ഗര്‍ഗ്ഗഭാഗവതസുധ – ഗോവര്‍ദ്ധനോത്പത്തി

January 30, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

15. ഗോവര്‍ദ്ധനോത്പത്തി

വ്രജമാഹാത്മ്യം കേട്ട് സന്തുഷ്ടനായ നന്ദഗോപര്‍ സന്നന്ദനോടു പറഞ്ഞുഃ ‘ അങ്ങയുടെ വ്രജവര്‍ണ്ണനം കേട്ടപ്പോള്‍, എനിക്ക്, ഗോവര്‍ദ്ധനകഥ കേള്‍ക്കാന്‍ താത്പര്യം വര്‍ധിച്ചിരിക്കുന്നു. ദയാവതി അതുകൂടി പറഞ്ഞുതന്നാലും. അങ്ങ് മഹാജ്ഞാനിയാണല്ലോ?’

Govardhana giri-sliderസന്നന്ദന്‍ കഥപറയാന്‍ തുടങ്ങിഃ   ഒരിക്കല്‍ ഹസ്തിനപൂരിയിലെ രാജസദസ്സില്‍വച്ച് പാണ്ഡുമഹാരാജാവ് ഭീഷ്മ പിതാമഹനോട് ഇതേ ആഗ്രഹം അറിയിച്ചു. ഭീഷ്മര്‍ പാണ്ഡുമഹാരാജാവിനോടു പറഞ്ഞകഥ ഞാന്‍ അങ്ങേക്കു പറഞ്ഞുതരാം. പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണന്‍, അവതാരസന്ദര്‍ഭത്തില്‍, താന്‍ രാധാസഹിതനായാണവതരിക്കുന്നതെന്നറിയിച്ചപ്പോള്‍ ശ്രീരാധ ഭഗവാന്നോട് പറഞ്ഞു.

‘യത്ര വൃന്ദാവനം നാസ്തി
ന യത്ര യമുനാ നദീ
യത്ര ഗോവര്‍ദ്ധനോ നാസ്തി
തത്ര മേ ന മനഃസുഖം’

(വൃന്ദാവനവും യമുനയും ഗോവര്‍ദ്ധനഗിരിയും ഇല്ലാത്തിടത്ത് എനിക്കു മനസ്സുഖമുണ്ടാകുന്നതല്ല) എന്ന്. അതുകേട്ട് ശ്രീഭഗവാന്‍ സന്തുഷ്ടനായി. രാധയുടെ ഇഷ്ടം സാധിച്ചു. ഭഗവദിച്ഛയാല്‍ ഗോവര്‍ദ്ധനഗിരിയും യമുനാനദിയും വൃന്ദാവനവും ഭൂമിയിലെത്തി.

ഭാരതദേശത്തിന്റെ പശ്ചിമഭാഗത്ത് ദ്രോണാചലത്തിന്റെ പുത്രനായിട്ടാണ് ഗോവര്‍ദ്ധനം പിറന്നത്. ഗിരിശ്രേഷ്ഠന്റെ ജനനസന്ദര്‍ഭത്തില്‍ ദേവകള്‍ പൂവര്‍ഷം നടത്തി. മഹാമേരു മുതലായ പര്‍വ്വതങ്ങള്‍ ദ്രോണാചല സമീപമെത്തി. ഗോവര്‍ദ്ധനത്തെ പ്രദക്ഷിണം ചെയ്തു. നമസ്‌കരിച്ചു! സ്തുതിച്ചു! എന്നിട്ട്, അവ സ്വസ്ഥാനങ്ങളിലേക്കുപോയി.

ഒരിക്കല്‍ പുലസ്ത്യമഹര്‍ഷി തീര്‍ത്ഥാടനത്തിറങ്ങി. യാത്രയ്ക്കിടയില്‍ അദ്ദേഹം ഗോവര്‍ദ്ധനത്തെക്കണ്ടു. ചിലങ്കചാര്‍ത്തിയൊഴുകുന്ന കാട്ടരുവികളാര്‍ന്നും നാനാതരം ഗുഹകളും മനോഹരശൃംഗങ്ങളും ചേര്‍ന്നും ശോഭിച്ചു. മുമുക്ഷുക്കള്‍ക്കു മുക്തിപ്രദവും പക്ഷിമൃഗാദിനിക്ഷേവിതവുമായ ആ ഗിരിപ്രവരന്‍ മഹര്‍ഷീശ്വരനില്‍ ആനന്ദം നിറച്ചു. പുലസ്ത്യര്‍ഷി ദ്രോണാചലത്തെ സമീപിച്ചു. അചലവരന്‍ ആതിഥ്യമര്യാദയനുസരിച്ച്, അര്‍ഘ്യപാദ്യാദികളാല്‍ മുനിയെ സത്കരിച്ചു. സന്തുഷ്ടനായ മഹര്‍ഷി ഗിരിശ്രേഷ്ഠനോടു പറഞ്ഞുഃ ‘ഹേ ദ്രോണാ! ദേവപൂജിതനായ അങ്ങ് ജനങ്ങള്‍ക്കു പ്രാണദാതാവാണ്. ഔഷധസമൃദ്ധിയാല്‍ പ്രത്യേകിച്ചും. ഇപ്പോള്‍ അങ്ങയുടെ മുമ്പില്‍ ഒരര്‍ത്ഥിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ ആഗ്രഹം പൂരിപ്പിച്ചാലും! കാശീദേശവാസിയായ എനിക്ക് അങ്ങയുടെ പുത്രനെ-ഗോവര്‍ദ്ധനത്തെ-ദാനം ചെയ്താലും!  കാശി മോക്ഷദയാണ്! വിശ്വപാവനിയായ ഗംഗയും അവിടെയുണ്ട്. പക്ഷേ, ഇതുപോലൊരു പര്‍വ്വതം കാശിയിലില്ല. വൃക്ഷലതാദിസംയുക്തമായ ഗോവര്‍ദ്ധനത്തിലിരുന്ന് തപസ്സു ചെയ്യണമെന്ന ആശ എനിക്കു കലശലായിരിക്കുന്നു’.

പുത്രസ്‌നേഹപരവശനായ ദ്രോണാദി ആകെ വിഷമിച്ചു. അചലാധിപന്‍ കണ്ണീരൊലിപ്പിച്ചു പറഞ്ഞു. ‘മഹര്‍ഷീശ്വരാ, ഞാന്‍ എന്റെ പുത്രനെ അത്യധികം സ്‌നേഹിക്കുന്നു. അവനെ പിരിയുവാന്‍ എനിക്കാവില്ല. എന്നാല്‍, അങ്ങയുടെ അര്‍ത്ഥന നിരസിക്കുവാനും വയ്യ! അവിടുന്ന് ശപിച്ചാലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ‘ അതിനുശേഷം ദുഃഖവുമൊട്ടു ശാന്തരാക്കി ആ അചലേന്ദ്രന്‍ പുത്രനോടു പറഞ്ഞുഃ ‘മകനേ, പുലസ്ത്യന്‍, നിന്നെ ഭാരതത്തിലേക്കുകൊണ്ടുപോകാന്‍ ആശിക്കുന്നു. അവിടം കര്‍മ്മഭൂമിയാണ്. ചതുരര്‍ത്ഥങ്ങള്‍ സാധിക്കാന്‍ കഴിയുന്ന പുണ്യഭൂരംഗമാണ് ഭാരതം! ‘

ഗോവര്‍ദ്ധനത്തിനും ബന്ധുവിരഹം വിഷമമുളവാക്കി. എങ്കിലും, മുനിയോടിങ്ങനെ പറഞ്ഞുഃ ‘മഹാമുനേ, എട്ടു യോജന നീളവും അഞ്ചുയോജന വീതിയും രണ്ടു യോജന ഉയരവുമുള്ള എന്നെ, അങ്ങ് എങ്ങനെയാണ് കൊണ്ടുപോകുന്നത്?’ ‘നിന്നെ ഞാന്‍ എന്റെ കൈയില്‍ വഹിച്ചുകൊണ്ടുപോകും’. പുലസ്ത്യന്‍ മറുപടി പറഞ്ഞു. ‘ശരി, അങ്ങനെയാകട്ടെ, പക്ഷേ, ഒരു കരാറുണ്ട്. എന്നെ ഭൂമിയില്‍ വച്ചാല്‍ ഞാന്‍, അവിടെ നിന്ന് ഇളകുന്നതല്ല! അതു സമ്മതിച്ചാല്‍മാത്രം ഞാന്‍ അങ്ങയോടൊപ്പം പോരാം.’ ഗോവര്‍ദ്ധനത്തിന്റെ ആവശ്യം പുലസ്ത്യന്‍ അംഗീകരിച്ചു. അദ്രിയെ താഴത്തുവയ്ക്കുകയില്ലെന്ന് മഹര്‍ഷിയും വാക്കുകൊടുത്തു.

ഗോവര്‍ദ്ധനം ദ്രോണാചലത്തെ നമസ്‌കരിച്ചു. ദുഃഖിതനായ ഗിരിസുതന്‍ പുലസ്ത്യന്റെ കരതലത്തില്‍ കയറിയിരുന്നു. ഗോവര്‍ദ്ധനത്തെ വഹിച്ചും സ്വതേജസ്സ് ജ്വലിപ്പിച്ചും മഹര്‍ഷി സഞ്ചരിച്ചു. നടന്നു നടന്ന് വ്രജമണ്ഡലത്തിലെത്തി. അപ്പോള്‍ ഗിരീന്ദ്രന് ഉള്ളുണര്‍ന്നു. അസംഖ്യബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണനെ ഓര്‍ത്തു. ശ്രീനാഥന്‍ ഗോപാലബാലനായവതരിച്ച് ലീലകളാടാന്‍ പോകുന്ന സ്ഥലമാണ് വ്രജമെന്ന് അനുസ്മരിച്ചു. തന്റെ വാസസ്ഥാനം അതാണെന്ന് തിരിച്ചറിഞ്ഞു. രാധാകൃഷ്ണനായ ശ്രീകൃഷ്ണനെ വന്ദിച്ച് നിര്‍വൃതിനേടുകതന്നെ വേണമെന്ന് ഗോവര്‍ദ്ധനം തീര്‍ച്ചയാക്കി. ഈ വിധം ചിന്തിച്ച ഗിരിശ്രേഷ്ഠന്‍ സ്വയം ഭാരം വര്‍ദ്ധിപ്പിച്ചു. മഹര്‍ഷീശ്വരനാകട്ടെ ഭാരം സഹിക്കാനാകാതെ തളര്‍ന്നുപോയി. മുന്‍നിശ്ചയവും ശപഥവുമൊക്കെ അദ്ദേഹം മറന്നുപോയി.

മുനീന്ദ്രന്‍ പര്‍വ്വതത്തെ കൈയില്‍ നിന്നിറക്കിവച്ചു വിശ്രമിച്ചു. സ്‌നാനാദികള്‍ കഴിഞ്ഞെത്തിയ മുനി ഗോവര്‍ദ്ധനത്തോട് തന്റെ കരതലത്തില്‍ പ്രവേശിക്കുവാന്‍ നിര്‍ദ്ദേശിച്ചു. ഗോവര്‍ദ്ധനം കൂട്ടാക്കിയില്ല. തന്റെ തപോബലവും തേജസ്സും പ്രയോഗിച്ച് മഹര്‍ഷി അതിനെ ഇളക്കിയെടുക്കുവാന്‍ ശ്രമിച്ചു. ഫലിച്ചില്ല. ക്ഷതമാനസനായി നിന്ന മഹര്‍ഷിയോട് ദ്രോണപുത്രന്‍ പറഞ്ഞു. ‘മഹര്‍ഷേ, അങ്ങ് വാക്കുപാലിച്ചില്ല. പുറപ്പെടുംമുമ്പ് ചെയ്ത ശപഥം ഓര്‍ക്കുക. എന്നെ തറയില്‍ വച്ചാല്‍ അവിടെ നിന്നിളകുകയില്ല എന്ന സത്യം മറന്നുവോ?’

‘മുനിവരാ! എനിക്ക് ഒരു കുറ്റവുമില്ല. അങ്ങെന്നെ ഇവിടെ സ്ഥാപിച്ചു. എന്റെ ശപഥമനുസരിച്ച് എനിക്കിനി ഇവിടെ നിന്നിളകുവാന്‍ സാദ്ധ്യമല്ലെന്നറിഞ്ഞാലും’.

പുലസ്ത്യമഹര്‍ഷി കോപകലുഷിതനായി. അദ്ദേഹം ദന്തം ഞെരിച്ച് ശരീരം വിറപ്പിച്ചുകൊണ്ട് ഗോവര്‍ദ്ധനത്തെ ശപിച്ചുഃ ‘നീ ഇന്നു മുതല്‍ ദിവസേന എള്ളിന്‍മണിയോളം ചുരുങ്ങിപ്പോകട്ടെ’ എന്ന്. മഹര്‍ഷിസത്തമന്‍ വേഗം കാശിയിലേക്കു പോയി. ഗോവര്‍ദ്ധനം മുനിശാപവും പേറി ദിനംതോറും എണ്മണിയോളം ചുരുങ്ങിച്ചുരുങ്ങി കാലം കഴിച്ചു. ശ്രീകൃഷ്ണദര്‍ശനാലോലചിത്തനായി ശ്രീഹരിയുടെ വരവും കാത്ത് കഴിഞ്ഞു. സന്നന്ദന്‍ ഗോവര്‍ദ്ധനാവതാരകഥ പറഞ്ഞ് നന്ദഗോപരെ ആനന്ദിപ്പിച്ചു. ഈ ദിവ്യഗിരിയുടെ കഥ പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും സര്‍വപാപവും നശിക്കുമെന്നും പറഞ്ഞു.

ഒരു പര്‍വ്വതോത്പത്തികഥ എന്നു കരുതി ഇതിനെ നിസ്സാരമായി കാണാന്‍ പാടില്ല. തുടര്‍ന്നുള്ള കഥാഭാഗങ്ങളില്‍ ഗോവര്‍ദ്ധനം നിറഞ്ഞ സാന്നിദ്ധ്യമാണ്. ഭാഗവതത്തില്‍ പ്രധാനമായ സ്ഥാനം ആ പര്‍വതേന്ദ്രനുണ്ട്.

ഭാഗവതത്തില്‍ രൂഢമായ തത്ത്വം ഭക്തിയാണല്ലോ? രാധാകൃഷ്ണന്മാരുടെ ലീലാവിനോദങ്ങള്‍ക്ക് രംഗഭൂമിയെന്ന സ്ഥാനം ഗോവര്‍ദ്ധനത്തിനുണ്ട്. മറ്റൊന്ന് ഗോപന്മാരുടെ ഗോക്കള്‍ക്കെല്ലാം സമൃദ്ധമായ പട്ടിളംപുല്ല് നിറഞ്ഞ ഗിരിതടം എന്ന പ്രാധാന്യം! കൂടാതെ, ധ്വനിസമാനമായ സൂക്ഷ്മതത്ത്വം ഇക്കഥയിലുമുണ്ട്. ഒരു മുനിവര്യന്‍ പര്‍വ്വതത്തെ കാണുക. അതിനാലാകൃഷ്ടനായി അതിനെ കരതലത്തിലേന്തുക! വാച്യമായി അസംഭവ്യങ്ങളെന്നു തോന്നിക്കുന്ന കാര്യങ്ങള്‍!

ചാരത്തില്‍ മൂടിയ കനല്‍പോലെ പുരാണകഥകളിലെല്ലാം പല തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകും. അവയെ തിരിച്ചറിയാന്‍ ഒരു മൂന്നാം കണ്ണ് നമുക്കുവേണമെന്നുമാത്രം! പുലസ്ത്യമഹര്‍ഷി എന്തുകൊണ്ടാണ് ഗോവര്‍ദ്ധനത്താലാകൃഷ്ടനായത്? അതിലെ കുഞ്ജങ്ങള്‍, നീരൊലിപ്പുകള്‍, ഗുഹാതടങ്ങള്‍ എന്നിവ കണ്ടിട്ട്! ഇവയെല്ലാം സാധാരണ പര്‍വ്വതസാനുക്കളില്‍ സ്വാഭാവികമാണുതാനും. ഋഷിമാര്‍ ദര്‍ശനസമര്‍ത്ഥരാണ്. ആന്തരസത്യം കാണാന്‍ അവര്‍ക്ക് കണ്ണുകളുണ്ട്. ഈ പര്‍വ്വതം വിവേകബുദ്ധിയുടെ പ്രതീകമാണ്. വിശിഷ്ടമായ ജ്ഞാനത്താലുളവാകുന്ന ശാന്തമനസ്സാണ് നീര്‍ച്ചാലുകള്‍! നിറന്നുവിലസുന്ന ആനന്ദമാണ് സുഗന്ധിതസൂനങ്ങള്‍! ഗുഹാതടങ്ങളാകട്ടെ പ്രശാന്തതയിലെ തപോരംഗങ്ങള്‍! ഇവകൊണ്ടു സമൃദ്ധമായ ഗിരിപ്രദേശം ഋഷിയെ ആകര്‍ഷിക്കാതിരിക്കുന്നതെങ്ങനെ?

ദ്രോണാചലത്തോട് അനുജ്ഞ വങ്ങിയ പുലസ്ത്യന്‍ ഗോവര്‍ദ്ധനത്തെ കരതലത്തിലേറ്റി പോകാന്‍ തീരുമാനിച്ചു. മറ്റൊരു മഹര്‍ഷി-അഗസ്ത്യന്‍-മഹാസമുദ്രങ്ങളെ ഉള്ളം കൈയിലെടുത്ത് ആചമിച്ച കഥ നാം കേട്ടിട്ടുണ്ട്. സാഗരതുല്യം വിശാലവും ഗഹനവുമായ ജ്ഞാനം നിഷ്പ്രയാസം സ്വായത്തമാക്കിയെന്നു സാരം! അതറിഞ്ഞാല്‍ ഗോവര്‍ദ്ധനത്തെ കൈയിലേന്തിയ പുലസ്ത്യകൃത്യം വ്യക്തമാകും! ദേശാന്തരം ചുറ്റിയും വേണ്ടപോലെ തപം ചെയ്തും തീര്‍ത്ഥാടനങ്ങളാല്‍ പുണ്യം പെരുക്കിയും എത്തിയ പുലസ്ത്യന്‍ – ദര്‍ശനനിഷ്ഠനായ മുനി-ഗോവര്‍ദ്ധനം കൈയിലേന്താനുള്ള സാമര്‍ത്ഥ്യം നേടിക്കഴിഞ്ഞിരുന്നു.

ഗോവര്‍ദ്ധനം എന്ന സംജ്ഞയും ശ്രദ്ധിക്കേണ്ടതാണ്. ‘ഗോ’ ശബ്ദത്തിന് ഇന്ദ്രിയം എന്ന അര്‍ത്ഥം പ്രസിദ്ധമാണ്. ഗോക്കളെ, ഇന്ദ്രിയങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ഗോവര്‍ദ്ധനത്തിന്റെ ധര്‍മ്മം! വര്‍ദ്ധനമെന്നാല്‍ വൃദ്ധിയെന്നു സാരം! വൃദ്ധി വെറും വളര്‍ച്ചയല്ല. അത് നന്മയിലേക്കുള്ള ഗതിയാണ്. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നകറ്റി ഉചിതലക്ഷ്യത്തിലേക്കു നയിക്കുന്നത് വിവേകമാണ്. വിശിഷ്ടജ്ഞാനലബ്ദ്ധിയോടെ, ലത തേന്മാവിലേക്കെന്നപോലെ, പഞ്ചേന്ദ്രിയങ്ങള്‍ സദ്ഭാവങ്ങളിലേക്കു തിരിയുന്നു. അപ്പോഴാണ് വൃദ്ധി സാര്‍ത്ഥമാകുന്നത്. സജ്ജനങ്ങളെ സന്മാര്‍ഗങ്ങളിലണയ്ക്കുന്ന ഉദാത്തജ്ഞാനത്തിന്റെ മകുടപ്രതീകമാണ് ഗോവര്‍ദ്ധനം!

ഈ ജ്ഞാനം അര്‍ത്ഥികള്‍ക്കു നല്‍കാന്‍ മടിക്കാത്ത ഗുരുവര്യന്റെ സ്ഥാനമാണ് ദ്രോണദ്രിക്കുള്ളത്. ഗുരുവിനാല്‍ നിര്‍ദ്ദിഷ്ടമായ മര്യാദപാലിച്ച് ‘ഗോവര്‍ദ്ധന’ ത്തേയും പേറി പുലസ്ത്യന്‍ നടകൊണ്ടു. ഈ കഥയുടെ പൂര്‍ണ്ണഫലം അറിഞ്ഞുകൊള്ളട്ടേയെന്ന് ഗര്‍ഗ്ഗാചാര്യന്‍ കഥാസൗധത്തിന്റെ ഒരു കവാടം മലര്‍ക്കെ തുറന്നിരിക്കുന്നു! ഒരു ശ്ലോകമാണ് ആ കവാടം!

‘മുനിസ്തം ദക്ഷിണകരേ
ധൃത്വാ ഗച്ഛന്‍ ശനൈഃ ശനൈഃ
സ്വതേജാ ദര്‍ശയന്‍ നൃണാം
പ്രാപ്‌തോfഭൂത് വ്രജമണ്ഡലേ’

(മഹര്‍ഷി ഗോവര്‍ദ്ധനത്തെ വലതുകൈയില്‍ വഹിച്ചുകൊണ്ടും സ്വതേജസ്സു പ്രദര്‍ശിപ്പിച്ചുകൊണ്ടും വ്രജമണ്ഡലത്തിലെത്തി.) തേജസ്സ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മുനി നടന്നത്. നിരന്തരയത്‌നത്തിനൊടുവില്‍ വിവേകജ്ഞാനമുണ്ടായി എന്നു സാരം. ജ്ഞാനിയല്ലാത്തൊരാള്‍ക്ക് ഗോവര്‍ദ്ധനം-വിവേകം വഹിക്കാന്‍ ശക്തിയുണ്ടാവില്ല! സ്വതേ ജ്ഞാനതേജസ്സുള്ള പുലസ്ത്യനേ അതിന് കഴിയൂ. സര്‍വ്വജ്ഞനായ ശിവനും പാവനിയായ ഗംഗയുമുള്ളിടത്ത് വിവേകത്തിന്റെ (വസ്തുജ്ഞാനത്തിന്റെ) സാന്നിദ്ധ്യം അനിവാര്യമാണ്. മനഃശുദ്ധിയും ജ്ഞാനവും വിവേകവും സംഗമിക്കുന്നിടം സാക്ഷാല്‍ കാശീനഗരം തന്നെ. സര്‍വ്വജ്ഞനായ വിശ്വനാഥന്റെ സന്നിധി!

പരജ്ഞാനികളും ചില സന്ദര്‍ഭങ്ങളില്‍ ഭ്രമിച്ചുപോകും. അങ്ങനെ ആര്‍ജ്ജിച്ച പുണ്യം നഷ്ടപ്പെടുകയും ചെയ്യും. മഹര്‍ഷീശ്വരനായ പുലസ്ത്യനും അതുതന്നെയുണ്ടായി. ഗോവര്‍ദ്ധനഭാരം താങ്ങാനാകാതെ വന്നതും സ്‌നാനാദ്യങ്ങള്‍ക്കായി പര്‍വ്വതത്തെ കരതലത്തില്‍ നിന്നിറക്കിവച്ചതും തന്റെ തന്നെ വാക്ക് ലംഘിച്ചതും ഈ അര്‍ത്ഥത്തില്‍ നിരീക്ഷിക്കേണ്ടതാണ്. മഹര്‍ഷിക്ക്, കരഗതമായ വിവേകം കൈവിടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നു സാരം!

‘നല്ലതു നല്ലതിനോടേ ചേരണം’ എന്ന തത്ത്വവും വ്രജത്തില്‍ സ്ഥാവരമായി മാറിയ ഗോവര്‍ദ്ധനം വിശദമാക്കുന്നു. ഗോലോകനാഥനായ ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങള്‍ നടക്കാനിരിക്കുന്ന സ്ഥലമാണ് തന്റെ വാസസ്ഥാനമെന്ന് ഗോവര്‍ദ്ധനം കരുതി. രാധാകൃഷ്ണമേളനസ്ഥലം ഭക്തിയുടെ കേളീരംഗമാണ്. അവിടെ യുക്തിഭദ്രമായ ഭക്തി വിവേകിയാര്‍ന്ന സമാശ്രയവും ചേര്‍ന്നാല്‍ അത്യന്തം യോഗ്യംതന്നെയാകും. ഇപ്രകാരം, സ്ഥൂലത നീക്കി സൂക്ഷ്മമാലോചിക്കുമ്പോള്‍ മിക്ക പുരാണകഥകളിലും കാണാം ഒരു ആന്തരാശയസൗദാമിനീവിഭ്രമം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,

വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013, മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം