എന്‍എസ്എസിനു മറുപടി പറയേണ്ടതു കോണ്‍ഗ്രസ് നേതൃത്വം: തിരുവഞ്ചൂര്‍

January 29, 2013 കേരളം

കണ്ണൂര്‍: എന്‍എസ്എസിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയേണ്ടതു കോണ്‍ഗ്രസ് നേതൃത്വമാണെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്‍എസ്എസിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തനിക്കറിയില്ല. കേരളത്തിലെ സര്‍ക്കാരിന്റെ നിലനില്‍പിനു ചില സമവാക്യങ്ങള്‍ ആവശ്യമാണ്. ഇതു തെറ്റുമ്പോള്‍ അത് സര്‍ക്കാരിനെ ബാധിക്കും. അതുകൊണ്ടുതന്നെ സമവാക്യങ്ങള്‍ തെറ്റാതെയും തകരാതെയും മുന്നോട്ടുപോകണം. അതേസമയം ഭരണത്തെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ മറ്റുള്ളവരും ശ്രമിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കണ്ണൂര്‍ ഗസ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആവര്‍ത്തിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് തിരുവഞ്ചൂര്‍ ഇങ്ങനെ പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതിനിടെ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്ന തിരുവഞ്ചൂരിന്റെ പ്രതികരണത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണു സുകുമാരന്‍ നായര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ജനാധിപത്യ ഏകീകരണത്തിന്റെ കാലഘട്ടത്തിലാണ് കേരളത്തില്‍ യുഡിഎഫിന് നല്ല രീതിയില്‍ മുന്നോട്ടുവരാനായിട്ടുള്ളത്. ഈ ജനാധിപത്യ ഏകീകരണത്തിന് സഹായിക്കുന്ന എല്ലാവര്‍ക്കും യുഡിഎഫ് നല്ല പരിഗണന നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. സുധാകരന്‍ എംപി പ്രതിയാണെന്ന ആരോപണമുയര്‍ന്ന നാല്‍പാടി വാസു വധക്കേസ് പുനരന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നു മറ്റൊരു ചോദ്യത്തിനു മറുപടിയായി തിരുവഞ്ചൂര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ പുനരന്വേഷണത്തിനു സാധ്യതയില്ലെന്നു വ്യക്തമായിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ജയകൃഷ്ണന്‍ മാസ്റര്‍ വധക്കേസിലും പ്രതികളായവര്‍ കേസ് നീട്ടികൊണ്ടുപോകാനാണു ശ്രമിക്കുന്നത്. കേസന്വേഷണങ്ങള്‍ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്നും അപാകതകളൊന്നുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം