സ്വാമിജി കെട്ടിത്തന്ന രക്ഷ

January 28, 2013 സ്വാമിജിയെ അറിയുക

തങ്കയ്യന്‍
ചാക്കയിലുള്ള ഇഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പില്‍ ഞാന്‍ ജോലിചെയ്യുന്നകാലം. അന്നെനിക്ക് ഇരുപത്തഞ്ചു വയസ്സ് കമ്മ്യൂണിസത്തിന്റെ അതിപ്രസരം എന്നില്‍ കുടിയേറിയിരിക്കുന്ന കാലഘട്ടം. ആര് എന്തുപറഞ്ഞാലും എതിര്‍ക്കും. ഈശ്വരവിശ്വാസം ഒട്ടും ഇല്ല. വിശ്വാസികളെ കൈയില്‍ കിട്ടിയാല്‍ അവരെ കളിയാക്കും. മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞും കുത്സിതചോദ്യങ്ങള്‍ ചോദിച്ചും അവരെ മുട്ടുകുത്തിക്കാന്‍ ശ്രമിക്കും. ജയിച്ചില്ലെങ്കിലും ജയിച്ചതായി പറഞ്ഞ് ബഹളമുണ്ടാക്കും. അന്നത്തെ കമ്മ്യൂണിസ്റ്റുകാരുടെ അരികേക്കൂടി ഈശ്വരവിശ്വാസം പോയാല്‍പ്പോലും അതുപാര്‍ട്ടി വിരുദ്ധമാണ്. ഞങ്ങളുടെ ഇടയിലുള്ള ഒരു മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്‍ദ്ദനന്‍. ഒരു ദിവസം അയാളിലെ ഒരു കമ്മ്യൂണിസ്റ്റ് വിരോധം ഞാന്‍ കണ്ടെത്തി. ജനാര്‍ദ്ദനന്റെ കൈയില്‍ നൂല്‍ ജപിച്ചു കെട്ടിയിരിക്കുന്നു. ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനായ കൃഷ്ണന്‍കുട്ടിയുംകൂടി ജനാര്‍ദ്ദനനെ ആക്ഷേപിക്കാന്‍ തുടങ്ങി. ഒരു ന്യായം കേട്ടും നൂലുകെട്ടിയിരിക്കുന്നത് സാധൂകരിക്കാന്‍ ഞങ്ങള്‍ അയാളെ അനുവദിച്ചില്ല. അവസാനം ഒരു സഖാവിന് ഇത് യോജിച്ചതല്ലെന്ന് അയാളെക്കൊണ്ട് സമ്മതിപ്പിച്ചു. എന്നാല്‍ ഇനി അത് അഴിച്ചുകളയണം. ഞാന്‍ പറഞ്ഞു. അഴിച്ചുകളയുന്നതില്‍ വിരോധമില്ല. എന്നാല്‍ ഞാനതു ചെയ്യുകയില്ല. അതു തങ്കയ്യന്‍ ചെയ്‌തോ. അയാള്‍ പറഞ്ഞു. ഒരു യുദ്ധം ജയിച്ച ആഹ്ലാദത്തോടെ ഞാനാരക്ഷ അയാളുടെ കൈയില്‍ നിന്നും വലിച്ച് പൊട്ടിച്ച് ദൂരത്തെറിഞ്ഞു. എന്റെ ജീവിതത്തിലെ കരാളരാത്രികളുടെ തുടക്കം കുറിയ്ക്കലായിരുന്നു അതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

sw1അന്നു രാത്രി ഉറങ്ങാന്‍ കിടന്നു. കുറച്ചുറങ്ങി. അര്‍ദ്ധരാത്രിയായിക്കാണും. ഒരു കൊടുങ്കാറ്റിന്റെ ശബ്ദം എന്റെ ചെവിയില്‍ മാറ്റൊലിക്കൊള്ളുന്നു. കമ്മ്യൂണിസ്റ്റുകാരനല്ലേ ഇതിലൊന്നും പേടിച്ചുകൂടല്ലോ. പേടി അന്ധവിശ്വാസമല്ലേ. ഞാന്‍ ധൈര്യം അവലംബിച്ചുകിടന്നു. എന്റെ കാലിന്റെ പെരുവിരല്‍മുതല്‍ മരവിക്കാന്‍ തുടങ്ങി. ആ മരവിപ്പ് ദേഹമാസകലം വ്യാപിച്ചു. ഓര്‍മയുണ്ട്. അനങ്ങാന്‍വയ്യ. സംസാരിക്കാനും വയ്യ. പെട്ടെന്ന് ടെന്നിസ് പന്തിന്റെ വലുപ്പത്തിലുള്ള ഒരു മിന്നുന്ന ഗോളം ഞാന്‍ കണ്ടു. ആ ഗോളം ആദ്യം എന്റെ ശരീരത്തെ തഴുകി നെറ്റിയില്‍ വന്നു മുട്ടി. നല്ല കുളിര്‍മ അനുഭവപ്പെടുന്നു. തുടര്‍ന്ന് ആ ഗോളം എന്റെ കഴുത്തിലേക്ക്  നീങ്ങി കഴുത്ത് അമര്‍ത്താന്‍ തുടങ്ങുന്നു. എനിക്ക് കാലും കൈയും കുടഞ്ഞ് എണീക്കണം. പറ്റുന്നില്ല. കഴുത്തിലല്ലേ അമര്‍ത്തുന്നത്. ചത്തുപോകുകയില്ലേ. അമര്‍ത്തലിന്റെ ആക്കം കൂടുന്നു. വാവിട്ടുവിളിക്കാന്‍ കഴിവില്ലാതെ ഞാന്‍ അമറി വിളിക്കുന്നു. തിളങ്ങുന്ന ഗോളം അപ്രത്യക്ഷമായി. ശരീരത്തിലെ മരവിപ്പുമാറി. ഞാന്‍ ചാടി എണീറ്റു. പേടിക്കരുത്. നീ ഒരു സഖാവല്ലേ എന്റെ മനസ്സു മന്ത്രിച്ചു. ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ വീണ്ടും കിടന്ന് ഉറങ്ങി. അടുത്ത ദിവസവും രാത്രി ഇതേ അനുഭവം തന്നെ ഉണ്ടായി. ഈ ഭയപ്പെടുത്തല്‍ ദിവസവും സംഭവിച്ചുകൊണ്ടിരുന്നു. ഞാന്‍ ഗതികേടിലായി. കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് കിടന്ന് ഉറങ്ങാന്‍ കഴിയുന്നില്ല. ശരീരം മെലിഞ്ഞു. ആരോഗ്യം കുറഞ്ഞു. തങ്കയ്യന് എന്തുപറ്റിയെന്ന് ഓരോരുത്തരും ചോദിക്കാന്‍ തുടങ്ങി. പറ്റുന്നത് പുറത്ത്പറയാമോ. പുറത്തുപറഞ്ഞാല്‍ സഖാവും അന്ധവിശ്വാസിയായോ എന്ന് കൂടെയുള്ള സഖാക്കള്‍ ചോദിക്കയില്ലേ. അതിനാല്‍ പുറത്തുപറയാനും വയ്യ. സഹിച്ച് സഹിച്ച് എന്റെ സഹനശക്തി അതിന്റെ നെല്ലിപ്പലക കണ്ടു. നിവൃത്തിയില്ലാതെ ഞാന്‍ രക്ഷ പൊട്ടിച്ച് കളഞ്ഞ ആളിനോട് കാര്യം പറഞ്ഞു. ആ സഖാവ് പറഞ്ഞു. ഞാന്‍ രഹസ്യമായി ചേങ്കോട്ടുകോണം ആശ്രമത്തില്‍ പോകാറുണ്ട്. നിനക്കും വേണമെങ്കില്‍ അവിടെ വരാം. ഇതിനിടെ ഞാനൊരു ജ്യോത്സ്യനെക്കണ്ടു. അദ്ദേഹം പറഞ്ഞു. ആവുന്നതുംവേഗം യുക്തമായൊരു പരിഹാരം കണ്ടുകൊള്ളണം. അല്ലെങ്കില്‍ ഭ്രാന്തുവരാന്‍ ഇടയുണ്ട്.

കാര്യങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ ഞാന്‍ സുഹൃത്തുമൊത്ത് സ്വാമിജിയെക്കാണാന്‍ തീരുമാനിച്ചു. സ്വാമിജിയെക്കണ്ടു. തേജസ്വിയായ യോഗിവര്യന്‍. സ്വര്‍ണ്ണാഭമാര്‍ന്ന ആ ശരീരകാന്തി ദര്‍ശനമാത്രയില്‍ത്തന്നെ എനിക്ക് ആശ്വാസമേകാന്‍ പര്യാപ്തമായിരുന്നു.

ഞാന്‍ എന്റെ സങ്കടം പറഞ്ഞു. സ്വാമിജി എന്നെ ആപാദചൂഡം ഒന്നു നോക്കി. ഞാന്‍ ഞെട്ടിപ്പോയി. സ്വാമിജി ചിരിച്ചുകൊണ്ടുപറഞ്ഞു. ഒരു രക്ഷ കെട്ടിത്തരാം. അതുവലിച്ചുപൊട്ടിച്ചുകളയരുത്. എന്ത് രക്ഷ പൊട്ടിക്കുമോ? ഒരിക്കല്‍ രക്ഷ പൊട്ടിച്ചവനാണ് ഞാനെന്ന ബോധം എന്നില്‍ പൊന്തിവന്നു. ആളെ മനസ്സിലാക്കി സ്വാമി എന്നെ ശാസിക്കയാണോ? ഇനി പൊട്ടിക്കുകയില്ല എന്ന് മനസ്സില്‍ കരുതി ഞാന്‍ പറഞ്ഞു. ഇല്ല, ഇല്ല. സ്വാമിജി കെട്ടിത്തന്ന രക്ഷ എന്റെ തെറ്റിനുള്ള പ്രായശ്ചിത്തമായിരുന്നു. പിന്നെ ഒരിക്കലും ഞാന്‍ പേടിച്ചിട്ടില്ല. എനിക്ക് നിദ്രാഭംഗം വന്നിട്ടുമില്ല. മാറിമാറി സ്വാമിജി കെട്ടിത്തന്ന രക്ഷകളില്‍ ആറുമാസത്തിനുമുമ്പ് കെട്ടിത്തന്നത് ഇന്നും എന്റെ അരയിലുണ്ട്. ഞാന്‍ തികഞ്ഞ ഈശ്വരവിശ്വാസിയായി. രാമായണം വായിക്കാന്‍ പഠിച്ചു. കൊല്ലങ്ങളായി ഈ ആശ്രമത്തിലിരുന്ന് ഞാന്‍ രാമായണപാരായണം നടത്തി വരുന്നു.

രക്ഷ കെട്ടിയതോടെ ഭയപ്പാട് മാറിയെങ്കിലും ആപത്തുകള്‍ ഒന്നിനുപുറമേ മറ്റൊന്ന് മാറി മാറി വന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ബോഡി പൊളിച്ച് മുകള്‍ ഭാഗത്ത് പട്ട മാത്രമുള്ള ഒരു ബസ്സിന്റെ മുകളില്‍ കയറി ഇരുമ്പുപട്ടയുടെ അവസ്ഥ ഞാന്‍ പരിശോധിക്കുകയായിരുന്നു. താഴെ ചെയ്സ്സും അനേകം റ്റൂള്‍സും ജാക്കിയുമെല്ലാമുണ്ട്. ബസ്സിന്റെ മുകളിലെ ഒരു ഇരുമ്പുപട്ടയില്‍ കയ്യൂന്നി അടുത്ത ഇരുമ്പുപട്ട ഒന്നു പരിശോധിക്കാന്‍ ഞാനൊന്നാഞ്ഞു. അവിചാരിതമായി കൈവച്ച പട്ട ഒടിഞ്ഞു. ഞാന്‍ ബസ്സിന്റെ ചേസ്സിലേക്ക് മൂക്കുകുത്തി നിലം പൊത്തുന്ന നിലയില്‍ താഴെ വീണു. എന്നാല്‍ ഒരു തുരുമ്പുകൊണ്ടുപോലും തട്ടോ മുട്ടോ മുറിവോ ഒന്നും കൂടാതെ ഞാന്‍ ചെയ്സ്സില്‍ മലര്‍ന്നുകിടക്കുന്നു. ഒരു ദൈവികശക്തി മൂക്കിടിച്ചുവീഴാന്‍ തുടങ്ങുന്ന എന്നെ താങ്ങിയെടുത്ത് മലര്‍ത്തിക്കിടത്തിയതായി എനിക്കനുഭവപ്പെട്ടു. അന്നു കാര്യം ഞാന്‍ സ്വാമിജിയോട് പറഞ്ഞു. ചിരിച്ചുകൊണ്ട് സ്വാമിജി പറഞ്ഞു. എല്ലാക്കാലത്തും എന്റെ ശ്രദ്ധ പതിഞ്ഞെന്ന് വരികയില്ല. ഒന്നുകൂടി സ്വാമിജി പറഞ്ഞു. ഇനി വെളിയില്‍ താമസിക്കരുത്. അന്നുമുതല്‍ ഞാന്‍ സ്ഥിരമായി ആശ്രമത്തില്‍ താമസിച്ചുവരുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക