സംസ്ഥാന സ്‌കൂള്‍ കലോത്സസവം: സ്വര്‍ണക്കപ്പ് കോഴിക്കോടിന്

January 20, 2013 കേരളം

Kerala-School-Kalolsavam-2013-Liveമലപ്പുറം: അന്‍പത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോടിനു സ്വര്‍ണക്കപ്പ്. 907 പോയിന്റ് സ്വന്തമാക്കിയാണ് തുര്‍ച്ചയായ ഏഴാം വര്‍ഷവും കോഴിക്കോട് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 893 പോയിന്റോടെ തൃശൂര്‍ രണ്ടാമതെത്തി. ആതിഥേയരായ മലപ്പുറത്തിന് മൂന്നാം സ്ഥാനം (876 പോയിന്റ്) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒരു മല്‍സരത്തിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല.

അവസാന നിമിഷം വരെ ആദ്യ മൂന്നു ജില്ലകളും തമ്മില്‍ പൊടിപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. ശനിയാഴ്ച രാവിലെ രണ്ട് പോയിന്റുകള്‍ക്ക് തൃശൂര്‍ മുന്നില്‍ കയറിയിരുന്നു. എന്നാല്‍ വൈകുന്നേരമായതോടെ കോഴിക്കോട് വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ആകെ 11,194 വിദ്യാര്‍ഥികളാണ് മലപ്പുറം കലോത്സവത്തില്‍ മല്‍സരാര്‍ഥികളായെത്തിയത്. അപ്പീലുമായി എത്തിയ 781 പേരില്‍ 316 പേരും മല്‍സരത്തില്‍ വിജയിച്ച് പണം തിരികെ വാങ്ങിയാണ് മടങ്ങിയത്. 135 ഹയര്‍ അപ്പീലുകളും പരിഗണിച്ചു.

അടുത്ത വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിന് പാലക്കാട് ആഥിത്യമരുളും. ശനിയാഴ്ച വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് അടുത്ത കലോത്സവം പാലക്കാട് നടത്തുമെന്ന് തീരുമാനിച്ചത്. 13 വര്‍ഷത്തിനു ശേഷമാണ് മേള പാലക്കാട് തിരിച്ചെത്തുന്നത്. കണ്ണൂര്‍, എറണാകുളം ജില്ലകളെയും അടുത്ത മേളയ്ക്കായി പരിഗണിച്ചിരുന്നു. എന്നാല്‍ 2007ല്‍ കണ്ണൂരിലും 2006ല്‍ എറണാകുളത്തും മേള നടന്നിരുന്നതിനാല്‍ പാലക്കാടിനു തന്നെ നറുക്കു വീഴുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം