നെയ്യഭിഷേകം ഇന്നുകൂടി മാത്രം: ഉച്ചയ്ക്ക് കളഭാഭിഷേകം

January 18, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമലയില്‍ നെയ്യഭിഷേകം ഇന്നുകൂടി (ജനുവരി 18) മാത്രം. രാവിലെ 10 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ നെയ്യഭിഷേകത്തിന് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കളഭാഭിഷേകത്തോടെ പരിസമാപ്തിയാകും. കളഭാഭിഷേകത്തിന് പന്തളം രാജപ്രതിനിധി ഭരണിനാള്‍ അശോകവര്‍മ രാജയുടെ സാന്നിധ്യമുണ്ടാകും. 16ന് അയ്യപ്പദര്‍ശനം നടത്തി ഉടവാളും പണക്കിഴിയും അയ്യപ്പന് സമര്‍പ്പിച്ച രാജപ്രതിനിധി മാളികപ്പുറത്ത് ദര്‍ശനം നടത്തുന്നത് ഇന്നാണ്. ഇതേ സമയം തിരുവാഭരണം ചാര്‍ത്തി അയ്യപ്പവിഗ്രഹം തൊഴാന്‍ കഴിഞ്ഞ അവസാന ദിവസമായ ഇന്നലെയും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹമായിരുന്നു. ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ വണങ്ങാന്‍ അത്താഴപൂജ വരെ അവസരം ലഭിച്ചു. അത്താഴപൂജ വരെയും തീര്‍ത്ഥാടകരുടെ അണമുറിയാത്ത പ്രവ്രാഹമായിരുന്നു. ശരംകുത്തി മുതല്‍ ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തിയത്. 16ന് ആരംഭിച്ച പടിപൂജയും നാളെ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍