ഭക്തകോടികള്‍ ദര്‍ശന സായൂജ്യം നേടി: ശബരിമല നട അടച്ചു

January 20, 2013 കേരളം

ശബരിമല നട അടച്ച് താക്കോല്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിക്ക് രാജപ്രതിനിധി ഭരണിനാള്‍ അശോകവര്‍മ്മരാജ നല്‍കുന്നു.

ശബരിമല നട അടച്ച് താക്കോല്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിക്ക് രാജപ്രതിനിധി ഭരണിനാള്‍ അശോകവര്‍മ്മരാജ നല്‍കുന്നു.

ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ (ജനുവരി 20) പുലര്‍ച്ചെ നട അടച്ചു. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ജല അഭിഷേകം കഴിഞ്ഞ് ദര്‍ശനത്തിനുള്ള അവസരം പന്തളം രാജപ്രതിനിധി ഭരണിനാള്‍ അശോകവര്‍മ്മരാജയ്ക്ക് മാത്രമായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി പതിനെട്ടാംപടിയിറങ്ങിയ രാജപ്രതിനിധിയെ മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റിയും ദേവസ്വം അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിക്ക് താഴെവച്ച് കിഴക്ക് ഉദിച്ചുനിന്ന മകരനക്ഷത്രത്തെ സാക്ഷിയാക്കി രാജപ്രതിനിധി ക്ഷേത്രത്തിന്റെ താക്കോല്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ക്ഷേത്രവരുമാനത്തിന്റെ വിഹിതമായ പണക്കിഴി മേല്‍ശാന്തി രാജപ്രതിനിധിക്ക് കൈമാറി. ക്ഷേത്രത്തിലെ വരും തീര്‍ത്ഥാടനകാലത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുള്ള പണക്കിഴി രാജപ്രതിനിധി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കൈമാറി. ഇതോടെ ശബരിമല ശാസ്താ സന്നിധിയിലെ ഒരു മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുകൂടി പരിസമാപ്തിയായി. രാജപ്രതിനിധിയുടെ അയ്യപ്പദര്‍ശനത്തിന് മുമ്പ് തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തിലേക്ക് മടക്കികൊണ്ടുപോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം