ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അര്‍ച്ചനയ്ക്കുള്ള പുഷ്പം വിതരണം ചെയ്യുകയും വിളക്കില്‍ എണ്ണ ഒഴിക്കുകയുമായിരുന്നു. നാലുകെറ്റിനുള്ളില്‍ എണ്ണ ഒഴിച്ച് വച്ചിരുന്നു. ഞാന്‍ അഞ്ചാമതായി ഇരുന്ന കെറ്റില്‍ എടുത്ത് വിളക്കില്‍ എണ്ണ ഒഴിക്കുകയായിരുന്നു. പക്ഷേ ആ കെറ്റിലില്‍ ഇരുന്നത് പനിനീര്‍ ആയിരുന്നു. ഞാന്‍ അറിയുന്നില്ല. ഞാന്‍ എല്ലാ വിളക്കിലും ഒഴിച്ചു. അവസാനം വിളക്കുകളില്‍ എണ്ണ ഒഴിക്കുമ്പോള്‍ നല്ലെണ്ണ ഒഴിച്ച വിളക്കില്‍ വെളിച്ചെണ്ണ ഒഴിച്ചത് പോലെ എനിക്ക് ഒരു തോന്നല്‍. ഇതില്‍ ഇരിക്കുന്നത് വെളിച്ചെണ്ണയാണോ എന്ന് ഞാന്‍ തിരക്കി. അപ്പോള്‍ ആശ്രമത്തിലെ ഒരു ബ്രഹ്മചാരി പറഞ്ഞു. അയ്യോ അത് പനിനീരാണല്ലോ. ഇത് വിളക്കിലൊഴിച്ചോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. എനിക്ക് അറിയാതെ പറ്റിപ്പോയതാണ് ക്ഷമിക്കണം. അര്‍ച്ചന നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ചെയ്ത തെറ്റിന് ഞാന്‍ സ്വാമിജിയുടെ മുന്നില്‍ മാപ്പപേക്ഷിച്ചു. അപ്പോള്‍ സ്വാമിജി പറഞ്ഞു. നീ ഇനി പോയി നോക്ക്. ഇപ്പോള്‍ ഉള്ളത് പനിനീരാണോ എണ്ണയാണോ എന്ന്. ഇവിടെ വെള്ളം ഒഴിച്ചും വിളക്ക് കത്തിച്ചിട്ടുണ്ട്. എന്നിട്ട് പറഞ്ഞു. സത്യമെന്തെന്ന് ഈ അര്‍ച്ചന നടത്തിക്കൊണ്ടിരുന്ന ആയിരം പേരും ഇത് അറിഞ്ഞതുമില്ല. ആ വിളക്കുകളില്‍ ഒന്നിലും പനിനീരിന്റെ അംശംപോലും ഇല്ലായിരുന്നു. ഈ സത്യം ഇന്നും ആര്‍ക്കും അറിയില്ല.

ഒരനുഭവം കൂടി എഴുതാം. എത്ര എഴുതിയാലും തീരില്ല.

ശതകോടി അര്‍ച്ചന നടക്കുന്ന സമയം. ജ്യോതിക്ഷേത്രത്തിലെ ചുറ്റമ്പലത്തില്‍ തംബുരു 24 മണിക്കൂറും എടുക്കുമായിരുന്നു. കോട്ടയത്ത് നിന്നും വന്ന ഒരപ്പൂപ്പന്‍ എന്നും തംബുരു എടുക്കുമായിരുന്നു. വയസ്സായതുകൊണ്ട് പാദത്തിന്റെ അടിഭാഗം ഉപ്പൂറ്റിയില്‍ വാത പൊള്ളല്‍. കറുത്ത പുള്ളികള്‍ നടക്കാന്‍ വയ്യാത്ത അവസ്ഥ. എല്ലാ ദിവസവും മുടങ്ങാതെ തംബുരു എടുത്തിരുന്ന അദ്ദേഹം കാലു വേദന കാരണം ഇനി തംബുരു എടുക്കാന്‍ കഴിയില്ലല്ലോ എന്ന വേദനയോടെ സ്വാമിജിയെ കണ്ടു. സ്വാമിജി പറഞ്ഞു. അര്‍ച്ചന കഴിഞ്ഞ് അണഞ്ഞ വിളക്കിലെ എണ്ണ മാറ്റിവയ്ക്കാറുണ്ടായിരുന്നു. ആ എണ്ണ തൊട്ടിട്ടാല്‍ മതി മാറും എന്ന് പറഞ്ഞു. ആ എണ്ണ ഇട്ടതോടെ അദ്ദേഹത്തിന്റെ കാലിന്റെ വേദന മാറുകയും പിന്നെയും തംബുരു എടുക്കുകയും ചെയ്തു. സ്വാമിജി ആ എണ്ണയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞപ്പോഴും ആ അപ്പൂപ്പന്റെ കാലിന്റെ വേദന മാറിയപ്പോഴും ഞാന്‍ വിചാരിച്ചു. കുറച്ച് എണ്ണ വീട്ടില്‍ക്കൊണ്ട് വച്ചേക്കാം. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ എടുക്കാം എന്നു പറഞ്ഞു ഞാന്‍ ഒരു കുപ്പിയില്‍ കുറച്ച് വീട്ടില്‍ക്കൊണ്ട് വച്ചിരുന്നു. ഒരു ദിവസം എന്റെ മകള്‍ക്ക് ശരീരത്തില്‍ എല്ലാം ചുവന്ന പാടുകള്‍ പോലെ അലര്‍ജി. ആളെക്കണ്ടാല്‍ തിരിച്ചറിയാന്‍ പാടില്ലാത്തതുപോലെ ചൊറിച്ചിലും. ഇനി കാണിക്കാന്‍ ഡോക്ടറില്ല. അവസാനം സ്വാമിജിയെ കണ്ടു. സ്വാമിജി പറഞ്ഞു വീട്ടില്‍ക്കൊണ്ടുവച്ചിട്ടാണ് അന്വേഷിച്ചു നടക്കുന്നത് എന്ന്. സത്യം പറയട്ടെ അപ്പോഴാണ് ബോധോദയം ഉണ്ടാകുന്നത്. ഈ എണ്ണ വീട്ടില്‍ ഇരിക്കുകയാണല്ലോ. അത് പുരട്ടിയതോടുകൂടി അസുഖം മാറി. എത്ര എഴുതിയാലും തീരില്ല. അനുഭവങ്ങളുടെ ഒരു പട്ടിക തന്നെ ഉണ്ട്.

ജയ്‌സീതാറാം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക