വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍ (ഒരു രാജാധിരാജന്റെ അധഃപതനം – ഭാഗം1)

January 19, 2013 സനാതനം

ഡോ. അദിതി

പുരൂരവസിന്റെ പൗത്രനും ആയുസിന്റെ പുത്രനുമായ നഹുഷന്‍ സ്വര്‍ഗ്ഗാധിപതിയായി വാണരുളുന്ന കാലത്ത് ശാപഗ്രസ്ഥനായി സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയില്‍പതിച്ച മഹാഭാരതത്തിലെ കഥ വളരെ പ്രസിദ്ധമാണ്.

വൃത്രാസുരവധം നിമിത്തമുണ്ടായതായ പ്രത്യാഖ്യാതങ്ങളെ ഭയന്ന് ദേവാദിരാജനായ ഇന്ദ്രന്‍ ഒളിവില്‍പോയി. ഇന്ദ്രന്‍ തന്റെ യോഗശക്തികൊണ്ട് അത്യന്തം സൂക്ഷ്മമായ അണുരൂപം പ്രാപിച്ചു. എന്നിട്ട് അദ്ദേഹം ഒരു താമരവളയത്തിനുള്ളില്‍ ഒളിച്ചിരുന്നു.

Vyasa 1ഇന്ദ്രന്റെ അഭാവത്തില്‍ സ്വര്‍ഗ്ഗരാജ്യം ഭരിക്കാന്‍ ഋഷിമാരും ദേവന്മാരും ചേര്‍ന്ന് നഹുഷിനെ രാജാവായി അവരോധിച്ചു. സ്വര്‍ഗ്ഗത്തിലെ അധിപതി എന്ന പദവി ഇന്ദ്രന്‍ അനുഭവിച്ചിരുന്ന എല്ലാ സുഖസൗകര്യങ്ങളും നഹുഷിനും കിട്ടി. എന്നാല്‍ സ്വര്‍ഗ്ഗാധിപതിയുടെ ഭാര്യയായ സചിയുടെ സൗഹൃദവും സഹവാസവും മാത്രം കിട്ടിയില്ല. സചിയെകൂടികിട്ടിയെങ്കില്‍ മാത്രമേ സ്വര്‍ഗ്ഗാധിപതി എന്നനിലയില്‍ താന്‍ ഇന്ദ്രനുതുല്യനാകുകയുള്ളൂ എന്ന് നഹുഷനു തോന്നി. തുടര്‍ന്ന് സചിയെയും സ്വന്തമാക്കാനുള്ള ആഗ്രഹം നഹുഷന്‍ പ്രകടിപ്പിച്ചു. സ്വര്‍ഗ്ഗരാജാവായ നഹുഷന്റെ ആഗ്രഹത്തോട് അനുകൂലമായോ പ്രതികൂലമായോ സചി പ്രതികരിച്ചില്ല. അവള്‍ നഹുഷനോട് പറഞ്ഞു ‘ ഞാനിപ്പോള്‍ വ്രതചര്യയിലാണ് ആ വ്രതാനുഷ്ഠാനം കഴിഞ്ഞ് അങ്ങയുടെ ആഗ്രഹത്തിന് പരിഹാരമുണ്ടാക്കാം’ സചിയാകട്ടെ ഇപ്രകാരം പറഞ്ഞ് നഹുഷനെ സാന്ത്വനപ്പെടുത്തിയ ശേഷം ഒളിച്ചിരിക്കുന്ന ഇന്ദ്രന്റെ അടുത്തെത്തി. നഹുഷന്‍ തന്നോട് പ്രകടിപ്പിച്ച ആഗ്രഹം അറിയിക്കുകയും ചെയ്തു.

ഇന്ദ്രന്‍ ഉടന്‍തന്നെ സചിയോട് പറഞ്ഞു. ‘ നീ പോയി നഹുഷനോട് പറയൂ അങ്ങയെ ഞാന്‍ സ്വീകരിച്ചുകൊള്ളാമെന്ന്. എന്നാല്‍ ഒരുകാര്യംകൂടി പറയണം രഥത്തിലേറിവരുന്ന അങ്ങയുടെ രഥം വലിച്ചുകൊണ്ടുവരുന്ന ഏഴുകുതിരകളെ മാറ്റി അതിനുപകരം ഏഴു ഋഷികളെക്കൊണ്ടത് ചെയ്യിപ്പിക്കണം എന്ന്’ സചി നഹുഷനെകണ്ട് അദ്ദേഹത്തെ സ്വീകരിച്ചുകൊള്ളാമെന്നും ഋഷികളെപ്പൂട്ടിയ രഥത്തിലേറിവരണമെന്നും അറിയിച്ചു. സചിയുടെ വ്യവസ്ഥ അദ്ദേഹത്തിന് സമ്മതമായി. അദ്ദേഹം സപ്തര്‍ഷികളെ പൂട്ടിയ രഥത്തിലേറി സചിയുടെ വീട്ടിലേക്ക് യാത്രയായി. സപ്ത ഋഷികളില്‍ ഗ്രസ്വകായനായ അഗസ്ത്യന്‍ ആണ് രഥത്തിന്റെ മുന്നില്‍നിന്നു വലിച്ചത്.

സചിയോട് സഹവസിച്ചുകൊള്ളാനുള്ള വെമ്പല്‍പൂണ്ട നഹുഷന്‍ സാരഥി കുതിരകളെ ഇറക്കിവിടുന്നതുപോലെ ഋഷികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗ്രസ്വകായനായ അഗസ്ത്യന് നഹുഷന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍പറ്റിയില്ല. അതുകൊണ്ട് നഹുഷന്‍ അഗസ്ത്യനെ ‘സര്‍പ്പ സര്‍പ്പ’ എന്ന് പറഞ്ഞു ചവിട്ടി. ചവിട്ടേറ്റ മുനിപുംഗവന്‍ കോപാക്രാന്തനായി നഹുഷന്റെ ഈ അധാര്‍മ്മികപ്രവൃത്തി സഹിക്കവയ്യാതെ അദ്ദേഹം മഹാരാജാവിനെ ശപിച്ചു. ഈ ശാപംനിമിത്തം ഒരു പാമ്പായിമാറി ഭൂമിയില്‍ പതിച്ചു. നഹുഷനെ ഇന്ദ്രപദവിയിലിരുത്തേണ്ടത് ദേവാദികളെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ഇന്ദ്രന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഓടിപ്പോയതോടെ അവിടെ നാഥനില്ലാതെയായി. എന്നും അരാജകത്വം നടമാടി. ആരും മന്ത്രം ചൊല്ലാതെയായി. വേദങ്ങള്‍ അവഗണിക്കപ്പെട്ടു. അക്രമവും ദുരാചാരവും നടമാടി. ദുഷ്ടന്മാരായ രാക്ഷസന്മാര്‍ എവിടെയും വിഹരിച്ചു. സ്വര്‍ഗ്ഗത്ത് സമാധാനം പുനസ്ഥാപിക്കാനും ഒരു ഭരണാധികാരി അത്യാവശ്യമായിരുന്നു. ആ സന്ദര്‍ഭത്തിലാണ് ദേവന്മാരും ഋഷിമാരും നഹുഷനെ രാജാവായി വാഴിച്ചത്. നഹുഷന്റെ ഭരണ സാമര്‍ത്ഥ്യം ഇന്ദ്രന്റേതിനേക്കാള്‍ ഒരു പടി മുന്നിലായിരുന്നു. എന്തായാലും സചി എന്ന കാമിനിയില്‍ നഹുഷന്‍ ആഗ്രഹം ജനിച്ചതുമുതല്‍ അയാളുടെ പതനത്തിന്റെ വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങിയിരുന്നു.

നഹുഷന്‍ ചെയ്തകുറ്റവും അയാള്‍ക്കുവിധിച്ച ശാപശിക്ഷയും യുക്തമായതാണോ അല്ലയോ എന്നു പരിശോധിക്കാം. ഋഷികോപമാണല്ലോ നഹുഷപതനത്തിനു കാരണം. കുതിരയ്ക്കുപകരം സപ്തര്‍ഷികളെ രഥത്തില്‍ കെട്ടിക്കണം എന്ന പദ്ധതി ഇന്ദ്രന്‍ ആസൂത്രണം ചെയ്തുകൊടുത്തതാണല്ലോ. ഇത് നഹുഷന്റെ പതനം ലക്ഷ്യമാക്കിയായിരുന്നു. സമസ്ത ദേവന്മാരും മനുഷ്യരും അത്യന്തം ബഹുമാനിക്കുന്ന ഋഷികളെ ഹീനവൃത്തിക്കു നിയോഗിക്കുമ്പോള്‍ അവ കുപിതരായിക്കൊള്ളും. എന്ന് ഇന്ദ്രന്‍ നേരത്തേ കണ്ടിരുന്നു. അത്തരത്തിലുള്ള സന്ദര്‍ഭം കൂട്ടിയിണക്കി നഹുഷനെ സ്ഥാനഭ്രഷ്ടനാക്കാനായിരുന്നു ഇന്ദ്രന്റെ പദ്ധതി.

സചിയോടുള്ള നഹുഷന്റെ മോഹം കാമ സംതൃപ്തിക്കായിരുന്നില്ല. നഹുഷനില്‍ കുറ്റംകണ്ട ഇന്ദ്രന്‍ ആരായിരുന്നു. ഒരു മഹാമുനിയുടെ പതിവ്രതയായ ഭാര്യയെപ്പോലും ഇയാള്‍ വേഷംമാറി പ്രാപിച്ചില്ലേ? ഇതൊന്നുംതന്നെ അരമനയിലെ രഹസ്യങ്ങളല്ല.  ഇവയെല്ലാം സചിക്കുപോലും അറിയാം.

നഹുഷന്‍ സചിയെ ആഗ്രഹിച്ചു എന്നതു ശരി. അത് ഇന്ദ്രപദവിയുടെ തികവിനുവേണ്ടിയുള്ള ഒരു ഭൂഷണമായിട്ടായിരുന്നു. അങ്ങനെയുള്ള നഹുഷനെ ഇന്ദ്രനെപ്പോലെയുള്ള ഒരുവനെ കുറ്റക്കാരനാക്കാമോ? അതുമല്ല നഹുഷന്‍ സചിയെ സമീപിക്കുന്നതിലും അദ്ദേഹത്തിന്റെ മഹ്ത്വം വെളിവാക്കുന്നുണ്ട്. സ്വര്‍ഗ്ഗത്ത് അരാചകത്ത്വം ഉണ്ടായപ്പോള്‍ ഒരു യോഗ്യനെ ഭരണാധികാരിയായി അന്വേഷിച്ചുനടന്ന ദേവന്മാര്‍ നഹുഷനെ തെരഞ്ഞെടുത്തതുതന്നെ അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്നതാണ്. ഒരിക്കല്‍ സ്വര്‍ഗ്ഗരാരാജാവായി സിംഹാസനത്തില്‍ അവരോധിതനായ ആ പദവിയുമായി ബന്ധപ്പെട്ടവയെല്ലാം സ്വന്തമാക്കുക എന്നത് ന്യായംമാത്രം. സചിയും നഹുഷനും തമ്മിലുള്ള സംവാദം തന്നെ നഹുഷന്റെ അന്തസ്സ് വെളിവാക്കുന്നത്. നഹുഷന്‍ പറഞ്ഞു അല്ലയോ അനുഗ്രഹീതനായ അംഗനാമണേ ദേവന്മാരുടെ രാജാവെന്ന നിലയില്‍ സ്വര്‍ഗ്ഗത്തെ പരമാധികാരിയായ എന്നോട് രാജഭൂഷണമായി എന്നോടു വസിക്കാമോ? ഇതിന് സചി മറുപടി നല്‍കി അങ്ങ് സല്‍ഗുണങ്ങളുടെ കേദാരമാണ്, സോമവംശജനുമാണ് അതുകൊണ്ട് അന്യന്റെ ഭാര്യയെ ആഗ്രഹിച്ചുകൂടാ എന്നാല്‍ നഹുഷന്‍ തന്റെ ആഗ്രഹത്തില്‍ ഉറച്ചുനിന്നു. അന്യന്റെ ഭാര്യയെ കൈക്കലാക്കാനുള്ള ഒരു മനസ്ഥിതികൊണ്ടല്ല മറിച്ച് ഇന്ദ്രന്‍ ആ പദവിയിലിരുന്ന് അനുഭവിച്ച എല്ലാ സുഖഭോഗങ്ങളും അനുഭവിക്കാനാണ്. ഇതിനുവേണ്ടി നഹുഷന്‍ ഒരു കുമാര്‍ഗ്ഗവും അവലംബിച്ചില്ല. നേരിട്ട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം