വനിതാജയിലില്‍ ജയില്‍ദിനം ആഘോഷിച്ചു

January 30, 2013 കേരളം

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാജയിലില്‍ നടന്ന ജയില്‍ദിനാഘോഷത്തിന്റെയും ശാസ്ത്രസാങ്കേതികവകുപ്പ് ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന തൊഴില്‍പരിശീലനങ്ങളുടെയും ഉദ്ഘാടനം ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിച്ചു.  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം കുറ്റവാളികളായി മാറുന്നവരെ മാനസികപരിവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാനുളള നൂതനമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.  ജയിലില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ പരിശീലനങ്ങള്‍ അന്തേവാസികള്‍ക്ക് പിന്നീട് സമൂഹത്തില്‍ ധൈര്യപൂര്‍വ്വം ജീവിക്കാന്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്. ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ പി.എസ്. നായര്‍, ശാസ്ത്രസാങ്കേതികവകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി. മുഹമ്മദ് കുഞ്ഞ്, പുജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി. പ്രദീപ്, ജയില്‍ സൂപ്രണ്ട് എ. നസീറ ബീവി, ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ കെ.എ. കുമാരന്‍, പ്രോഗ്രാം ഓഫീസര്‍ കെ. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം