കാരുണ്യ ബെനവലന്റ് ഫണ്ടില്‍നിന്നു രോഗികള്‍ക്ക് 79 കോടി രൂപ സഹായം

January 30, 2013 കേരളം

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ടില്‍നിന്നും 33,675 രോഗികള്‍ക്ക് 79 കോടി ചികിത്സാസഹായം നല്‍കിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഫണ്ടിന്റെ സംസ്ഥാനതല സമിതിക്കു ശേഷം മന്ത്രി അറിയിച്ചതാണ് ഇക്കാര്യം. 1954 അപേക്ഷകളില്‍ 20.94 കോടി സഹായം അനുവദിക്കാന്‍ സമിതി തീരുമാനിച്ചു. 683 ഹീമോഫീലിയ രോഗികള്‍ക്കു രണ്ടു ലക്ഷം വീതം 13.66 കോടി സഹായം നല്‍കിയതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും.

ഗുരുതര ശ്വാസകോശ രോഗങ്ങള്‍, നട്ടെല്ലിനുള്ള ശസ്ത്രക്രിയ, ഗുരുതരമായ കരള്‍ രോഗങ്ങള്‍ തുടങ്ങിയവയ്ക്കു കൂടി കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുമുള്ള സഹായം നല്‍കും. കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, തലച്ചോര്‍, ഹീമോഫീലിയ, സാന്ത്വന ചികിത്സ തുടങ്ങിയവക്കാണ് ഇപ്പോള്‍ സഹായം നല്‍കിവരുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ശസ്ത്രക്രിയ നടന്ന് 24 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കൂടി കാരുണ്യാ സഹായത്തിനായി പരിഗണിക്കും.

ശസ്ത്രക്രിയക്കു മുമ്പ് സഹായത്തിന് അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുക. ശസ്ത്രക്രിയ അനിവാര്യമായിരുന്നു എന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുക. കാരുണ്യ ചികിത്സാ സഹായത്തിലൂടെ ശസ്ത്രക്രിയ നടത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സക്കുള്ള മരുന്നു കാരുണ്യയില്‍ നിന്നും നല്‍കാനും തീരുമാനിച്ചു. ശസ്ത്രക്രിയയുടെ ചെലവ് ഉള്‍പ്പെടെ രണ്ടു ലക്ഷമാണ് പരിധി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം