ഹൈടെക് മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര മോഷ്ടാവെന്ന് പോലീസ്

January 22, 2013 കേരളം

ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ പട്ടം മുട്ടടയില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളും സുരക്ഷാകാമറകളുമുള്ള വീട്ടില്‍ മോഷണം നടത്തിയത് അന്താരാഷ്ട്ര മോഷ്ടാവാണെന്ന് പോലീസ് വ്യക്തമാക്കി. അഞ്ഞൂറിലധികം മോഷണകേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗ് ആണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരത്ത് ഇയാള്‍ താമസിച്ച ലോഡ്ജിലെ രജിസ്ററില്‍ സ്വന്തം പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇതാണ് പോലീസിന് നിര്‍ണായക തെളിവായത്. ഹൈടെക് വീട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലും ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. പല തവണ ഇയാള്‍ പോലീസിന്റെ വലയിലായിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഭോപ്പാലില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജനുവരി 14 നാണ് ഇയാള്‍ പിടിയിലായത്. അന്നും നേപ്പാള്‍ സ്വദേശിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപെടുകയായിരുന്നു.

ഡല്‍ഹിയില്‍ മുന്‍പ് ഡിറ്റക്ടീവ് ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ ഒരു ചാനല്‍ റിയാല്‍റ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ ജീവിതകഥ ആസ്പദമാക്കി ഓയെ ലക്കി ലക്കി ഓയെ എന്ന പേരില്‍ ഒരു ഹിന്ദി സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. ആഢംബര വാഹനങ്ങളും ആഢംബര വസ്തുക്കളുമാണ് ഇയാളെ ആകര്‍ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പേരൂര്‍ക്കട മുട്ടട ടി.കെ ദിവാകരന്‍ റോഡ് മാങ്കുളം ക്ഷേത്രത്തിനു സമീപം വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ (57) വീട്ടിലാണ് കഴിഞ്ഞ ദിവസം ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. 28 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനമുള്ള ഒരു മിത്സുബിഷി ജീപ്പ്, സോണി എറിക്സന്റെ 1,05,000 രൂപ വിലയുള്ള ലാപ് ടോപ്പ്, 40,000 ഓളം രൂപ വിലവരുന്ന ഒരു നോക്കിയ ലൂമിയ ഫോണ്‍, 15,000 രൂപ വിലമതിക്കുന്ന മറ്റൊരു ഫോണ്‍, 10,000 രൂപയിലേറെ വിലവരുന്ന അരപ്പവന്റെ ഒരു മോതിരം, 2,000 രൂപ എന്നിവയാണ് കവര്‍ന്നത്. ഒമ്പതാം ക്ളാസില്‍ പഠിത്തം അവസാനിപ്പിച്ച ബണ്ടി ഡല്‍ഹി, ചെന്നൈ, മുംബൈ, ബാംഗ്ളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് പ്രധാനമായും കൊള്ള നടത്തിയിട്ടുള്ളത്.

വിലകൂടിയ വാച്ചുകളും കാറുകളും സ്ത്രീകളും ഇയാളുടെ ദൌര്‍ബല്യമാണെന്നും പോലീസ് പറഞ്ഞു. മുമ്പ് പതിമൂന്ന് വര്‍ഷം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഡല്‍ഹിയില്‍ മാത്രം 300 വീടുകളും നൂറ് കടകളും ഇയാള്‍ കൊള്ളയടിച്ചിട്ടുണ്ട്. 2007ലാണ് അവസാനമായി ഇയാള്‍ പിടിയിലാകുന്നത്. വിമാനങ്ങളില്‍ യാത്രചെയ്ത് രക്ഷപ്പെടുന്ന ഇയാള്‍ ഫൈവ് സ്റാര്‍ ഹോട്ടലുകളിലാണ് താമസിക്കുന്നത്. മോഷണം നടത്തിയ സ്ഥലങ്ങളിലെ കാവല്‍ നായ്ക്കളെ മെരുക്കാന്‍ ഇയാള്‍ക്ക് പ്രത്യേക കഴിവുണ്ട്. കേരളത്തില്‍ ബണ്ടിചോര്‍ ഇതിനുമുന്‍പ് മോഷണം നടത്തിയതായി പോലീസിന് വിവരമില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം