സ്ത്രീ സംരക്ഷണത്തിന് പുതിയ നിയമം ഉടന്‍ : മന്ത്രി തിരുവഞ്ചൂര്‍

January 29, 2013 പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍ : സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി പുതിയ ബില്ല് തയ്യാറാക്കി വരുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൌണ്ടില്‍ ജനമൈത്രി സുരക്ഷാപദ്ധതി ജില്ലാതല സെമിനാറും പൊലീസുകാര്‍ക്കുള്ള സൌജന്യ വൈദ്യപരിശോധന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത നിയമസഭാ സമ്മേനത്തില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് തന്നെ മാതൃകയാവുന്നതായിരിക്കും പുതിയ ബില്ലെന്നും മന്ത്രി പറഞ്ഞു.  ജനസൌഹൃദ പൊലീസും പൊലീസിനോട് സൌഹൃദമുള്ള ജനങ്ങളും എന്ന ലക്ഷ്യത്തോടെയാണ് ജനമൈത്രി പൊലീസ് പദ്ധതി നടപ്പാക്കി വരുന്നത്. ഇത് ഏറെ വിജയകരമാണെന്നതാണ് അനുഭവം. അന്തര്‍ദ്ദേശീയ തലത്തില്‍ തന്നെ ഈ പദ്ധതി കേരള പൊലീസിന് അംഗീകാരം നേടി തന്നു. ക്രമസമാധാന രംഗത്ത് കേരളം ഇന്ത്യക്ക് തന്നെ വഴികാട്ടിയാണ്. കേരള പൊലീസിന്റെ വിശ്വാസ്യതയിലും കഴിവിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണ് പൊലീസും നടത്തുന്നത്. ക്രമസമാധാനപാലന രംഗത്ത് നമ്പര്‍ വണ്‍ സ്ഥാനത്താണ് കേരളം നില്‍ക്കുന്നത് ഇതിന്റെ ഫലമാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കഴിയണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നടപടികള്‍ വഴിവിട്ട് പോകരുത്. പ്രതികാരവും വാശിയും അതിനായുള്ള വെപ്രാളങ്ങളും ലോകമലയാളികള്‍ അംഗീകരിക്കുന്നില്ല. ഇതിന്റെ തെളിവായാണ് ബെസ്റ്മിനിസ്റര്‍ അവാര്‍ഡ് ലഭിച്ചതിനെ താന്‍ കാണുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മുമ്പൊന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തവരെ ഇത്തരം ബഹുമതികളുടെ അടുത്ത് പോലും പരിഗണിച്ചിരുന്നില്ല. ആ നിലക്ക് ഇപ്പോള്‍ ലഭിച്ച ബഹുമതി കേരള പൊലീസിന്റെ നിയമപരവും നിഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാര്‍ക്കുള്ള ഹെല്‍ത്ത്കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ക്ക് കാര്‍ഡ് കൈമാറി മന്ത്രി നിര്‍വഹിച്ചു. എപി. അബ്ദുള്ളക്കുട്ടി എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഡിജിപി ഡോ. ബി. സന്ധ്യ ജനമൈത്രി പൊലീസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കെഎം. ഷാജി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെഎ. സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ എംസി ശ്രീജ, ജില്ലാ കലക്ടര്‍ ഡോ. രത്തന്‍കേല്‍ക്കര്‍, അസി. കലക്ടര്‍ അമിത് മീണ, ഡിഎംഒ ഡോ.ആര്‍ രമേഷ്, പൊലീസ് സംഘടനാ ഭാരവാഹികളായ എംജി. ജോസഫ്, കെജെ. മാത്യു, ജനമൈത്രി നോഡല്‍ ഓഫീസര്‍ പിസി ബാബു, ടിപി ഭാസ്കരപൊതുവാള്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍