ബരാക് ഒബാമ മുംബൈയിലെത്തി

November 6, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ മുംബൈയിലെത്തി. ഉച്ചയ്ക്ക് 12.50 ഓടെയാണ് ഒബാമ പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. വിദേശകാര്യ സഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങിയ നേതാക്കള്‍ ഒബാമയെ ഔദ്യോഗികമായി വരവേറ്റു. മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഒബാമയ്ക്കും സംഘത്തിനും വേണ്ടി വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യ-യു.എസ്. തന്ത്രപ്രധാന, സാമ്പത്തിക സഹകരണം ശക്തമാക്കുക, ഭീകരവിരുദ്ധപോരാട്ടം സജീവമാക്കുക തുടങ്ങിയവയാണ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. മുംബൈ ഭീകരാക്രമണത്തിനിരയായ മുംബൈയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അദ്ദേഹം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കന്നി ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുന്നത്. ഭാര്യ മിഷേലും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടുന്ന ഒബാമയുടെ സംഘത്തിനൊപ്പം വ്യവസായലോകത്തെ 200 പ്രമുഖരുമുണ്ട്.

മുംബൈ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം അര്‍പ്പിക്കല്‍, ഗാന്ധി മ്യൂസിയം സന്ദര്‍ശനം, വ്യവസായ തലവന്മാരുമായി കൂടിക്കാഴ്ച എന്നിവയാണ് ശനിയാഴ്ച മുംബൈയിലെ ഔദ്യോഗിക പരിപാടികള്‍. മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്‍ വണ്‍ ഹെലികോപ്റ്ററില്‍ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐ.എന്‍.എസ്. ശിക്രയിലേക്ക് പോയി.
അവിടെ നിന്ന് താജ് ഹോട്ടലിലേക്ക് തിരിക്കും. അവിടെ നടക്കുന്ന ചടങ്ങില്‍ മുംബൈ ഭീകരാക്രമണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള സന്ദേശം വായിക്കും. ചടങ്ങില്‍ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചവരുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും ഒബാമ ആശയവിനിമയം നടത്തും.
തുടര്‍ന്ന് ഗാന്ധി മ്യൂസിയമായ മണിഭവന്‍ സന്ദര്‍ശിച്ച് പ്രണാമം അര്‍പ്പിക്കും. വൈകിട്ട് ഹോട്ടല്‍ ട്രൈഡന്‍റില്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ച നടക്കും. ഞായറാഴ്ച ടൗണ്‍ഹാള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മുംബൈ സെന്‍റ് സേവ്യേഴ്‌സ് കോളേജ് സന്ദര്‍ശിക്കുകയും ഒരു സംഘം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും ചെയ്യും.
മുംബൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ഡല്‍ഹിക്ക് പുറപ്പെടും. ഹുമയൂണ്‍ ശവകുടീര സന്ദര്‍ശനമാണ് അന്നത്തെ പ്രധാന പരിപാടി. രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനുമൊപ്പം ഒബാമയും മിഷേലും അത്താഴവിരുന്ന് കഴിക്കും. ഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടല്‍ പൂര്‍ണമായും അമേരിക്കന്‍ പ്രസിഡന്‍റിനും സംഘത്തിനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപമായ രാജ്ഘട്ട് സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും.
അതിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച. ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, കൃഷിമന്ത്രി ശരദ് പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരും ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഇന്‍ഡൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കാണ് ഒബാമ പോകുന്നത്. അവിടെ നിന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയിലെത്തും. തുടര്‍ന്ന് ജപ്പാനും സന്ദര്‍ശിക്കും. 2006-ല്‍ ജോര്‍ജ് ബുഷിനുശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം