ഭവനരഹിതര്‍ക്ക് താങ്ങായി സര്‍ക്കാരിന്‍റെ ഗൃഹശ്രീ പദ്ധതി വരുന്നു

January 26, 2013 കേരളം

തിരുവനന്തപുരം: ഭവനരഹിതര്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീടുവച്ച് നല്‍കുന്ന ഗൃഹശ്രീ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. രണ്ടുസെന്റെങ്കിലും സ്വന്തമായുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന വീടാണ് നിര്‍മ്മിച്ചു നല്‍കുക. കുറഞ്ഞത് 700 ചതുരശ്ര അടിയെങ്കിലുമുള്ള വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടം രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും.

ഇതിനകം 4300 വീടുകള്‍ക്ക് പണം നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറായിട്ടുണ്ട്. ഒരു വീടിന് 1 ലക്ഷം രൂപയാണ് സന്നദ്ധസംഘടനകള്‍ നല്‍കേണ്ടത്. ഈ തുക സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നല്‍കണം. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതി നടപ്പാക്കുന്നത് ഭവനനിര്‍മ്മാണ ബോര്‍ഡാണ്.

എന്നാല്‍ വീടുകളുടെ നിര്‍മ്മാണത്തിന് നിര്‍മ്മിതി കേന്ദ്രം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളേയും ചുമതലപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉപഭോക്താക്കളെ കണ്ടത്തേണ്ടത്. പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് രണ്ട് സെന്റില്‍ കുറയാത്ത ഭൂമിയുള്ള ഗുണഭോക്താക്കളെ കണ്ടെത്തും. സംസ്ഥാനത്തൊട്ടാകെ പന്ത്രണ്ടര ലക്ഷത്തോളം വീടില്ലാത്ത കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം