ഇന്ത്യയുടെ ആത്മവിശ്വാസം തകരില്ല-ഒബാമ

November 7, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ”ഭീകരരുടെ ലക്ഷ്യം ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ക്കുകയെന്നതായിരുന്നു. പക്ഷേ,  കഴിഞ്ഞില്ല. മുംബൈയും ഇന്ത്യയും ഉയിര്‍ത്തെഴുന്നേറ്റു, ആത്മവിശ്വാസത്തോടെ….”-അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ട് മുംബൈ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 26/11 ഭീകരാക്രമണത്തില്‍ പൊലിഞ്ഞവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ അദ്ദേഹം പ്രണാമമര്‍പ്പിച്ചു.
”മുംബൈ ഭീകരാക്രമണത്തിന്റെ ദാരുണദൃശ്യങ്ങള്‍ ഇന്നും നമ്മുടെ കണ്‍മുന്നിലുണ്ട്. ആ നാലുദിവസങ്ങളില്‍ താജ്‌ഹോട്ടലില്‍നിന്നുയര്‍ന്ന തീനാളങ്ങള്‍ ആകാശത്തെ തൊട്ട കാഴ്ച മറക്കാനാവില്ല. പക്ഷേ, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പരാജയപ്പെട്ടത് പിന്നീട് ലോകം കണ്ടു. തകര്‍ക്കാനാവില്ല ഇന്ത്യയുടെ ആത്മവിശ്വാസം”-വികാരനിര്‍ഭരമായ ശബ്ദത്തില്‍ ഒബാമ പറഞ്ഞു. ഭാര്യ മിഷേലും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയുടെ ശക്തിയായ നാനാത്വം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്ന നഗരമാണ് മുംബൈ. കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം. ആക്രമണം നടന്ന് പിറ്റെന്നാള്‍തന്നെ മുംബൈക്കാര്‍ ജോലിയില്‍ തിരിച്ചെത്തി. ഹോട്ടല്‍ജീവനക്കാര്‍ പതിവു ഷിഫ്റ്റുകളില്‍ പ്രവേശിച്ചു. ആക്രമണം നടന്ന ഹോട്ടലുകള്‍ ആഴ്ചകള്‍ക്കകം അതിഥികളെ സ്വീകരിച്ചുതുടങ്ങി. അപ്പോഴും നടുക്കം വിട്ടൊഴിഞ്ഞിരുന്നില്ല-ഒബാമ പറഞ്ഞു.
മുംബൈയില്‍നിന്ന് തന്റെ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താജ്‌ഹോട്ടലില്‍ താമസിക്കാനുള്ള തീരുമാനം ഭീകരത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ ശക്തമായ സന്ദേശമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും മുമ്പില്ലാത്തവിധത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം മുഖ്യവിഷയമാകും. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാനുള്ള സാഹചര്യം ഉണ്ടാകണം. ഇന്ത്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് അസാധാരണ ബഹുമതിയായി കാണുന്നു-ഒബാമ പറഞ്ഞു.
ഭിന്നമതവിശ്വാസികളെ ഭിന്നിപ്പിക്കുകയും തകര്‍ക്കുകയുമായിരുന്നു മുംബൈ ആക്രമിച്ചവരുടെ ലക്ഷ്യം. പക്ഷേ, ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും ജൂതരും മുസ്‌ലിങ്ങളും കൈകോര്‍ത്ത് പരസ്​പരം സംരക്ഷിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന പൊതുതത്ത്വത്തിന്റെ സാക്ഷ്യമായി അത്-ഒബാമ പറഞ്ഞു.
ഹ്രസ്വമായ പ്രസംഗത്തിനുശേഷം ഒബാമയും മിഷേലും മുംബൈ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളുമായും ദൃക്‌സാക്ഷികളുമായും സംസാരിച്ചു, ഹസ്തദാനം ചെയ്തു. പിന്നീടദ്ദേഹം താജിലെ സന്ദര്‍ശകപുസ്തകത്തില്‍ ഇങ്ങനെ എഴുതി: ”26/11 സംഭവങ്ങള്‍ നമ്മള്‍ എന്നും ഓര്‍ക്കും. അന്നത്തെ സങ്കടങ്ങള്‍ മാത്രമല്ല, ജനങ്ങള്‍ കാട്ടിയ ധീരതയും മനുഷ്യത്വവും മറക്കാനാവില്ല. ഭീകരതയുടെ വേരറുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളോട് അമേരിക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.”

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം