കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

January 22, 2013 കേരളം

Supreme_Court11തിരുവനന്തപുരം: കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തലാക്കാനാണ് നീക്കം. ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 1700ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് കോര്‍പ്പറേഷന്‍ അനുമതി തേടുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

സബ്‌സിഡി നിര്‍ത്തലാക്കിയതോടെ കെഎസ്ആര്‍ടിസി ഒരു ലിറ്റര്‍ ഡീസലിന് 60.20 രൂപ നല്‍കണം. നിലവില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 65 കോടിയാണെന്നാണ് കണക്ക്. ഈ മാസം ഇതുവരെ പെന്‍ഷന്‍ നല്‍കിയിട്ടില്ല. 10000 രൂപയെങ്കിലും പ്രതിദിന കലക്ഷനില്ലാത്ത സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്.

ഡീസല്‍ വിലവര്‍ധനവ് ഉണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് 50 ശതമാനത്തോളം സര്‍വ്വീസ് റദ്ദാക്കി. 122 സര്‍വ്വീസുകള്‍ ഉള്ള തിരുവനന്തപുരം വികാസ് ഭവനില്‍ 69 സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതോടെ വരുമാനത്തില്‍ വന്‍കുറവുണ്ടായി. ഇന്നലെ മാത്രം ഒരു കോടിയിലധികം രൂപയുടെ കുറവാണുണ്ടായത്. യാത്രാക്ലേശവും രൂക്ഷമായി. മലബാര്‍ മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ മലയോര മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി.

അതേസമയം വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ തയ്യാറാണെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയാണ് എടുക്കേണ്ടതെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം