മലയാളി ശാസ്‌ത്രജ്‌ഞന്‍ യുഎസ്‌ പ്രസിഡന്റിന്റെ യുവ ശാസ്‌ത്ര പുരസ്‌കാരത്തിനര്‍ഹനായി

November 7, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

രാഹുല്‍ രാമചന്ദ്രന്‍

ന്യൂഡല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ശാസ്‌ത്രജ്‌ഞന്‍ രാഹുല്‍ രാമചന്ദ്രനു മികച്ച യുവ ശാസ്‌ത്രജ്‌ഞനുള്ള യുഎസ്‌ പ്രസിഡന്റിന്റെ അവാര്‍ഡ്‌. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 85 ശാസ്‌ത്രജ്‌ഞരെയാണു പ്രസിഡന്റ്‌ ബറാക്‌ ഒബാമ അവാര്‍ഡിനായി തിരഞ്ഞെടുത്തത്‌. 1996ല്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനാണു യുവ ശാസ്‌ത്രജ്‌ഞര്‍ക്കുള്ള അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. ശാസ്‌ത്ര-സാങ്കേതിക രംഗത്തു യുഎസിനെ മുന്നോട്ടുനയിക്കാന്‍ പര്യാപ്‌തമായ ഗവേഷണമോ കണ്ടുപിടിത്തമോ നടത്തുന്നവര്‍ക്കുള്ളതാണു ബഹുമതി.
പ്രശസ്‌ത ചിത്രകാരനായ എ. രാമചന്ദ്രന്റെയും ചിത്രകാരി ചമേലി രാമചന്ദ്രന്റെയും മകനാണു രാഹുല്‍. യുഎസിലെ അലബാമാ സര്‍വകലാശാലയിലെ ശാസ്‌ത്ര ഗവേഷകനായ രാഹുല്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയ്‌ക്കു വേണ്ടി ചെയ്‌ത ഗവേഷണമാണു ബഹുമതി നേടിക്കൊടുത്തത്‌. ഇപ്പോള്‍ ടെന്നസിയില്‍ യുഎസ്‌ നാഷനല്‍ ലബോറട്ടറിയില്‍ ഗവേഷകനാണു നാല്‍പതുകാരനായ രാഹുല്‍. ഡല്‍ഹി ജാമിയാ മില്ലിയാ സര്‍വകലാശാലയില്‍ നിന്ന്‌ എന്‍ജിനീയറിങ്‌ ബിരുദവും യുഎസില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സിലും അറ്റ്‌മോസ്‌ഫിയറിക്‌ സയന്‍സിലും ബിരുദാനന്തര ബിരുദവും അലബാമയില്‍ നിന്നു പിഎച്ച്‌ഡിയും നേടിയ ശേഷമാണു രാഹുല്‍ നാസയ്‌ക്കു വേണ്ടി ഗവേഷണം നടത്തിയത്‌. കരീന്‍ ആണു ഭാര്യ. മകള്‍ സാചി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം