സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം: ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കും

January 28, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജനുവരി 30,31 തീയതികളിലാണ് ദീപശിഖാ പ്രയാണം ജില്ലയിലൂടെ കടന്നുപോകുന്നത്. ദീപശിഖാ പ്രയാണത്തിന് തിരുവല്ലയില്‍ ജില്ലാതല സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ളംകുളം, പുല്ലാട്, കോഴഞ്ചേരി, ഇലന്തൂര്‍, പത്തനംതിട്ട, ഓമല്ലൂര്‍, കൈപ്പട്ടൂര്‍, അടൂര്‍ എന്നിവിടങ്ങളിലും വിപുലമായ സ്വീകരണം നല്‍കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജ•വാര്‍ഷികാചരണത്തോടനുബന്ധിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനങ്ങള്‍, വിവേകാനന്ദ സാഹിത്യ പ്രചാരണം, ഭവന സന്ദര്‍ശനം, സ്കൂള്‍ സന്ദര്‍ശനം, കലാമത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കും. ജില്ലാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുള്‍ റഷീദ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. നെഹ്രു യുവകേന്ദ്ര, വിവേകാനന്ദ പ്രസ്ഥാനം, ഭാരതീയ വിചാരകേന്ദ്രം, യുവജനക്ഷേമ ബോര്‍ഡ്, ശ്രീരാമകൃഷ്ണമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എഡിഎം എച്ച്.സലിംരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി, കാതോലിക്കേറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം.എസ്.സുനില്‍, അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, സ്വാധ്യായ സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ബൈജുലാല്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളി കോവൂര്‍, നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജെ.കുളങ്ങര, യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍