ശ്രീ ശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 10

January 24, 2013 സനാതനം

പണ്ഡിതരത്നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍
ഒരേ പ്രാണന്‍തന്നെ പ്രാണന്‍ , അപാനന്‍ , യാനന്‍ , ഉദാനന്‍ , സമാനന്‍ എന്നിങ്ങനെ വ്യവഹരിക്കുന്നതിന്റെ പൊരുളാണ് ഈ ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുന്നത്.

സുവര്‍ണസലീല ദീവത്

വിവേക ചു‍ഢാമണി – 95

സ്വര്‍ണ്ണം വെള്ളം എന്നിവയുടെ കാര്യം പോലെ.

നാസികാദ്വാരങ്ങളിലൂടെയും വായിലൂടെയും സഞ്ചരിക്കുന്ന വായുവാണ് പ്രാണന്‍ . ഇതിന്റെ സ്ഥാനം ഹൃദയമാണ്. മലമൂത്രാദികളെ പുറത്തേക്കുതള്ളുന്ന ശക്തിയാണ് അപാനന്‍ . ഇത് ബുധത്തില്‍ സ്ഥിതിചെയ്യുന്നു. ദഹിക്കപ്പെട്ട ആഹാരത്തിന്റെ സത്ത് നാഡീവ്യൂഹങ്ങളിലേക്ക് എത്തിക്കുന്ന ശക്തിയാണ് വ്യാനന്‍ .

ഇത് ശരീരത്തില്‍ മൊത്തമായും വ്യാപിച്ചിരിക്കുന്നു. ശരീരത്തിന്റെ മുകള്‍ഭാഗത്തേക്കുപോകുന്ന ഒരു ശക്തിയാണ് ഉദാനന്‍ . ശര്‍ദ്ദിക്കുന്നതും ഓക്കാനിക്കുന്നതും മറ്റും ഉദാനന്‍ നിമിത്തമായിട്ടാണ്. ഇതിന്റെ വാസം കണ്ഠദേശത്താണ്. ദഹനത്തെ സഹായിക്കുന്ന ശക്തിയോടുകൂടിയാണ് സമാനന്‍ . സമാനന്റെ ഇരിപ്പ് നാഭിയിലാണ്.

ഈ അവസരത്തില്‍ ഒരാള്‍ക്ക് ന്യായമായും ഒരു സംശയം ഉണ്ടാകാം. ഒരേ പ്രാണവായുതന്നെ എങ്ങനെയാണ് വ്യത്യസ്തങ്ങളായ സ്വഭാവങ്ങളോടും പ്രവൃത്തികളോടും വാസസ്ഥലങ്ങളോടുംകൂടി ഇരിക്കുക? ഈ സംശയത്തിന്റെ നിവാരണമാണ്. പ്രകൃതി ദൃഷ്ടാന്തം. സ്വര്‍ണ്ണത്തിന്റെയും വെള്ളത്തിന്റെയും കാര്യങ്ങള്‍ എടുത്തുകാട്ടിയാണ് പ്രകൃതത്തില്‍ വന്നുചേര്‍ന്ന സംശയം ദുരീകരിക്കുന്നത്.

ഒരേ വസ്തുവായ സ്വര്‍ണ്ണംതന്നെയാണ് നാനാതരത്തില്‍പ്പെട്ട ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇപ്രകാരം ഒരേ സ്വര്‍ണ്ണംതന്നെ ആഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിച്ചതെങ്കിലും രൂപവും നാമവും അതിന്റെ ഉപയോഗവും കണക്കിലെടുത്ത് അവ മാല, മോതിരം, കമ്മല്‍, വള, പാദസരം എന്നിങ്ങനെ ഭിന്നങ്ങളായി വ്യവഹരിക്കപ്പെടുന്നു. എന്നാല്‍ രൂപത്തിലും പ്രയോജനത്തിലുമുള്ള ഈ വ്യത്യാസം സ്വര്‍ണ്ണം എന്ന ലോഹസ്വരൂപത്തിന് ഒരു ഭേദവും വരുത്തുന്നില്ല.

മേല്‍സൂചിപ്പിച്ച നിലയിലുള്ളതുതന്നെയാണ് വെളളത്തിന്റെയും കാര്യം. ഓളങ്ങള്‍ , തിരമാലകള്‍ , ചുഴികള്‍ , പത, കുമിള എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാമവും ക്രിയയും ഉണ്ടെങ്കിലും അവ ജലത്തില്‍നിന്നും ഭിന്നമല്ല. എങ്കിലും അവയുടെ ഭിന്നരൂപവും പ്രവൃത്തിയും കണക്കിലെടുത്ത് അവ ഭിന്നങ്ങളെന്നോണം വ്യവഹരിക്കപ്പെടുന്നു.

ഭിന്നമായ വ്യവഹാരം ജലത്തിന്റെ ഏകത്വത്തിനോ ഗുണത്തിനോ ദോഷം ചെയ്യുന്നില്ല. ഒരേ സമയം തന്നെ തികച്ചും വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ക്ക് യോജിച്ചതായി കണക്കാക്കുന്ന ഒരു ദൃഷ്ടാന്തം പതഞ്ജലി എടുത്തുകാട്ടുന്നത് സ്മരണീയമാണ്.

ഏകാച സന്ധ്യ / ഭിന്നാച പ്രവൃത്തിഃ

ഒരേ സന്ധ്യ പ്രയോജനം പലത്.

സന്ധ്യ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം പണിനിര്‍ത്തുവാനുള്ള സമയം. അമ്മുമ്മയ്ക്ക് രാമനാമം ജപിക്കുവാനുള്ള സമയം. കുട്ടികള്‍ക്ക് കളിനിര്‍ത്തുവാനുള്ള സമയം. പക്ഷികള്‍ക്ക് ചേക്കാറാനുള്ള സമയം. കള്ളന് മോഷണം നടത്തുവാനുള്ള സമയം. ഇങ്ങനെപോകുന്നു അതിന്റെ പ്രയോജനം.

ഇവിടെ സന്ധ്യ നാനാതരത്തില്‍പ്പെട്ട പ്രവൃത്തികളുടെ സമയമാണെങ്കിലും സന്ധ്യ എന്ന ഏകത്വത്തിന് ദോഷമില്ല. ഇപ്രകാരം ഏകമായ സ്വര്‍ണ്ണത്തിന് വിവിധ ആഭരണങ്ങളായി വ്യവഹരിക്കുന്നതുപോലെ, ഏകമായ വെള്ളത്തിലെ ഓളം, പത, കുമിള എന്നിങ്ങനെ വ്യവഹരിക്കുന്നതുപോലെ ഒരേ പ്രാണവായുവിനെ തന്നെ പലതരത്തില്‍ വ്യവഹരിക്കാം. ഭിന്ന വ്യവഹാരങ്ങള്‍ പ്രാണന്റെ ഏകത്വത്തിന് ദോഷം ചെയ്യുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം