”നമുക്കുള്ളത് നമുക്ക് തന്നെ”

January 24, 2013 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബ്രഹ്മജ്ഞാനിയായ സ്വാമിജിയുടെ സങ്കല്പത്തില്‍ ”നമുക്കുള്ളത്” എന്ന പ്രതിപാദ്യം നിത്യമായ ബ്രഹ്മസങ്കല്പം തന്നെയാണ്. അതു ”നമുക്കുതന്നെ കിട്ടു” മെന്നുള്ള അഭിപ്രായം വളരെയേറെ ഗഹനവും ഗുഹ്യവുമാണ്. സാധാരണജനങ്ങള്‍ക്ക് അതുസുഗമവും ക്ഷിപ്രസാധ്യവുമല്ല. ചെയ്തുപോയ കര്‍മങ്ങളുടെ ഫലമനുഭവിച്ചതിനുശേഷമേ മുക്തിയിലേക്കു കടക്കാനാകൂ. അതും പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം രാജസതാമസഗുണങ്ങളുടെ കര്‍മങ്ങള്‍ അനുഭവിച്ചു തീര്‍ന്നാലും മോക്ഷം കൈവരണമെന്നില്ല. കര്‍മാനുഭവംകൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങള്‍ വിവേചിച്ചറിഞ്ഞശേഷം കര്‍മമുക്തി നേടുന്നതിനാവശ്യമായ മാര്‍ഗം സ്വയം കണ്ടെത്തുകയോ സദ്ഗുരുവില്‍നിന്ന് ലഭിക്കുകയോ വേണം. ക്രമമായ സാധനമുടങ്ങാതെ അനുഷ്ഠിക്കുകയും വേണം. തല്‍ഫലമായി രാജസതാമസഗുണങ്ങളുടെ വൃത്തിഭേദത്തില്‍നിന്നും സാത്വികത്തിലേക്ക് പുരോഗമിക്കുന്നു. സാത്വികഗുണപ്രധാനമായ വൃത്തികള്‍ ഈശ്വരീയശരീരം രൂപീകരിക്കുന്നതിന് പ്രയോജനമാകുന്നു. അനന്തരമുള്ള പുരോഗതി നിത്യവും നിര്‍മുക്തവുമായ ബ്രഹ്മപദവിയിലെത്തുന്നതിന് സഹായിക്കുന്നു.

”നിത്യവും ചെയ്യുന്ന കര്‍മഗണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്ന്യന്‍ ഭുജിക്കുമോ
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ.”

കര്‍മഗുണങ്ങളുടെ ഫലങ്ങള്‍ എന്തായാലും കര്‍മം ചെയ്യുന്നവന്‍ അനുഭവിച്ചേ തീരൂ. നന്മയായാലും തിന്മയായാലും കര്‍മഫലം അനുഭവിക്കുന്നതില്‍ നിന്ന് മാറി നില്ക്കാനാകില്ല. അതിന് ഭൂതമെന്നും ഭാവിയെന്നും വര്‍ത്തമാനമെന്നുള്ള കാലപരിഗണനയും ബാധകമല്ല. അധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയങ്ങള്‍ പൂര്‍വ്വകര്‍മഫലമായും വര്‍ത്തമാനകര്‍മഫലമായും അനുഭവിക്കുന്നവയാണ്. കര്‍മങ്ങളുടെ അതിശക്തമായ സ്വാധീനത അവതാര പുരുഷന്മാര്‍ക്കും മൂര്‍ത്തിഭേദത്തോടുകൂടിയ ഈശ്വരന്മാര്‍ക്കുംകൂടി അനുഭവിക്കേണ്ടി വരുന്നു. മഹാത്മാവായ ഭര്‍ത്തൃഹരി ഇക്കാര്യം രസാവഹമായും കാര്യഗര്‍ഭമായും വര്‍ണ്ണിച്ചിട്ടുണ്ട്.

”ബ്രഹ്മോ യേന കുലാലവന്നിയമിതോ ബ്രഹ്മാണ്ഡഭാണ്‌ഡോദരേ
വിഷ്ണുര്‍യേന ദശാവതാരഗഹനേ ക്ഷിപ്‌തോ മഹാസങ്കടേ
രുദ്രോ യേന കപാലപാണിപുടകേ ഭിക്ഷാടനം കാരിതഃ
സൂര്യോ ഭ്രാമ്യതി നിത്യമേവ ഗഗനേ തസ്‌മൈ നമഃ കര്‍മണേ.”

ബ്രഹ്മാവിനെ ആരാണോ ബ്രഹ്മാണ്ഡഭാണ്ഡമായ (പാത്രം, കെട്ട്) ഉദരത്തില്‍ ഒരു കുലാലനെപ്പോലെ സൃഷ്ടിപ്രക്രിയയ്ക്ക് നിയമിച്ചിരിക്കുന്നത്, മഹാവിഷ്ണുവിനെ ആരാണോ ദശാവതാരാദികളാകുന്ന ദുര്‍ദ്ധരസങ്കടങ്ങളിലേക്ക് ഇറക്കിവിട്ടത്, രുദ്രനെ ആരാണോ കരതലങ്ങളില്‍ കപാലം പടിപ്പിച്ച് ഭിക്ഷാടനം ചെയ്യിച്ചത്, സൂര്യനെ നിത്യം ആകാശത്തില്‍ ചുറ്റിക്കറക്കുന്നതാരാണോ അങ്ങനെയുള്ള കര്‍മമേ നിന്നെ ഞാന്‍ നമസ്‌ക്കരിക്കാം.’ കര്‍മനിര്‍വഹണത്തില്‍ ഈശ്വരീയപുരുഷന്മാര്‍ക്കുള്ള നിഷ്‌കര്‍ഷയും നിബന്ധനയും അനുസരണാപൂര്‍വ്വം സ്വീകരിച്ചേ തീരൂ എന്നാണ് മേല്‍പറഞ്ഞ ശ്ലോകത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ സൃഷ്ടിയും നിലനില്പും ലയവുമെല്ലാം കര്‍മാധിഷ്ഠിതമാണ്. സുഖദുഃഖങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ലഭിക്കുന്നത് നിത്യസുഖമാണോ താല്ക്കാലികസുഖമാണോ എന്നുള്ളത് ചെയ്തിട്ടുള്ള കര്‍മത്തിന്റെ സ്വഭാവത്തെ അനുസരിച്ചിരിക്കുന്നു.

കര്‍മംകൊണ്ട് മുക്തി നേടുന്നവരും കര്‍മത്താല്‍ ബുദ്ധരാകുന്നവരുമുണ്ട്. ദുഷ്ടകര്‍മത്തിന് ദുഷിച്ച ഫലവും സല്‍ക്കര്‍മ്മത്തിന് നല്ലഫലവുമുണ്ടാകുന്നു. ”നമുക്കുള്ളത് നമുക്ക് തന്നെ കിട്ടുെമടോ” എന്നുള്ള ലഘുവാക്യത്തില്‍ കര്‍മങ്ങളുടെ സമഗ്രമായ. ഫലത്തെ അനുഭവിക്കണമെന്ന തത്ത്വമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ”പ്രകൃതി കര്‍മസ്വരൂപമായത് കൊണ്ട് കര്‍മാധിഷ്ഠിതമായ ഈശ്വരസത്തയെ അഭയം പ്രാപിക്കലാണ് മക്കളെ കര്‍മത്തെ ജയിക്കാനുള്ള മാര്‍ഗം.” എന്ന് ജഗന്മാതാവുത്തന്നെ (കിളവി) പറഞ്ഞിട്ടുണ്ട്. ഈശ്വരാംശത്തെ സ്വായത്തമാക്കുമ്പോള്‍ ഈ കര്‍മങ്ങളുടെ ദുരിതഫലം കുറയുന്നതായി കര്‍ത്താവിനനുഭവപ്പെടും. ഇവിടെ കര്‍മങ്ങളുടെ ദുരിതഫലം അനുഭവിക്കണമെന്ന തത്ത്വത്തെ ലംഘിക്കണമെന്നില്ല. എന്നാല്‍  ഈശ്വരശക്തികൊണ്ട് കര്‍മഫലം ലഘൂകരിക്കുന്നതായി തോന്നുന്നു. പഞ്ചസാരകൂടിയ ചായയില്‍ അല്പംകൂടി വെറുംചായ ചേര്‍ത്ത് കുടിക്കുമ്പോള്‍ പഞ്ചസാര മുഴുവന്‍ അകത്തുചെന്നെങ്കിലും കൂടിപ്പോയി എന്ന അനുഭവമില്ല.

”അത് ഭാഗ്യമുള്ള അരിയാണെടോ”

അന്നദാനത്തിന് അരികഴുകുമ്പോള്‍ ഒരു അരി നഷ്ടപ്പെടുകയാണെങ്കില്‍ സ്വാമിജി പറയുന്ന വാക്കാണിത്. സൂക്ഷ്മതയിലേക്കിറങ്ങിച്ചെല്ലുവാന്‍ മനുഷ്യമനസ്സ് തയ്യാറാകണമെങ്കില്‍ ചെറുത് എന്നുള്ള സങ്കല്പത്തെ അവഗണിക്കരുത്. ആണവയുഗത്തില്‍ അണുവിന്റെ ശക്തിയെപ്പറ്റി പറയേണ്ടതില്ല. സൂക്ഷ്മതയിലുള്ള സ്‌ഫോടനങ്ങളുടെ പ്രതിചലനങ്ങള്‍ ശക്തങ്ങളാണ്. സൂക്ഷ്മമായ കാരണത്തെ അടിസ്ഥാനമാക്കാതെ സ്ഥൂലമായ കാര്യം നിലനില്‍ക്കുന്നില്ല. കാര്യകാരണബന്ധങ്ങളില്‍ സാധാരണമനസ്സ് സ്ഥൂലത്തിനെ അഥവാ വലുതിനെ മാത്രമേ പരിഗണിക്കുകയുള്ളൂ. സ്ഥൂലത്തില്‍ ബന്ധപ്പെടുന്നതിലൂടെ വളരുന്ന സംസ്‌കാരം ഭൗതികമാണ്. സൂക്ഷ്മത എപ്പോഴും ചിന്തയെ ഭൗതികതലത്തില്‍ നിന്ന് അധ്യാന്മതലത്തിലേക്ക് നയിക്കുന്നതിനാവശ്യമായ പരിശീലനം നല്കും. ഐന്‍സ്റ്റീന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ ഉപനിഷത്തുക്കളോട് അതീവബഹുമാനം കാണിച്ചിട്ടുള്ളത് സൂക്ഷ്മചിന്തയെ അടിസ്ഥാനമാക്കിയാണ്. പരിശീലനംകൊണ്ടുമാത്രമേ ഇതുനേടിയെടുക്കാനാകൂ. ഏതിനെ ഉപേക്ഷിക്കണം, എന്തിനുപേക്ഷിക്കണം, ഉപേക്ഷിക്കേണ്ടതെങ്ങിനെയെന്ന ചിന്തകള്‍കൂടാതെ ഒരു വസ്തുവിനെ ത്യജിക്കുന്നത് ത്യാഗമാവില്ല. നഷ്ടബോധം അതില്‍ അവശേഷിക്കും. നഷ്ടബോധമവശേഷിക്കുമ്പോള്‍ ത്യാഗത്തിന് സ്ഥാനം ലഭിക്കുകയില്ല. വര്‍ജിക്കേണ്ടതുമാത്രമേ ബോധപൂര്‍വം ഉപേക്ഷിക്കാനാവൂ. വര്‍ജിക്കാന്‍ പാടില്ലാത്തതിനെ ചെറുതെന്നു കരുതി ഉപേക്ഷിക്കുമ്പോള്‍ സൂക്ഷ്മചിന്തയ്ക്കുള്ള സ്വഭാവവും അര്‍ഹതയും ലഭിക്കുകയില്ല.

സാമൂഹികാവശ്യത്തിന് സ്ഥൂലമായവ സൃഷ്ടിക്കപ്പെടുന്നത് സൂക്ഷ്മതയുടെ സംഘാതം കൊണ്ടാണ്. ചെറുതുകൂട്ടിചേര്‍ത്താണല്ലോ വലുതുണ്ടാക്കുന്നത്. ഒരരി നഷ്ടപ്പെടുമ്പോള്‍ ”അത് ഭാഗ്യമുള്ള അരിയാണെടോ, അത് കളയണ്ട” എന്നു സ്വാമിജി പറയാറുണ്ട്. വളരെ ഗൗരവമുള്ള ഒരാശയമാണിത്. ‘ഭജസേവായാം’ എന്ന വ്യുത്പത്തിയനുസരിച്ച് ഭാഗ്യശബ്ദത്തിന് ഈശ്വരാനുകൂല്യം, ദൈവത്തില്‍നിന്ന് ലഭിക്കുന്ന നന്മ സത്കര്‍മഫലം, പൂര്‍വകര്‍മപുണ്യം എന്നിങ്ങനെ നാനാര്‍ത്ഥങ്ങളുണ്ട്. ഇവയിലൊന്നും തന്നെ ത്യജിക്കപ്പെടേണ്ടതല്ല. ലഭിച്ചാല്‍ സൂക്ഷിക്കേണ്ടതും അശ്രദ്ധകൊണ്ട് ഉപേക്ഷിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. ഈശ്വരീയമായ കാര്യങ്ങള്‍ ഉപേക്ഷിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. ഈശ്വരീയമായ കാര്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടാല്‍ കര്‍മവിപര്യയം സംഭവിക്കുന്നു.

ഫലം പാപകരവും അധാര്‍മികവുമനാണ്. ദുഃഖം അതോടൊത്ത് നിലനിക്കുന്നു. ”ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം” എന്ന ആപ്തവാക്യവുമുണ്ടല്ലോ. ”ഭാഗ്യമുള്ള അരിയാടോ, അത് കളയണ്ട” എന്ന വാക്കുകളില്‍ ഭാഗ്യവും കളയേണ്ടയെന്നതും ബന്ധപ്പെടുത്തുമ്പോള്‍ ഈശ്വരചിന്തയേയും ഈശ്വരനേയും ഉപേക്ഷിക്കരുതെന്നും പൂര്‍വപുണ്യം നഷ്ടപ്പെടുത്തരുതെന്നും, കളയുക എന്നുള്ള അശ്രദ്ധ സംഭവിക്കരുതെന്നും, നന്മ ഉപേക്ഷിക്കപ്പെടേണ്ടതല്ലെന്നും സൂക്ഷ്മചിന്തകൊണ്ടേ അതു ലഭിക്കൂ എന്നുമുള്ള ബഹുമുഖമായ ആശയങ്ങള്‍ വിളംബരം ചെയ്യുന്നു. ജ്ഞാനസാഗരത്തില്‍ നിന്നും തെറിച്ചുവീഴുന്ന ഒരു കണികപോലും ഉപേക്ഷിക്കപ്പെടേണ്ടതല്ലല്ലോ. സര്‍ട്ടിഫിക്കറ്റുകളിലൂടെ പ്രഖ്യാപിക്കാത്ത അറിവിന്റെ അന്തര്‍മുഖത്വവും ബഹുമുഖത്വവും സൂക്ഷ്മതയില്‍നിന്നും ശ്രദ്ധയില്‍നിന്നുമാണ് ഉടലെടുക്കുന്നത്. സ്വാമിജിയെപ്പോലുള്ള മഹാത്മാക്കള്‍ക്ക് മാത്രമേ ഇത്തരം ആശയങ്ങള്‍ ലോകത്തിന് നല്കുവാന്‍ കഴിയൂ. അര്‍ത്ഥമറിഞ്ഞില്ലെങ്കിലും ഗുരുവാക്യത്തെ അനുസരിക്കുന്നതു കൊണ്ട് ഫലം ലഭിക്കുമെന്നുള്ള സത്യം നാം ഓര്‍ക്കണം. ”കിങ്കണന്മാരായുള്ളോര്‍ക്കര്‍ത്ഥവുമുണ്ടായ് വരാ” എന്നു രാമായണവും ഇതേ ആശയത്തെ തന്നെ സാധൂകരിക്കുന്നു. (ബാലകാണ്ഡം).

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം