ഗര്‍ഗ്ഗഭാഗവതസുധ – വ്രജമാഹാത്മ്യം

January 23, 2013 സനാതനം

 ചെങ്കല്‍ സുധാകരന്‍

14. വ്രജമാഹാത്മ്യം

മഹാസംഭവങ്ങള്‍ ലോകത്തുണ്ടാകാറുണ്ട്. അത്തരം സംഭവങ്ങള്‍ക്കുപിന്നില്‍ മഹാന്മാരുണ്ടായിരിക്കും. ആ മാഹാത്മ്യങ്ങളോടൊട്ടും കുറയാത്ത മാഹാത്മ്യം ശ്രേഷ്ഠകര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലത്തിനുമുണ്ട്. ധര്‍മ്മരക്ഷചെയ്യാനവതരിച്ച ശ്രീകൃഷ്ണന്റെ ബാലലീലകള്‍ക്കാസ്ഥാനമായ വൃന്ദാവനമുള്‍പ്പെട്ട മഥുരാമണ്ഡലമാണ് വ്രജഭൂമിയെന്നറിയപ്പെടുന്ന ദിവ്യസ്ഥലം! മഹാഭാഗവതത്തില്‍ വ്യാസമഹര്‍ഷി ഈ പുണ്യഭൂമിയുടെ മഹിമ വാഴ്ത്തിയിട്ടുണ്ട്. എന്നാല്‍, ഗര്‍ഗ്ഗാചാര്യര്‍ അല്പം വ്യത്യാസത്തോടെയാണ് വ്രജമഹിമ പറയുന്നത്. നാം കേട്ടു ശീലിച്ച കഥകളില്‍ നേരിയ വ്യത്യാസം ഗര്‍ഗ്ഗഭാഗവതത്തില്‍ കാണാം.

GargaBSഅടിക്കടിയുണ്ടായ ഉപദ്രവങ്ങളാല്‍ ആമ്പാടി അസ്വസ്ഥമായി. നായകന്മാരായ ഗോപന്മാര്‍ പരിഹാരം ആലോചിച്ചു. നന്ദഗോപരും വൃക്ഷഭാനുവും ഉപനന്ദനന്മാരും വൃദ്ധഗോപന്മാരും ഒരുമിച്ചുകൂടി. നന്ദന്‍ തന്റെ കൂട്ടരോടു പറഞ്ഞു: ‘ഈവിടെ ആപത്തുകള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതു തരണം ചെയ്യാന്‍ എന്താണുവേണ്ടത്?’

കൂട്ടത്തില്‍ ബുദ്ധിമാനും ചിന്താശീലനുമായ ഉപനന്ദന്‍ നന്ദരാജന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു:

‘നമുക്ക്, എല്ലാരുമൊത്ത് മറ്റൊരു ദിക്കിലേക്കു പോകാം. അവിടെ ആപത്തുകള്‍ ബാധിക്കുകയില്ല. മാത്രമല്ല, ഞങ്ങള്‍-വ്രജ വാസികള്‍ക്ക് പ്രാണാധികപ്രിയനാണ് കൃഷ്ണന്‍. അവന് എത്രയെത്ര ആപത്തുകള്‍ വന്നു ചേരുന്നു! ഇതു പൊറുക്കുന്നതെങ്ങനെ?

അതുകൊണ്ട്, നമുക്ക് കുട്ടികളുമൊരുമിച്ച് വൃന്ദാവനത്തിലേക്കു പോകാം. ആപത്തുകളൊഴിയുമ്പോള്‍ തിരിച്ചുവരാം.’  തുടര്‍ന്ന്, ഉപനന്ദന്‍ വൃന്ദാവനത്തെപ്പറ്റി വിവരിച്ചു. കേള്‍പ്പിച്ചു. ‘ബാഹിഷ്മതീപുരിക്കു കിഴക്കുവടക്കും യദുപൂരിക്കു തെക്കും ശോണപുരത്തിനു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് മഥുരാമണ്ഡലം! അതില്‍ ഇരുപതുയോജനവിസ്തീര്‍ണമുള്ള ദിവ്യമായ പ്രദേശമാണ് വ്രജം! അത് മുഖ്യതീര്‍ത്ഥവുമാണ്. ശ്രീകൃഷ്ണന്‍ അവതരിച്ച് അവിടെ ലീലകളാടുമെന്ന് ദൈവജ്ഞന്മാര്‍ മുമ്പേ പറഞ്ഞിരുന്നു.

‘വൈകുണ്ഠാന്നാപരോ ലോകോ
ന ഭൂതോ ന ഭവിഷ്യതി
ഏകം വൃന്ദാവനം നാമ
വൈകുണ്ഠാച്ച പരാപരം’

(വൈകുണ്ഠത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു സ്ഥലം വേറെയില്ല. മുമ്പില്ല. ഭാവിയിലുമില്ല. എന്നാല്‍, വൃന്ദാവനം വൈകുണ്ഠത്തെയും വെന്നിരിക്കുന്നു.) കാരണം, ഇവിടെയാണ് ഗോവര്‍ദ്ധനം സ്ഥിതിചെയ്യുന്നത്. കാളിന്ദിയുടെ മനോഹരമായ പുളിനവും ഇവിടെയാണ്. ഗോപീഗോപന്മാര്‍ക്ക് വിഹരിക്കുവാന്‍ സൗകര്യമുണ്ട്. പശുക്കള്‍ക്ക് വേണ്ടുവോളം പുല്ലു ലഭിക്കും. ധാരാളം വള്ളിക്കുടിലുകളും ഉണ്ട്.

വൃന്ദാവനമഹിമ വ്യക്തമാക്കുന്ന ഒരു പൂര്‍വ്വകഥ ഉപനന്ദന്‍ ഗോപന്മാരോടു പറഞ്ഞു. പണ്ട് ശംഖന്‍ എന്നൊരു അസുരാഗ്രണി ഉണ്ടായിരുന്നു. പ്രളയമടുത്തപ്പോള്‍ അവന്‍ ബ്രഹ്മാവില്‍നിന്ന് വേദം കവര്‍ന്നെടുത്തു. ദേവന്മാരെ യുദ്ധത്തില്‍ തോല്പിച്ചു. എന്നിട്ട്, സമുദ്രത്തില്‍ മുങ്ങിയൊളിച്ചു. വേദം നഷ്ടമായപ്പോള്‍ ദേവന്മാരുടെ ബലവും പോയി.

സംരക്ഷകനായ മഹാവിഷ്ണു മത്സ്യരൂപമെടുത്ത് പ്രളയസമുദ്രത്തിലിറങ്ങി. ആ അസുരേശ്വരനുമായി യുദ്ധം ചെയ്തു. കൊടിയയുദ്ധം ദിവസങ്ങള്‍ നീണ്ടു. അവസാനം ശ്രീഭഗവാന്‍ ചക്രായുധംകൊണ്ട് ശംഖന്റെ ശിരസ്സ് ഛേദിച്ചു.

ശംഖനെ വധിച്ച വിഷ്ണു ദേവന്മാരോടൊപ്പം പ്രയാഗിലെത്തി. താന്‍ വീണ്ടെടുത്ത വേദം ബ്രഹ്മാവിനു നല്‍കി. തുടര്‍ന്ന് വിഷ്ണു, വിദ്ധ്യനുസാരം ഒരു യജ്ഞം നടത്തി. പ്രയാഗയെ തീര്‍ത്ഥരാജനായി അഭിഷേചിച്ചു. ജംദ്വീപത്തിലുള്ള തീര്‍ത്ഥങ്ങളെല്ലാം പ്രയാഗയെ തീര്‍ത്ഥരാജനെന്ന് മാനിച്ചു. സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

ആ സന്ദര്‍ഭത്തില്‍ ശ്രീനാരദന്‍ പ്രയാഗയിലെത്തി. അദ്ദേഹം പറഞ്ഞു: ഹേ, തീര്‍ത്ഥശ്രേഷ്ഠ! അങ്ങ് തീര്‍ത്ഥരാജനും ദിവ്യനുമെന്നറിഞ്ഞിട്ടാണ് ഞാനിവിടെ എത്തിയത്. എന്നാല്‍, വ്രജ-വൃന്ദാവനതീര്‍ത്ഥങ്ങളോ പ്രതിനിധികളോ അങ്ങയെ സമീപിച്ചിട്ടില്ലെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. ആ അഹങ്കാരികള്‍ അങ്ങയെ അവഗണിക്കുകയല്ലേ?

പ്രയാഗ ഇതുകേട്ട് ക്ഷോഭിച്ചു. കോപിഷ്ഠനായി വൈകുണ്ഠത്തിലെത്തി. മഹാവിഷ്ണുവിനെ നമസ്‌കരിച്ചു പറഞ്ഞു. ഭഗവാനേ, അങ്ങ് എന്നെ തീര്‍ത്ഥരാജനായി വാഴിച്ചു. എല്ലാ തീര്‍ത്ഥങ്ങളും എന്നെ മാനിക്കുന്നു. എന്നാല്‍, മഥുരാമണ്ഡലത്തിലെ തീര്‍ത്ഥങ്ങള്‍ എന്നെ അവഗണിക്കുകയാണ്. അവയെന്നെ മാനിക്കുന്നില്ല. മഹാവിഷ്ണു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. നിന്നെ ഞാന്‍, ഭൂമിയിലെ തീര്‍ത്ഥരാജനായിട്ടാണ് വാഴിച്ചത്. അവയ്ക്കു മാത്രമേ – ഭൂമിയിലെ തീര്‍ത്ഥങ്ങള്‍ക്ക് നിന്നോട് വിധേയത്വമുള്ളൂ. നീ എന്തിനാണ് മദോന്മത്തനായി സംസാരിക്കുന്നത്? സ്വസ്ഥാനത്തേക്കു പോവുക!’

‘മഥുരാമണ്ഡലം സാക്ഷാ-
ന്മന്ദിരം മേ പരാല്‍പരം
ലോകത്രയാത് പരം ദിവ്യം
പ്രളയേfപി ന സംഹൃതം’

(മഥുരാമണ്ഡലം എന്റെ വസതിയാണ്. ത്രിലോകങ്ങളില്‍വച്ച് ദിവ്യവുമാണ്. അവിടുള്ള തീര്‍ത്ഥങ്ങള്‍ പ്രളയകാലത്തുപോലും നശിക്കുന്നവയല്ല).

വാസ്തവമറിഞ്ഞ പ്രയാഗ (തീര്‍ത്ഥരാജന്‍) ആശ്ചര്യഭരിതനായി. പിന്നീട്, ശാന്തനായി മഥുരാമണ്ഡലത്തിലെ തീര്‍ത്ഥങ്ങളെ മാനിച്ച് ക്ഷമാപണം ചെയ്തു. നമസ്‌കരിച്ച് പിന്‍വാങ്ങി’.

തീര്‍ത്ഥരാജന്‍ ഇങ്ങനെ ചെയ്തത് ഭൂമിദേവിയുടെ മദാപഹരണത്തിനായിരുന്നത്രേ. ഉപനന്ദനില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കിയ നന്ദഗോപന് ഭൂമിയുടെ ദുരഭിമാനകഥയില്‍ ജ്ഞാസയുണ്ടായി. ഉപനന്ദന്‍ അക്കഥ വിവരിച്ചു. ഭഗവാന്റെ വരാഹാവതാര കഥയുമായി ബന്ധപ്പെട്ടതായിരുന്നു അത്.

‘വരാഹമായവതരിച്ച ഭഗവാന്‍ വിഷ്ണു ഭൂമിയെ തന്റെ തേറ്റമേലെടുത്ത് ഉദ്ധരിച്ചു. ദംഷ്ട്രയില്‍ വഹിച്ചുകൊണ്ട് ജലത്തിലൂടെ സഞ്ചരിച്ചു. അപ്പോള്‍, രക്ഷകനായ വിഷ്ണുവിനോട് ഭൂമിദേവി ചോദിച്ചു.

ഹേ ദേവ ദേവ, അങ്ങ് ഈ ജലപ്പരപ്പില്‍, എവിടെയാണ് എന്നെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്? വൃക്ഷങ്ങള്‍ കാണുന്നതെവിടെയോ അവിടെ. മഹാവിഷ്ണു മറുപടി പറഞ്ഞു. ഇതുകേട്ട്, ഭൂമിദേവി, ചിരിച്ചുകൊണ്ടു ചോദിച്ചു: ഭഗവാനേ, വൃക്ഷലതാദികളുടെ ഉത്പത്തിപോലും എന്നില്‍നിന്നാണ്. ഭൂമിയിലല്ലാതെ വൃക്ഷങ്ങള്‍ എവിടെയാണുണ്ടാവുക? ഞാനല്ലേ അവയെ ധരിക്കുന്നത്? എന്നെ ‘ധരണി’ എന്നു വിളിക്കുന്നതും അതുകൊണ്ടാണല്ലോ!

ശരി, അങ്ങോട്ടു നോക്കൂ. മഹാവിഷ്ണു ദൂരെ ചൂണ്ടിക്കാട്ടി ഭൂമിദേവി അദ്ഭുതപ്പെട്ടുപോയി. ധാരാളം വൃക്ഷങ്ങള്‍ വെള്ളത്തില്‍ നില്‍ക്കുന്നു! സ്തബ്ധയായ ഭൂമി ശ്രീഹരിയോടു ചോദിച്ചു: ഭഗവാനേ, തളിര്‍ത്തുനില്‍ക്കുന്ന ഈ വൃക്ഷങ്ങള്‍ ഏതുസ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്? അതുകേട്ട് ശ്രീഹരി ഇപ്രകാരം പ്രതിവചിച്ചു:-

‘മാഥുരം മണ്ഡലം ദിവ്യം
ദൃശ്യദേfേ്രഗ നിതംബിനി
ഗോലോകഭൂമി സംയുക്തം
പ്രലയേപി ന സംഹൃതം’

(ഹേ സുന്ദരീ, അക്കാണുന്നത് മഥുരാമണ്ഡലമാണ്. അതാകട്ടെ, ഗോലോകത്തിന്റെ ഭാഗമാണ്. പ്രളയകാലത്തുപോലും ആ പുണ്യഭൂമിക്ക്, നാശമുണ്ടാവുകയില്ല.)

ഇതുകേട്ട് ഭൂമിദേവി ലജ്ജിച്ചു. ഗര്‍വ് നിശ്ശേഷം ഇല്ലാതായി. താന്‍ മാത്രമാണ് ‘ധരണി’ എന്നുറച്ചിരുന്ന ഭൂമിയുടെ അഹങ്കാരം തീര്‍ത്തും കുറഞ്ഞു. ‘വ്രജഭൂമിരഹസ്യം അറിയുന്നവര്‍, അവരെത്ര പാപിഷ്ഠരായാലും അവരുടെ പാപമെല്ലാം അകലും. ജീവന്മുക്തരാകും. കാരണം, വ്രജം (മഥുരാമണ്ഡലം) എല്ലാ തീര്‍ത്ഥങ്ങളേയുംകാള്‍ ശ്രേഷ്ഠമെന്നതുതന്നെ.’ ഉപനന്ദന്‍ ഇതറിയിച്ചപ്പോള്‍ ഗോപന്മാര്‍ ആശ്ചര്യഭരിതരായി! ആനന്ദപുളകിതരായി!

മത്സ്യാവതാരകഥയോടു സാമ്യമുളള ഒരു കഥയാണിതിന്റെ ആദ്യഭാഗം! രണ്ടാമത്തേത് വരാഹാവതാരത്തോടും. ഭാഗവതകഥകളില്‍നിന്ന് അല്പാല്പമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുമാത്രം. വ്രജഭൂമിയുടെ നന്മ വിശദമാക്കുകയാണ് കഥകളുടെ ലക്ഷ്യം. ദ്രമിളന്റെ ജലാഞ്ജലിയില്‍ പറ്റിക്കൂടിയ മാത്സ്യകഥ ഗര്‍ഗ്ഗന്‍ സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഭാഗവതകഥയില്‍ വേദാപഹരണം നടത്തുന്നത് ഹയഗ്രീവനാണ്. ഗര്‍ഗ്ഗഭാഗവതത്തില്‍ അസുരനായ ശംഖനാണ്. ബാക്കികഥകള്‍ – പ്രയാഗാകാര്യമൊഴിച്ചാല്‍ – സമമാണ്. വരാഹകഥയിലും ഭാഗവതീയ കഥാവിസ്തൃതി സ്വീകരിച്ചിട്ടില്ല. തീര്‍ത്ഥരാജനായ വ്രജമണ്ഡലത്തിന്റെ പ്രശസ്തി കാണിക്കാന്‍ പ്രസക്തമായകഥാഖണ്ഡം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.

ഈ കഥയുടെ സൂക്ഷ്മപഥങ്ങളിലൂടെ സഞ്ചരിക്കാം. അടുത്തടുത്ത് ആപത്തുവന്നപ്പോള്‍ ഗോപന്മാര്‍ പരിഹാരമന്വേഷിച്ചു. വൃന്ദാവന (വ്രജ) മഹിമ അവരെ ധരിപ്പിച്ചത് ഉപനന്ദനായിരുന്നു. അദ്ദേഹം ജ്ഞാനിയും ചിന്താശീലനുമായിരുന്നു. വ്രജമാഹാത്മ്യം ജ്ഞാനിക്കേ അറിയാന്‍ കഴിയൂ. വ്രജ ശബ്ദത്തിന്റെ പൊരുളു മുതല്‍ അന്വേഷിക്കുന്നതുകൊള്ളാം. പല അര്‍ത്ഥങ്ങളുണ്ടെങ്കിലും സംസ്‌ക്കരിക്കുക എന്ന അര്‍ത്ഥത്തിനാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടത്. ‘വ്രജനം’ എന്നാല്‍ ‘ഗമിക്കല്‍’ എന്നും അര്‍ത്ഥമുണ്ട്. ‘നടക്കുക’ എന്നാല്‍ സഞ്ചാരം/വൃത്തി/ചരിത്രം/ധര്‍മ്മം എന്ന് കണക്കാക്കണം. പൊതുവില്‍ ധര്‍മ്മാനുഷ്ഠാനം എന്ന് അര്‍ത്ഥം കണ്ടാലും തെറ്റില്ല. ആരെയും സംസ്‌കരിക്കുന്ന/നന്നാക്കുന്ന ഇടം എന്ന അര്‍ത്ഥം വ്രജത്തിനു യോജിക്കും. ശ്രീകൃഷ്ണഭഗവാന്റെ ലീലാവിലാസങ്ങളാല്‍ പ്രസിദ്ധവുമാണ് ആ സ്ഥലം! വ്രജത്തെ തീര്‍ത്ഥരാജനായ പ്രയാഗയേക്കാള്‍ ശ്രേഷ്ഠമെന്നു കല്പിച്ചു ഗര്‍ഗ്ഗപ്രതിഭ പ്രശംസനീയംതന്നെ.

ശംഖാസുരനും മത്സ്യമൂര്‍ത്തിയുമായുള്ള യുദ്ധവും വേദങ്ങള്‍ വീണ്ടെടുക്കുന്ന കഥയും ശ്രദ്ധേയമാണ്. ശംഖന്‍ അസുരനാണ്. ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ രമിക്കുന്നവന്‍. അയാള്‍ പിതാമഹനില്‍നിന്ന് വേദം കട്ടെടുക്കുന്നു. വേദം ജ്ഞാനമാണ്. അത് ആര്‍ക്കുകിട്ടിയാലും നന്നാണ്. പക്ഷേ, ഇവിടെ അതല്ല സംഭവിച്ചത്. അസുരനായ ശംഖന്‍, വേദം (ജ്ഞാനം) കവരുകയായിരുന്നു. കുമാര്‍ഗ്ഗത്താല്‍ നേടിയത്, ജ്ഞാനമായാലും, സത്ഫലമുണ്ടാക്കുകയില്ല. ശംഖന്‍ വേദവുംകൊണ്ട് പ്രളയജലത്തില്‍ മുങ്ങി. ജ്ഞാനം അയാളുടെ അജ്ഞാനജലത്തില്‍ മുങ്ങിപ്പോയി. അതു വീണ്ടെടുക്കാന്‍ മത്സ്യാവതാരം വേണ്ടിവന്നു.

സ്വന്തം പ്രവൃത്തിയില്‍ മറ്റുള്ളവര്‍ക്കു നന്മയുണ്ടാക്കുന്നവര്‍ക്കുദാഹരണമാണ് മത്സ്യം. ജലത്തിലെ അഴുക്കെല്ലാം സ്വയം സ്വീകരിച്ച് ദാഹാര്‍ത്തര്‍ക്ക് ശുദ്ധജലം നല്‍കുന്നതില്‍ മറ്റ് യാദസ്സുകളെക്കാള്‍ പ്രധാനപ്പെട്ട പങ്കാണ് മത്സ്യത്തിനുള്ളത്. പരോപകാരാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവരുടെ മകുടോദാഹരണമാണത്. വെള്ളത്തിലൂടെ സഞ്ചരിച്ച മത്സ്യമൂര്‍ത്തി അസുരനെ കണ്ടെത്തി. നിസ്ത്രന്ദ്രമായ അന്വേഷണത്തിലൂടെ തന്നിലെ കുറവേതെന്നു കണ്ടെത്തുന്ന തപസ്വിയെ നമുക്കിവിടെ ഉപദര്‍ശിക്കാം. ശംഖനെ ചക്രായുധംകൊണ്ട് വധിച്ചു. ജ്ഞാനി ആസുരതയെ ജയിച്ചു എന്നു സാരം! വേദം തിരിച്ചുകിട്ടിയപ്പോള്‍ ദേവന്മാര്‍ വീണ്ടും പ്രബലരായി. ജ്ഞാനം (വിവേകം) നഷ്ടമാകുമ്പോള്‍ ദുര്‍ബലരാവുകയും ലഭിക്കുമ്പോള്‍ പ്രബലരാവുകയും ചെയ്യുക സ്വാഭാവികമാണല്ലോ. സത്യാസത്യവിവേകം നേടി ദേവത്വം ബലവത്തായി എന്നു സാരം. ജ്ഞാനിയുടെ കര്‍മ്മം യജ്ഞമാണ്. അതു ചെയ്യുന്നയാള്‍ ദിവ്യനും. പ്രസ്തുതയജ്ഞം നടക്കുന്ന സ്ഥലവും ദിവ്യം! ‘പ്രയാഗ’ തീര്‍ത്ഥരാജനായതിലെ രഹസ്യവും ഇതുതന്നെ. പ്രകര്‍ഷേണ ചെയ്യപ്പെട്ട യാഗം (യജ്ഞം) ആണ് ‘പ്രയാഗ’ എന്ന സംജ്ഞക്ക് ആധാരമായത്. അത്തരമൊരു ദിവ്യസ്ഥാനം സര്‍വ്വരാലും വന്ദ്യമാകാതിരിക്കുകയില്ല. എല്ലാ തീര്‍ത്ഥങ്ങളും പ്രയാഗയെ വന്ദിച്ച് സമ്മാനം നല്കി എന്നതിലെ പൊരുളും അതുതന്നെ.

ആര്‍ജ്ജിക്കുന്ന നന്മ നിലനിറുത്തുന്നതിന് കഠിനയത്‌നം വേണ്ടിവരും. ഏതും പ്രയത്‌നത്തിലൂടെ സാധിക്കാം. പക്ഷേ, കിട്ടിയ ശ്രേഷ്ഠത നിലനിറുത്തുക വിഷമകരമാണ്. അതിന് അനുനിമിഷം ആത്മപരിശോധനയും സ്വധര്‍മ്മത്തില്‍ അടിയുറച്ചു ദൃഢവ്രതവും ആവശ്യമാണ്. ഇല്ലെങ്കില്‍ നാം പരവശരാകും. പ്രയാഗയ്ക്കും അതുതന്നെ സംഭവിച്ചു. മറ്റു തീര്‍ത്ഥങ്ങളെല്ലാം വന്ദിക്കുകയും സ്തുതിക്കുകയും ചെയ്തപ്പോള്‍, തീര്‍ത്ഥരാജനെന്ന സ്ഥാനം ലഭിച്ചപ്പോള്‍, അതിന് അഹം വളര്‍ന്നുതുടങ്ങി. മറ്റേവരും തന്നെ ആദരിക്കണമെന്ന നിര്‍ബ്ബന്ധം വളര്‍ന്നുവന്നു!

വ്രജതീര്‍ത്ഥങ്ങള്‍ തന്നെ അഭിനന്ദിച്ചില്ലെന്നറിഞ്ഞ പ്രയാഗ ക്ഷോഭിച്ചു. അതിനുകാരണവും മേല്‍ക്കാണിച്ചതാണ്. അഭിമാനം/ താനെന്നഭാവം ആരെയും ആ നിലയിലെത്തിക്കും. അതോടെ സ്വനില മറക്കും. സമനില തെറ്റും. ചിലപ്പോള്‍ കഠിനഭാഷയില്‍ സംസാരിച്ചുപോവുകയും ചെയ്യും. തീര്‍ത്ഥരാജന്‍ ശ്രീഭഗവാനെ സമീപിച്ച് കോപിച്ച് സംസാരിച്ചത് ഈ സ്വഭാവത്തിലാണ്. വ്രജം തന്നെ നിന്ദിച്ചു എന്നാവലാതിപ്പെട്ടതും ഈ അടിസ്ഥാനകാരണത്താലാണ്.

ഭൂമണ്ഡലത്തിലെ തീര്‍ത്ഥങ്ങളുടെ നായകസ്ഥാനമാണ് പ്രയാഗയ്ക്കുള്ളതെന്നും വ്രജം ത്രിലോകത്തിനുമതീതമാണെന്നും ഭഗവാന്‍ പ്രയാഗയെ ബോദ്ധ്യപ്പെടുത്തി. ബാഹ്യമായ കഥ വായിച്ചാല്‍ വെറും ഒരു തീര്‍ത്ഥമാഹാത്മ്യകഥനമായേ അനുഭവപ്പെടുകയുള്ളൂ. സൂക്ഷ്മചിന്തയ്ക്കു വിധേയമാകുമ്പോള്‍, ഇത് മനുഷ്യമനസ്സിലേക്കു തിരിച്ചു പിടിച്ചിരിക്കുന്ന കണ്ണാടിയായി മാറുന്നു. പ്രയത്‌നിച്ചു നേടുന്ന മനഃശുദ്ധിപോലും നിരന്തരശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ കലുഷിതമായിപ്പോകുമെന്ന പാഠം ഗര്‍ഗ്ഗാചാര്യര്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.

വരാഹാവതാരകഥയും, വ്രജമാഹാത്മ്യവും വ്യക്തമാക്കാനാണ് ആചാര്യന്‍ നിബന്ധിച്ചിരിക്കുന്നത്. ഭൂമിയുടെ മദദമനകഥാകഥനത്തിലൂടെ ഈശ്വര സാന്നിധ്യമുള്ള സ്ഥലം അനശ്വരമാണെന്ന് ഇത് വ്യക്തമാക്കുന്നു. സ്വധര്‍മ്മമനുസരിച്ച് ഭഗവദ്ഭക്തരായി കഴിയുന്നവര്‍ ഏവരാലും അഭിവന്ദ്യരായിരിക്കുമെന്ന് വെളിവാക്കുന്നു.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം