പിന്നോക്ക-പട്ടിക വിഭാഗങ്ങളെ അധിഷേപിച്ച ആശിഷ്‌നന്ദി മാപ്പുപറയണം

January 28, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ അഴിമതിയെ സംബന്ധിച്ച് സാഹിത്യകാരന്‍ ആശിഷ്‌നന്ദി നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. അഴിമതിക്കാരിലേറെയും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവരാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല ഇതിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. അശിഷ്‌നന്ദിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിയും രംഗത്തെത്ത്. എസ്.സി-എസ്.റ്റി രാജസ്ഥാന്‍ മഞ്ചാണ് നന്ദിക്കും സംഘാടകര്‍ക്കുമെതിരെ പരാതിനല്‍കിയത്.

editorial-futuredഅഴിമതി അര്‍ബുദംപോലെ സമൂഹത്തില്‍ പടരുകയാണ്. ഇതിനെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. ഒരുപരിധിവരെ ഉന്നതങ്ങളില്‍ നടക്കുന്ന സഹസ്രകോടികളുടെ അഴിമതിയോളം വരില്ല താഴെ തട്ടില്‍ നടക്കുന്നത്. എന്നാലും അഴിമതി അഴിമതിതന്നെയാണ്. നന്ദിയുടെ പ്രസ്താവന തികച്ചും ബാലിശമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ അടിത്തട്ടിലാണ്ടുപോയ പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനാണ് സംവരണാനുകൂല്യങ്ങളും മറ്റം ഏര്‍പ്പെടുത്തിയത്. അതിലൂടെയാണ് ഒരുപരിധിവരെ ഈ സമൂഹങ്ങള്‍ക്ക് കുറച്ചെങ്കിലും മുന്നേറാനായത്. പൊതുസമൂഹത്തില്‍ വ്യാപിക്കുന്ന അഴിമതിയുടെ പ്രതിഫലനം മൊത്തത്തില്‍ സമൂഹത്തിന്റെ എല്ലാതലങ്ങളിലും ഉണ്ടാകും. ആ നിലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും അഴിമതിക്കാരുണ്ടായേക്കാം. എന്നാല്‍ ആ വിഭാഗംമാത്രമാണ് അഴിമതി ചെയ്യുന്നവെന്നുപറയുന്നത് തികച്ചും ബാലിശമായ പ്രസ്താവനയാണ്.

നാക്കുപിഴച്ചുപോയെങ്കില്‍ അതു തിരുത്തി ഖേദം പ്രകടിപ്പിക്കുകയായിരുന്നു നന്ദി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് അദ്ദേഹം ഞായറാഴ്ച നടക്കേണ്ടിയിരിക്കുന്ന ഒരുപരിപാടിയില്‍ പങ്കെടുക്കാതെ ജയ്പൂരില്‍നിന്ന് മടങ്ങുകയായിരുന്നു. ഇതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കാം.

എഴുത്തുകാര്‍ വിശാലമനസ്‌ക്കരും ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിക്കുന്നവരുമെന്നാണ് വയ്പ്. എന്നാല്‍ സങ്കുചിതമായ മനസ്സിന്റെ ഉടമയെന്നു മാത്രമല്ല പിന്നോക്ക വിഭാഗങ്ങളോടുള്ള തന്റെ മനസ്സിലെ കയ്പ് പ്രകടിപ്പിച്ചതിലൂടെ അദ്ദേഹം ഒരു എഴുത്തുകാരനെന്ന പദവിക്കുപോലും അര്‍ഹനല്ലാതായിതീര്‍ന്നിരിക്കുകയാണ്. കേസ് എടുത്ത പോലീസ് പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ്. മാധ്യമങ്ങളില്‍ മുഴുവന്‍ നന്ദിയുടെ പരാമര്‍ശം വന്നുകഴിഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം ഉപയോഗിച്ച് കേസെടുത്ത് ആശിഷ് നന്ദിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹിന്ദുക്കളുടെ ഇടയില്‍തന്നെ വിഭാഗീയ ചിന്ത വളര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍