ആണവ പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കും: മന്‍മോഹന്‍

November 8, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവ-പ്രതിരോധ രംഗങ്ങളിലുള്‍പ്പെടെ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചു. യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങള്‍ ഭീകരരുടെ കൈയിലെത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്‌. അതുകൊണ്ട്‌ ആണവ തീവ്രവാദം തടയുന്നതിന്‌ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും. ആണവായുധങ്ങള്‍ സമാധാന ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന്‌ ഉറപ്പു വരുത്തുമെന്നും മന്‍മോഹന്‍ പറഞ്ഞു. ലോകസമാനധാനത്തില്‍ ഇന്ത്യയ്‌ക്ക്‌ അമേരിക്കയ്‌ക്കും സുപ്രധാന പങ്കാണ്‌ വഹിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്‌. എന്നാല്‍ ഭീകരത തുടച്ചു നീക്കിയല്ലാതെ പാകിസ്ഥനുമായി സമഗ്ര ചര്‍ച്ച സാദ്ധ്യമാകുകയുള്ളുവെന്നും മന്‍മോഹന്‍ പറഞ്ഞു. പാകിസ്ഥാനുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന ഇന്ത്യയുടെ ശ്രമങ്ങളെ ഒബാമ പ്രശംസിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം