സന്നിധാനത്തെ പിആര്‍ഡി മീഡിയാ സെന്റര്‍ ശ്രദ്ധാകേന്ദ്രമായി

January 20, 2013 മറ്റുവാര്‍ത്തകള്‍

ശബരിമല: പ്രതിദിനം എട്ടോളം പേജുകള്‍ ഉള്ള 414 പത്രക്കുറിപ്പുകള്‍, വിവിധ ചടങ്ങുകളുടെ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍, വീഡിയോ ഫൂട്ടേജുകള്‍, കര്‍മകുശലരായ ഉദ്യോഗസ്ഥര്‍.. സന്നിധാനത്തെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പു മീഡിയാ സെന്റര്‍ ശ്രദ്ധാകേന്ദ്രമായി. സന്നിധാനത്തെ മീഡിയാ സെന്റര്‍ പ്രവര്‍ത്തനം ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനവങ്ങളും പ്രത്യേക പരിപാടികളും ചടങ്ങുകളുമെല്ലാം ഭക്തരില്‍ എത്തിക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനം വിവിധ വകുപ്പുകളുടെയും ദേവസ്വം അധികൃതരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് കാരണമാകുകയും ചെയ്തു. മണ്ഡലകാലത്ത് നവംബര്‍ 14ന് പ്രവര്‍ത്തനം ആരംഭിച്ച മീഡിയാ സെന്റര്‍ നട അടച്ച് രാജപ്രതിനിധി മേല്‍ശാന്തിക്ക് താക്കോല്‍ കൈമാറിയ ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ആദ്യം മുതല്‍ ഒടുക്കം വരെ ശബരീശ മഹോത്സവത്തിനും കൂട്ടായി മീഡിയാസെന്റര്‍ പ്രവര്‍ത്തനം. സന്നിധാനത്തിന്റെയും ശബരിമലയുടെയും ഓരോ മുക്കും മൂലയും കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു. വിവിധ മാധ്യമങ്ങള്‍ പി.ആര്‍.ഡി.യുടെ പത്രക്കുറിപ്പ് അതേപടി കൈകാര്യം ചെയ്തുവെന്നതും വകുപ്പിനെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. അടുത്ത മണ്ഡലകാലത്തും അയ്യപ്പസേവനത്തിനായി മടങ്ങിയെത്തുമെന്ന പ്രതിജ്ഞയുമായി അയ്യപ്പന്റെ അനുഗ്രഹം തേടിയാണ് സംഘം 20ന് മലയിറങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍