സ്ത്രീകള്‍ക്കായി സന്നദ്ധ സേനകള്‍ രൂപീകരിക്കും: മന്ത്രി അടൂര്‍ പ്രകാശ്

January 28, 2013 കേരളം

adoor-prakashപത്തനംതിട്ട: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകളെ ശാക്തീകരിച്ച് ജില്ലാതല സന്നദ്ധ സേനകള്‍ രൂപീകരിക്കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റര്‍ മാനേജ്മെന്റ് ദുരന്ത ലഘൂകരണം-സ്ത്രീപുരുഷ സമത്വ ശാക്തീകരണത്തിലൂടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളും കുട്ടികളുമാണ് ദുരന്തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രായോഗിക അറിവുമൂലം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പുരുഷന്മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും രക്ഷപെടുകയും ചെയ്യാറുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ സ്ത്രീകള്‍ തയാറാകണം. പെണ്‍കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ഉറപ്പാക്കണം. ദുരന്തനിവാരണത്തില്‍ സ്ത്രീ-പുരുഷ സമത്വം, സ്ത്രീപുരുഷ ശാക്തീകരണം എന്നിവ ഉറപ്പാക്കും. പഞ്ചായത്ത്തലത്തിലേക്ക് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുകയും നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെയും സ്കൂള്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ട് പോകുന്നവര്‍ക്കെതിരെയും നടപടി ഉറപ്പാക്കണം. ട്രാഫിക് പോലീസ് കാര്യക്ഷമമായാല്‍ ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കാന്‍ കഴിയും. പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റവന്യു വകുപ്പ് അസ്ക ലൈറ്റ് വിതരണം ചെയ്തിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഇത് ഫലപ്രദമാവുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്‍ഡ് ഡിസാസ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഡോ.കേശവ് മോഹന്‍, എഡിഎം എച്ച്.സലിംരാജ്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാരാജന്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, ഗ്രാമപഞ്ചായത്തംഗം അജി ഡാനിയേല്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്‍ഡ് ഡിസാസ്റര്‍ മാനേജ്മെന്റ് അംഗം ഡോ.കെ.ജി.താര, ഫൈസല്‍ റ്റി.ഇല്യാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ.കെ.ജി.താര, അരുണ്‍, എം.അമല്‍രാജ്, എസ്.പ്രതാപ് കുമാര്‍ തുടങ്ങിയവര്‍ ക്ളാസെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം