വിഎസിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തര്‍ക്കെതിരെ നടപടി ഉടനില്ല

January 19, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഐ(എം) കേന്ദ്രകമ്മറ്റിയില്‍ വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തര്‍ക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് തീരുമാനമായി. പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടി വേണ്ടെന്ന തീരുമാനം. വിശ്വസ്തര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അത് ഫലത്തില്‍ വിഎസിനെതിരെയുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടും. ഇത് പാര്‍ട്ടിക്ക് ദോഷമാകുമെന്ന് പിബിയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതിലേക്ക് പിബിയടക്കമുള്ള യോഗങ്ങള്‍ പരിമിതപ്പെടുന്നതായ വിമര്‍ശനവും യോഗത്തിലുയര്‍ന്നു.

കേന്ദ്രകമ്മറ്റി യോഗത്തിലെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ തന്നെ നടപടി വേണമെന്ന് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടി വേണ്ടെന്ന് ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യില്ലെന്നാണ് സൂചന.

വിഎസിന്റെ വിശ്വസ്തര്‍ക്കെതിരായ നടപടി പരിഗണിക്കുന്നതില്‍ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നലനിന്നിരുന്നത്. ഭിന്നത പരിഹരിക്കാന്‍ പിബി രണ്ട് തവണ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് നാളെത്തന്നെ അംഗീകാരം നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ളവരടക്കം ഒരുവിഭാഗം പിബി അംഗങ്ങള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ആവശ്യപ്പെട്ടു. നടപടിക്ക് അംഗീകാരം നല്‍കുന്നത് നീട്ടിവെക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം. കേരളത്തിലേതടക്കമുള്ള സംഘടനാ പ്രശ്‌നങ്ങള്‍ പരിഗണിക്കാനാണ് പിബി യോഗം രണ്ടാമതും ചേര്‍ന്നത്.

ഇന്നലെ വൈകീട്ട് നാല് മണിക്കാണ് ആദ്യം പിബി യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനായിരുന്നു യോഗം. എന്നാല്‍ രണ്ടാമതു രാത്രിയില്‍ യോഗം ചേര്‍ന്നത് കേരളത്തിലേതുള്‍പ്പെടെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനാണ്.

വിഎസ്സിന്റെ വിശ്വസ്തരായ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍, പ്രസ്സ് സെക്രട്ടറി ബാലകൃഷ്ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് എന്നിവരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്ന് വിഎസ് പാര്‍ട്ടി ദേശീയ ജന. സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ട് വ്യക്തമാക്കിയിരുന്നു.

അതേസമയം വിഎസ് കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയുടെ ‘പുറത്താക്കല്‍’തീരുമാനം പരസ്യപ്പെടുത്തിയെന്ന വിഷയവും ഉന്നയിച്ച് സംസ്ഥാന കമ്മിറ്റി വിഎസ്സിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം