കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

January 22, 2013 ദേശീയം

Kochi-metro-cochin-metro-rail1ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കൊച്ചി മെട്രോ പദ്ധതികളെക്കുറിച്ചുള്ള 6 തീരുമാനങ്ങള്‍ എടുക്കാനാണ് 10-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേരുന്നത്. പദ്ധതി നിര്‍മ്മാണത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ഉണ്ടാക്കേണ്ട ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. ധാരണാ പത്രം തയ്യാറാക്കാന്‍ രൂപീകരിക്കപ്പെട്ട സബ്കമ്മറ്റിക്ക് യോഗം അംഗീകാരം നല്‍കും.

പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നത് എങ്ങനെയെന്ന കാര്യവും യോഗത്തിന്റെ പരിഗണനക്ക് വരും. ജപ്പാന്‍ അന്താരാഷ്ട ഏജന്‍സിക്ക് പുറമെ മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗം കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.

കോച്ചിന്റെ വലിപ്പം, നീളം, വീതി എന്നിവ സംബന്ധിച്ച് ടെക്‌നിക്കല്‍ സബ്കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. കാക്കനാട് പിഡബ്ലിയുഡി ഭൂമിയില്‍ കെഎംആര്‍എല്‍ നിര്‍മ്മിക്കാന്‍ ഉദ്ദ്യേശിക്കുന്ന കമേഴ്‌സ്യല്‍ കോപ്ലക്‌സിന്റെ ഭൂവിനിയോഗവും ആസൂത്രണവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കന്‍ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള താല്‍പ്പര്യ പത്രവും ബോര്‍ഡ് ഇന്ന് നടക്കുന്ന യോഗത്തില്‍ ക്ഷണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം